
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു.
കൊച്ചി: "ജ്ഞാനം, മൂല്യം, മനോഭാവം , നൈപുണ്യം എന്ന പ്രധാനപ്പെട്ട നാല് കഴിവുകളാണ് ഒരു വിദ്യാർത്ഥി വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുമ്പോൾ ആർജിച്ചിരിക്കേണ്ടത്', എന്ന് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പറഞ്ഞു. കേരള സംസഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലർ വിവിധ സർവകലാശാലകളുടെ ഭരണവിഭാഗം ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഏക ദിന ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അധ്യാപക സമൂഹം മാത്രമല്ല സർവകലാശാല സമൂഹം ഒന്നാകെ വിദ്യാർത്ഥികൾക്ക് ഈ നാല് കഴിവുകളും ആർജിക്കാൻ സാധിക്കുന്ന തരത്തിൽ പരുവപ്പെടുത്തി സമൂഹത്തിലേക്ക് നൽകാൻ കഴിഞ്ഞാൽ മാത്രമേ വിദ്യാഭ്യാസം കൊണ്ടുള്ള ഉദ്ദേശം സാക്ഷാത്കരിക്കാൻ പറ്റുകയുള്ളു", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് വർഷ ബിരുദ പ്രോഗ്രാം (FYUGP) നടപ്പാക്കൽ, ദേശീയ ക്രെഡിറ്റ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കുകൾ, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, ഒബിഇ മൂല്യനിർണയത്തിലെ പുതിയ പ്രവണതകൾ എന്നിവ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ ഘടനാത്മകവും നിയമപരമായും വരുന്ന മാറ്റങ്ങളാണ് ശില്പശാലയിലൂടെ ചർച്ച ചെയ്തത്.
പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് അധ്യക്ഷത വഹിച്ചു. കുസാറ്റ് സിൻഡിക്കറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ. അരുൺ എ യു, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ മനോജ്, അക്കാദമിക് ജോയിന്റ് രജിസ്ട്രാർ ഹരിലാൽ എന്നിവർ സംസാരിച്ചു.
Photo Courtesy - Google







