
ജനിക്കുന്ന നക്ഷത്രത്തിന് അനുസരിച്ച് ഓരോ വ്യക്തിയുടെയും സ്വഭാവത്തിലും ജീവിതരീതിയിലും വ്യത്യാസങ്ങളുണ്ടാകുമെന്നാണ് ജ്യോതിഷവിശ്വാസം. 27 നക്ഷത്രങ്ങൾക്കും വ്യത്യസ്തമായ ദേവത, ഗണം, ഭൂതം, മൃഗം, പക്ഷി, വൃക്ഷം എന്നിവയും കൽപ്പിച്ചുനൽകിയിട്ടുണ്ട്. ജ്യോതിഷത്തിൽ പറയുന്ന വിശ്വാസപ്രകാരം ഓരോ നക്ഷത്രക്കാരുടെയും പൊതുവായ സ്വഭാവസവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.
അശ്വതി – അറിവും ധൈര്യവും
അശ്വതി നക്ഷത്രക്കാർ അറിവും ധൈര്യവും ഉള്ളവരായിരിക്കുമെന്നാണ് വിശ്വാസം. ഉത്തരവാദിത്തബോധത്തോടെയും ആത്മാഭിമാനത്തോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരും കുടുംബത്തിൽ ബഹുമാനം നേടുന്നവരുമായിരിക്കും.
ഭരണി – ദീർഘായുസ്സിന്റെ നക്ഷത്രം
ഭരണി നക്ഷത്രക്കാർ ബുദ്ധിശാലികളും ധീരരുമായിരിക്കും. തീരുമാനങ്ങളെടുക്കുന്നതിൽ ചിലപ്പോൾ ആശയക്കുഴപ്പം നേരിടാമെങ്കിലും ദീർഘായുസ്സും കുടുംബബന്ധങ്ങളിലെ പ്രത്യേക സ്ഥാനവും ഈ നക്ഷത്രത്തിന്റെ ഫലമായി കണക്കാക്കപ്പെടുന്നു.
കാർത്തിക – സത്യസന്ധത മുഖമുദ്ര
സത്യസന്ധതയും ആരോഗ്യവും തേജസ്സും കാർത്തിക നക്ഷത്രക്കാരുടെ പ്രത്യേകതകളായി ജ്യോതിഷത്തിൽ പറയുന്നു. വിദ്യാഭ്യാസത്തിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാനും ജീവിതത്തിൽ സമ്പന്നരാകാനും സാധ്യതയുണ്ടെന്നാണ് വിശ്വാസം.
രോഹിണി – സമ്പത്തിന്റെയും നേതൃത്വത്തിന്റെയും നക്ഷത്രം
രോഹിണി നക്ഷത്രക്കാർ സാമ്പത്തികമായി മികച്ച നിലയിലെത്തുന്നവരായിരിക്കുമെന്ന് വിശ്വാസം. ഏത് കൂട്ടായ്മയിലും നേതൃത്വം ഏറ്റെടുക്കാനുള്ള കഴിവും ഇവർക്കുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
മകയിരം – യാത്ര ഇഷ്ടപ്പെടുന്നവർ
സ്ഥിരതയേക്കാൾ മാറ്റവും യാത്രകളും ഇഷ്ടപ്പെടുന്ന സ്വഭാവമാണ് മകയിരം നക്ഷത്രക്കാർക്കെന്ന് ജ്യോതിഷം പറയുന്നു. ഏത് കാര്യത്തിലും ആവേശത്തോടെ ഇടപെടുന്നവരായിരിക്കും.
തിരുവാതിര – ചഞ്ചലമായ മനസ്സ്
തിരുവാതിര നക്ഷത്രക്കാർ ചഞ്ചലമനസ്കരായിരിക്കുമെന്നാണ് വിശ്വാസം. സംസാരശേഷിയും ധൈര്യവും ഇവരുടെ പ്രത്യേകതകളായി കണക്കാക്കപ്പെടുന്നു. ഔദ്യോഗിക മേഖലകളിൽ അംഗീകാരം നേടാനും സാധ്യതയുണ്ടെന്നാണ് ജ്യോതിഷഫലം.
പുണർതം – ഉദാരമനസ്കർ
പുണർതം നക്ഷത്രക്കാർ സ്നേഹവും ഉദാരതയും നിറഞ്ഞ സ്വഭാവക്കാരായിരിക്കുമെന്ന് പറയപ്പെടുന്നു. മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറുകയും നല്ല സ്വഭാവത്തിന് പേരുകേൾക്കുകയും ചെയ്യുന്നവരായിരിക്കും.
