09:28pm 17 April 2026
NEWS
ഗർഭാശയ കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അറിവ് എല്ലാവരിലേക്കുമെത്തണം- അസി. കലക്ടർ പാർവതി ഗോപകുമാർ

വി.പി.എസ് ലേക്‌ഷോറിൽ വാക്സിനേഷൻ, കോൾപോസ്കോപ്പി ക്ലിനിക്കും സൗജന്യ വാക്സിനേഷൻ ഡ്രൈവും തുടങ്ങി

17/04/2026  02:59 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗർഭാശയ കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അറിവ് എല്ലാവരിലേക്കുമെത്തണം- അസി. കലക്ടർ പാർവതി ഗോപകുമാർ.
HIGHLIGHTS

വി.പി.എസ് ലേക്‌ഷോറിൽ ആരംഭിച്ച കോൾപോസ്കോപ്പി ക്ലിനിക്, സൗജന്യ വാക്സിനേഷൻ ഡ്രൈവ് എന്നിവയുടെ ഉദ്ഘാടനം എറണാകുളം അസി. കലക്ടർ പാർവതി ഗോപകുമാർ നിർവഹിക്കുന്നു.  ഡോ. പി. സനം, എസ്.കെ. അബ്ദുള്ള, ഡോ. കെ. ചിത്രതാര, ഡോ. സുർത റാം വിഷ്ണോയ്, ഡോ.എസ്. അനുപമ എന്നിവർ സമീപം.

 

കൊച്ചി: ഗർഭാശയ കാൻസർ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കുമെത്തേണ്ടത് അനിവാര്യമാണെന്ന് എറണാകുളം അസി. കലക്ടർ പാർവതി ഗോപകുമാർ. ഗർഭാശയ കാൻസർ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കുകയെന്ന ല‍ക്ഷ്യത്തോടെ വി.പി.എസ് ലേക്‌ഷോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക്കോളജിക് ഓങ്കോളജി ആൻഡ് ബ്രെസ്റ്റ് സയൻസസിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച വാക്സിനേഷൻ, കോൾപോസ്കോപ്പി ക്ലിനിക്, സൗജന്യ വാക്സിനേഷൻ ഡ്രൈവ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അസി. കലക്ടർ. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇത്തരമൊരു പദ്ധതിക്ക് മുൻകൈയെടുത്ത വി.പി.എസ് ലേക്‌ഷോറിനെ അഭിനന്ദിക്കുന്നുവെന്ന് പാർവതി ഗോപകുമാർ പറഞ്ഞു. കാൻസർ എല്ലാവരുടെയും പേടിസ്വപ്നമായി മാറിയിരിക്കുന്ന രോഗമാണ്. അത് ഒഴിവാക്കാനും രോഗം മുൻകൂട്ടി തിരിച്ചറിഞ്ഞ് ആരോഗ്യം സുരക്ഷിതമാക്കാനുമുള്ള പദ്ധതി ശ്രദ്ധേയമാണ്. വിപിഎസ് ലേക്‌ഷോറിലെ ഡോക്ടർമാരുടെ സഹകരണത്തോടെ സാധാരണക്കാർക്ക് വേണ്ടി നടത്തുന്ന സൗജന്യ വാക്സിനേഷൻ ഡ്രൈവ് മാതൃകയാണെന്ന് അസി. കലക്ടർ പറഞ്ഞു. 

വി.പി.എസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. രോഗികൾക്ക് സഹായകമാകുന്ന നൂതന പദ്ധതികളും ക്ലിനിക്കുകളും ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ ഏറ്റവും മുൻപിലാണ് വി.പി.എസ് ലേക്‌ഷോറെന്ന് അദ്ദേഹം വ്യക്തമാക്കി. അസുഖങ്ങൾ വരാതിരിക്കാൻ എല്ലാവരും മുൻകരുതലെടുക്കുന്നതിന് വേണ്ടി ഇത്തരം ക്ലിനിക്കുകൾ ഉപയോഗപ്പെടുത്തുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക്കോളജിക് ഓങ്കോളജി ആൻഡ് ബ്രെസ്റ്റ് സയൻസസ് മേധാവി ഡോ. കെ. ചിത്രതാര മുഖ്യപ്രഭാഷണം നടത്തി. ലോകാരോഗ്യ സംഘടനയോട് ചേർന്നുനിന്ന് നമ്മുടെ രാജ്യത്ത് നിന്നും ഗർഭാശയ കാൻസർ പൂർണമായും തുടച്ചുനീക്കുകയെന്ന വിപുലമായ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ക്ലിനിക്കിലൂടെ ഉദ്ദേശിക്കുന്നതെന്ന് അവർ വ്യക്തമാക്കി. സർജിക്കൽ ആൻഡ് ഗൈനകോളജിക് ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്‍റ് ഡോ. പി. സനം ക്ലിനിക്കിന്‍റെ പ്രവർത്തനം വിശദീകരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് സംസാരിച്ചു. സർജിക്കൽ ആൻഡ് ഗൈനകോളജിക് ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്‍റുമാരായ ഡോ.എസ്. അനുപമ സ്വാഗതവും ഡോ. റെമി അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img