02:27pm 05 May 2026
NEWS
പ്രോട്ടോക്കോൾ അനുസരിച്ച് ഡിജിപിക്കും മുകളിൽ; പ്രതിമാസം ലഭിക്കുന്നത് മുക്കാൽ ലക്ഷത്തിലും താഴെ; എംഎൽഎമാരുടെ അധികാരങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും അറിയാം..
05/05/2026  12:38 PM IST
nila
പ്രോട്ടോക്കോൾ അനുസരിച്ച് ഡിജിപിക്കും മുകളിൽ; പ്രതിമാസം ലഭിക്കുന്നത് മുക്കാൽ ലക്ഷത്തിലും താഴെ; എംഎൽഎമാരുടെ അധികാരങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും അറിയാം..

കേരളത്തിൽ പതിനാറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഇനി അധികം താമസമില്ല. ഇതോടെ കേരളത്തിൽ പുതിയ ഭരണസംവിധാനവും നിലവിൽ വരും. വീറം വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ജയിച്ചെത്തിയ എംഎൽഎമാരുടെ അധികാരങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം..

നിയമനിർമാണത്തിൽ പ്രധാന പങ്ക്

ഭരണഘടന സംസ്ഥാന നിയമസഭയ്ക്ക് സംസ്ഥാന പട്ടികയിലും കൺകറന്റ് ലിസ്റ്റിലുമുള്ള വിഷയങ്ങളിൽ നിയമങ്ങൾ രൂപീകരിക്കാൻ അധികാരം നൽകുന്നുണ്ട്. ബില്ലുകൾ അവതരിപ്പിക്കൽ, ചർച്ചകൾ നടത്തൽ, ഭേദഗതികൾ നിർദേശിക്കൽ, നിയമങ്ങൾ പാസാക്കൽ തുടങ്ങിയ എല്ലാ നടപടികളിലും എംഎൽഎമാർ നിർണായക പങ്ക് വഹിക്കുന്നു. പൊതുജനപ്രാധാന്യമുള്ള വിഷയങ്ങൾ നിയമസഭയിൽ ഉയർത്തിക്കാട്ടാനും അവർക്കു സാധിക്കും.

സംസ്ഥാന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 66 വിഷയങ്ങളിൽ പൊലീസ്, ജയിൽ, പൊതുജനാരോഗ്യം, തദ്ദേശ സ്ഥാപനങ്ങൾ, മത്സ്യബന്ധനം, നികുതി, ആശയവിനിമയം തുടങ്ങിയവ പ്രധാനമാണ്. അതേസമയം, കൺകറന്റ് ലിസ്റ്റിലുള്ള 47 വിഷയങ്ങളിൽ പാർലമെന്റിനൊപ്പം സംസ്ഥാനത്തിനും നിയമനിർമാണ അധികാരമുണ്ട്. ക്രിമിനൽ നിയമം, വിവാഹം, വിവാഹമോചനം, വനസംരക്ഷണം, വന്യജീവി സംരക്ഷണം തുടങ്ങിയ മേഖലകൾ ഇതിൽപ്പെടുന്നു.

സാമ്പത്തിക അധികാരങ്ങൾ

സംസ്ഥാനത്തിന്റെ ധനകാര്യ കാര്യങ്ങളിൽ എംഎൽഎമാർക്ക് സുപ്രധാന പങ്കുണ്ട്. ധനബിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെടുകയും സർക്കാർ ചെലവുകൾക്ക് സഭയുടെ അനുമതി നിർബന്ധമാവുകയും ചെയ്യുന്നു. നികുതി വർധന, വിവിധ ഗ്രാന്റുകൾ, വികസന പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നതിനും നിയമസഭയുടെ അംഗീകാരം ആവശ്യമാണ്.

സർക്കാരിനെ നിയന്ത്രിക്കുന്ന അധികാരം

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനും നിയന്ത്രിക്കാനും എംഎൽഎമാർക്ക് അധികാരമുണ്ട്. ചോദ്യോത്തരവേള, അടിയന്തര പ്രമേയങ്ങൾ, മാറ്റിവയ്ക്കൽ പ്രമേയങ്ങൾ, വിശ്വാസവോട്ടെടുപ്പ് തുടങ്ങിയ മാർഗങ്ങളിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യാൻ കഴിയും.

തിരഞ്ഞെടുപ്പ് സംബന്ധിയായ അധികാരം

സംസ്ഥാന മന്ത്രിസഭ രൂപീകരണത്തിൽ എംഎൽഎമാർ നിർണായക പങ്കുവഹിക്കുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തിരഞ്ഞെടുക്കുന്നതിൽ അവരുടെ പിന്തുണയാണ് നിർണായകമാകുന്നത്. ഇന്ത്യൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറൽ കോളേജിലും എംഎൽഎമാരുണ്ട്. 

ഭരണഘടനാപരമായ ചുമതലകൾ

ഭരണഘടനയിലെ ഫെഡറൽ ഘടനയുമായി ബന്ധപ്പെട്ട ചില ഭേദഗതികൾക്ക് സംസ്ഥാന നിയമസഭയുടെ അംഗീകാരം ആവശ്യമാണ്. അക്കൗണ്ടന്റ് ജനറൽ, പബ്ലിക് സർവീസ് കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിക്കാനും സഭാ സമിതികളെ തിരഞ്ഞെടുക്കാനും എംഎൽഎമാർക്ക് കഴിയും.

മണ്ഡല വികസന ഉത്തരവാദിത്തം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ മണ്ഡലത്തിൽ ഫലപ്രദമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് എംഎൽഎയുടെ പ്രധാന ഉത്തരവാദിത്തമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുകയും വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും വേണം.

സർക്കാർ പ്രവർത്തനങ്ങളുടെ നിരീക്ഷണം

അഴിമതി, വികസന മുരടിപ്പ്, ഭരണപരമായ വീഴ്ചകൾ എന്നിവ കണ്ടെത്തി നിയമസഭയിൽ ചർച്ച ചെയ്യാൻ എംഎൽഎമാർക്ക് കഴിയും. പൊതുപണം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതും അവർ നിരീക്ഷിക്കുന്നു.

പൊതുജനങ്ങളുമായുള്ള ബന്ധം

മണ്ഡലത്തിൽ സ്ഥിരമായി സന്ദർശനം നടത്തുകയും ജനങ്ങളുടെ പരാതികൾ കേട്ട് പരിഹാരത്തിനായി ഇടപെടുകയും ചെയ്യുന്നത് എംഎൽഎയുടെ പ്രധാന ചുമതലയാണ്.

ശമ്പളവും ആനുകൂല്യങ്ങളും

ഒരു എംഎൽഎയുടെ അടിസ്ഥാന ശമ്പളം 2000 രൂപയാണ്. ഇതിന് പുറമെ മണ്ഡല അലവൻസ്, ഓഫിസ് ചെലവ്, യാത്ര, ഫോൺ, വിവരശേഖരണം തുടങ്ങിയവയ്ക്കായി വിവിധ അലവൻസുകളും ലഭിക്കുന്നു. ആകെ പ്രതിമാസ വരുമാനം ഏകദേശം 70,000 രൂപ വരും. നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനായി യാത്രാബത്തയും ദിവസവേതനവും ലഭിക്കും. ചികിത്സാ സഹായം, വാഹന വായ്പ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

പ്രോട്ടോക്കോളിലെ സ്ഥാനം

സംസ്ഥാന പ്രോട്ടോക്കോളിൽ എംഎൽഎമാർക്ക് കാബിനറ്റ് മന്ത്രിമാർക്കു താഴെയും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കു മുകളിലുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img