പൂയം – മികച്ച വാഗ്മികൾ
ബുദ്ധിശക്തിയും വാക്ചാതുര്യവും പൂയം നക്ഷത്രക്കാരുടെ പ്രധാന സവിശേഷതകളായി കണക്കാക്കപ്പെടുന്നു. ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവരും മറ്റുള്ളവരെ സഹായിക്കുന്ന മനോഭാവമുള്ളവരുമായിരിക്കും.
ആയില്യം – നേതൃത്വശേഷിയുള്ളവർ
ഏത് സംഘത്തിലും നേതൃത്വസ്ഥാനത്തേക്ക് എത്താനുള്ള കഴിവ് ആയില്യം നക്ഷത്രക്കാർക്കുണ്ടാകുമെന്നാണ് വിശ്വാസം. ആഴത്തിലുള്ള അറിവും വാക്സാമർഥ്യവും ഇവരുടെ സവിശേഷതകളായി പറയപ്പെടുന്നു.
മകം – അറിവും വിനയവും
അറിവിനൊപ്പം വിനയവും മകം നക്ഷത്രക്കാരുടെ പ്രത്യേകതയായി കണക്കാക്കുന്നു. സമൂഹത്തിൽ ബഹുമാനം നേടാനും ജീവിതത്തിൽ സാമ്പത്തികമായും സുഖകരമായും മുന്നേറാനും സാധ്യതയുണ്ടെന്നാണ് ജ്യോതിഷവിശ്വാസം.
പൂരം – സംസാരശേഷിയിലൂടെ സ്വാധീനം
നന്നായി സംസാരിക്കാനും മറ്റുള്ളവരെ സ്വാധീനിക്കാനും പൂരം നക്ഷത്രക്കാർക്ക് കഴിവുണ്ടാകുമെന്നാണ് വിശ്വാസം. ദാനശീലവും വിവിധ മേഖലകളിൽ പ്രശസ്തി നേടാനുള്ള സാധ്യതയും ഇവരുടെ പ്രത്യേകതകളായി പറയുന്നു.
ഉത്രം – ജ്ഞാനവും ഉദാരതയും
ജ്ഞാനവും ഉദാരമനസ്കതയും ഉത്രം നക്ഷത്രക്കാരുടെ പ്രധാന ഗുണങ്ങളായി കണക്കാക്കപ്പെടുന്നു. ബന്ധുക്കൾക്കിടയിൽ ബഹുമാനവും ഔദ്യോഗിക തലത്തിൽ അംഗീകാരവും ലഭിക്കുമെന്നാണ് വിശ്വാസം.
അത്തം – പരോപകാര മനസ്സ്
അത്തം നക്ഷത്രക്കാർ വാക്ചാതുര്യമുള്ളവരും ബുദ്ധിശാലികളുമായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും സാമ്പത്തികമായി ഉയരാനുള്ള സാധ്യതയും ഇവർക്കുണ്ടെന്നാണ് വിശ്വാസം.
ചിത്തിര – ഉത്സാഹവും മത്സരബുദ്ധിയും
ചിത്തിര നക്ഷത്രക്കാർ ഉത്സാഹികളും വാദപ്രതിവാദങ്ങളിൽ താൽപര്യമുള്ളവരുമായിരിക്കും. നല്ല വസ്ത്രങ്ങളോടും ആഭരണങ്ങളോടും താൽപര്യം കാണിക്കാനും ജീവിതത്തിൽ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനും സാധ്യതയുണ്ട്.
ചോതി – ധർമം കൈവിടാത്തവർ
വിനയവും സംസാരപ്രിയതയും ചോതി നക്ഷത്രക്കാരുടെ പ്രത്യേകതകളായി പറയപ്പെടുന്നു. ഏത് സാഹചര്യത്തിലും ധർമം വിട്ട് പ്രവർത്തിക്കാത്തവരായിരിക്കും എന്നും വിദേശവാസത്തിന് സാധ്യതയുണ്ടെന്നും ജ്യോതിഷത്തിൽ പറയുന്നു.
വിശാഖം – ഭാഗ്യത്തിന്റെ പിന്തുണ
വിശാഖം നക്ഷത്രക്കാർ സമ്പന്നരും ഭാഗ്യവാന്മാരുമായിരിക്കുമെന്ന് വിശ്വാസം. കുടുംബജീവിതത്തിൽ നേട്ടങ്ങളും ശത്രുക്കളെ സ്നേഹത്തിലൂടെ കീഴടക്കാനുള്ള കഴിവും ഇവരുടെ പ്രത്യേകതകളായി കണക്കാക്കപ്പെടുന്നു.
അനിഴം – സംസാരിക്കാൻ ഇഷ്ടമുള്ളവർ
അനിഴം നക്ഷത്രക്കാർക്ക് യാത്രകളും സംസാരവും ഏറെ ഇഷ്ടമായിരിക്കുമെന്ന് പറയപ്പെടുന്നു. എവിടെ പോയാലും ഭാഗ്യം കൂടെയുണ്ടാകുമെന്നും നല്ല വ്യക്തികളുടെ സ്നേഹം ലഭിക്കുമെന്നും ജ്യോതിഷവിശ്വാസം പറയുന്നു.
തൃക്കേട്ട – സന്തോഷമുള്ള മനസ്സ്
മനസ്സിൽ സന്തോഷം നിലനിർത്തുന്നവരായിരിക്കും തൃക്കേട്ട നക്ഷത്രക്കാർ എന്നാണ് വിശ്വാസം. ധർമകാര്യങ്ങളിൽ താൽപര്യവും സമൂഹത്തിൽ നേതൃത്വസ്ഥാനത്ത് എത്താനുള്ള കഴിവും ഇവർക്കുണ്ടാകാം.
മൂലം – വാക്ചാതുര്യമുള്ളവർ
അറിവും വാക്ചാതുര്യവും മൂലം നക്ഷത്രക്കാരുടെ പ്രത്യേകതകളായി കണക്കാക്കപ്പെടുന്നു. ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും സുഖസൗകര്യങ്ങൾ അനുഭവിക്കാനും സാധ്യതയുണ്ടെന്നാണ് ജ്യോതിഷഫലം.
പൂരാടം – ഉറച്ച സൗഹൃദം
പൂരാടം നക്ഷത്രക്കാർ സൗഹൃദങ്ങളിൽ ആത്മാർത്ഥത പുലർത്തുന്നവരായിരിക്കുമെന്ന് പറയപ്പെടുന്നു. വിനയവും ബുദ്ധിശക്തിയും ഇവരുടെ പ്രധാന ഗുണങ്ങളായി കണക്കാക്കുന്നു. ഔദ്യോഗിക തലത്തിൽ അംഗീകാരം നേടാനും സാധ്യതയുണ്ട്.
ഉത്രാടം – ഹാസ്യപ്രിയർ
ഹാസ്യബോധവും വിനയവും ഉത്രാടം നക്ഷത്രക്കാരുടെ സവിശേഷതകളായി പറയപ്പെടുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന ഇവർ അറിവുള്ളവരും ദുരിതമനുഭവിക്കുന്നവരോട് കരുണ കാണിക്കുന്നവരുമായിരിക്കുമെന്ന് വിശ്വാസം.
തിരുവോണം – അറിവും നേതൃത്വവും
ശാസ്ത്രവിഷയങ്ങളിൽ അറിവും സാമ്പത്തികമായി മുന്നേറാനുള്ള കഴിവും തിരുവോണം നക്ഷത്രക്കാരുടെ പ്രത്യേകതകളായി കണക്കാക്കുന്നു. ഏത് സദസ്സിലും നേതൃത്വം ഏറ്റെടുക്കാനുള്ള കഴിവുണ്ടാകുമെന്നും വിശ്വാസമുണ്ട്.
അവിട്ടം – നേതൃത്വഗുണം
നേതൃത്വശേഷിയും ആഗ്രഹസമ്പന്നമായ സ്വഭാവവും അവിട്ടം നക്ഷത്രക്കാരിൽ കാണാമെന്നാണ് ജ്യോതിഷം പറയുന്നത്. സംഗീതം, നാടകം തുടങ്ങിയ കലാരംഗങ്ങളോടും ഇവർക്ക് താൽപര്യമുണ്ടാകാം.
ചതയം – ജനപ്രീതി നേടുന്നവർ
ചതയം നക്ഷത്രക്കാർ സംസാരശേഷിയുള്ളവരും ജനങ്ങൾക്കിടയിൽ പ്രിയപ്പെട്ടവരുമായിരിക്കുമെന്ന് വിശ്വാസം. സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാനും സങ്കീർണമായ കാര്യങ്ങൾക്ക് എളുപ്പവഴി കണ്ടെത്താനും ഇവർക്ക് കഴിവുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
പൂരുരുട്ടാതി – സൗമ്യസ്വഭാവക്കാർ
ശാന്തമായ മനസ്സും സൗമ്യമായ പെരുമാറ്റവുമാണ് പൂരുരുട്ടാതി നക്ഷത്രക്കാരുടെ പ്രത്യേകതകളായി പറയപ്പെടുന്നത്. ജോലി ചിട്ടയോടെ ചെയ്യുന്നതിലും ജീവിതത്തിൽ സുഖം അനുഭവിക്കുന്നതിലും ഇവർ മുന്നിലായിരിക്കുമെന്ന് വിശ്വാസം.
ഉത്രട്ടാതി – വിനയവും അറിവും
വാക്ചാതുര്യവും വിനയവും ഉത്രട്ടാതി നക്ഷത്രക്കാരുടെ പ്രധാന സവിശേഷതകളായി കണക്കാക്കുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന ഇവർക്ക് വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവുണ്ടാകുമെന്നും ജ്യോതിഷം പറയുന്നു.
രേവതി – സുമുഖരും മത്സരബുദ്ധിയുള്ളവരും
രേവതി നക്ഷത്രക്കാർ സുമുഖരും ആത്മവിശ്വാസമുള്ളവരുമായിരിക്കുമെന്ന് വിശ്വാസം. മത്സരബുദ്ധിയും നല്ല കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യവും ഇവരുടെ പ്രത്യേകതകളാണ്. കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാനുള്ള സാധ്യതയുമുണ്ടെന്നാണ് ജ്യോതിഷഫലം.
ഓരോ നക്ഷത്രജാതരുടെയും ദേവത, ഗണം, ഭൂതം, മൃഗം, പക്ഷി, വൃക്ഷം എന്നിവ അറിയാം..
അശ്വതി
ദേവത: അശ്വനി ദേവകൾ
ഗണം: ദൈവം
ഭൂതം:ഭൂമി
മൃഗം: കുതിര
പക്ഷി: പുള്ള്
വൃക്ഷം: കാഞ്ഞിരം
ഭരണി
ദേവത: യമൻ
ഗണം: മാനുഷം
ഭൂതം:ഭൂമി
മൃഗം: ആന
പക്ഷി: പുള്ള്
വൃക്ഷം:നെല്ലി
കാർത്തിക
ദേവത: അഗ്നി
ഗണം: ആസുരം
ഭൂതം:ഭൂമി
മൃഗം: ആട്
പക്ഷി: പുള്ള്
വൃക്ഷം: അത്തി
രോഹിണി
ദേവത: ബ്രഹ്മാവ്
ഗണം: മാനുഷം
ഭൂതം:ഭൂമി
മൃഗം: നല്പാമ്ബ്
പക്ഷി: പുള്ള്
വൃക്ഷം:ഞാവൽ
മകയിരം
ദേവത: ചന്ദ്രൻ
ഗണം: ദൈവം
ഭൂതം:ഭൂമി
മൃഗം: പാമ്പ്
പക്ഷി: പുള്ള്
വൃക്ഷം:കരിങ്ങാലി
തിരുവാതിര
ദേവത: ശിവൻ
ഗണം: മാനുഷം
ഭൂതം:ജലം
മൃഗം: ശ്വാവ്
പക്ഷി: ചെമ്പോത്ത്
വൃക്ഷം:കരിമരം
പുണർതം
ദേവത: അദിതി
ഗണം: ദൈവം
ഭൂതം:ജലം
മൃഗം: പൂച്ച
പക്ഷി: ചെമ്പോത്ത്
വൃക്ഷം:മുള
പൂയം
ദേവത: ബൃഹസ്പതി
ഗണം: ദൈവം
ഭൂതം: ജലം
മൃഗം: ആട്
പക്ഷി: ചെമ്പോത്ത്
വൃക്ഷം: അരയാൽ
ആയില്യം
ദേവത: സർപ്പങ്ങൾ
ഗണം: ആസുരം
ഭൂതം:ജലം
മൃഗം: കരിമ്പൂച്ച
പക്ഷി: ചെമ്പോത്ത്
വൃക്ഷം:നാകം
മകം
ദേവത: പിത്യക്കൾ
ഗണം: ആസുരം
ഭൂതം: ജലം
മൃഗം: എലി
പക്ഷി: ചെമ്പോത്ത്
വൃക്ഷം: പേരാൽ
പൂരം
ദേവത: ആര്യമാവ്
ഗണം: മാനുഷം
ഭൂതം:ജലം
മൃഗം: ചുണ്ടെലി
പക്ഷി: ചെമ്പോത്ത്
വൃക്ഷം:പ്ലാശ്
ഉത്രം
ദേവത: ഭഗൻ
ഗണം: മാനുഷം
ഭൂതം:അഗ്നി
മൃഗം: ഒട്ടകം
പക്ഷി: കാകൻ
വൃക്ഷം: ഇത്തി
അത്തം
ദേവത: ആദിത്യൻ
ഗണം: ദൈവം
ഭൂതം :അഗ്നി
മൃഗം :പോത്ത്
പക്ഷി :കാകൻ
വൃക്ഷം :അമ്പഴം
ചിത്തിര
ദേവത: ത്വഷ്ട്രാവ്
ഗണം: ആസുരം
ഭൂതം: അഗ്നി
മൃഗം: ആൾപുലി
പക്ഷി: കാകൻ
വൃക്ഷം: കൂവളം
ചോതി
ദേവത: വായു
ഗണം: ദൈവം
ഭൂതം: അഗ്നി
മൃഗം: മഹിഷം
പക്ഷി: കാകൻ
വൃക്ഷം: നീർമരുത്
വിശാഖം
ദേവത: ഇന്ദ്രാഗ്നി
ഗണം: ആസുരം
ഭൂതം: അഗ്നി
മൃഗം: സിംഹം
പക്ഷി: കാകൻ
വൃക്ഷം: വയ്യങ്കതവ്
അനിഴം
ദേവത: മിത്രൻ
ഗണം: ദൈവം
ഭൂതം :അഗ്നി
മൃഗം: മാൻ
പക്ഷി: കാകൻ
വൃക്ഷം: ഇലഞ്ഞി
തൃക്കേട്ട
ദേവത: ഇന്ദ്രൻ
ഗണം: ആസുരം
ഭൂതം: വായു
മൃഗം: കേഴമാൻ
പക്ഷി: കോഴി
മൂലം
ദേവത: നിര്യതി
ഗണം: ആസുരം
ഭൂതം: വായു
മൃഗം:ശ്വാവ്
പക്ഷി: കോഴി
വൃക്ഷം വയനം
പൂരാടം
ദേവത:ജലം
ഗണം: മാനുഷം
ഭൂതം: വായു
മൃഗം: വാനരൻ
പക്ഷി : കോഴി
വൃക്ഷം : വഞ്ഞി
ഉത്രാടം
ദേവത: വിശ്വദേവതകൾ
ഗണം: മാനുഷം
ഭൂതം: വായു
മൃഗം: കാള
പക്ഷി: കോഴി
വൃക്ഷം: പ്ലാവ്
തിരുവോണം
ദേവത : വിഷ്ണു
ഗണം: ദൈവം
ഭൂതം: വായു
മൃഗം : വാനരൻ
പക്ഷി : കോഴി
വൃക്ഷം : എരിക്ക്
അവിട്ടം
ദേവത: വസുക്കൾ
ഗണം: ആസുരം
ഭൂതം: ആകാശം
മൃഗം: സിംഹം
പക്ഷി: മയിൽ
വൃക്ഷം : വഹ്നി
ചതയം
ദേവത:വരുണൻ
ഗണം:ആസുരം
ഭൂതം: ആകാശം
മൃഗം: കുതിര
പക്ഷി: മയിൽ
വൃക്ഷം: കടമ്പ്
പൂരുരുട്ടാതി
ദേവ: അജൈകപാത്
ഗണം: മാനുഷം
ഭൂതം: ആകാശം
മൃഗം: നരൻ
പക്ഷി: മയിൽ
വൃക്ഷം: തേൻമാവ്
ഉത്രട്ടാതി
ദേവത: അഹിർബുധ്നി
ഗണം : മാനുഷം
ഭൂതം : ആകാസം
മൃഗം : പശു
പക്ഷി : മയിൽ
വൃക്ഷം : കരിമ്ബന
രേവതി
ദേവത: പുഷാവ്
ഗണം : ദൈവം
ഭൂതം : ആകാശം
മൃഗം : ആന
പക്ഷി : മയിൽ
വൃക്ഷം : ഇരിപ്പ










