04:44pm 13 November 2025
NEWS
മുട്ടുവേദനയും ആധുനിക ചികിത്സാ മാര്‍ഗ്ഗങ്ങളും..


11/06/2025  12:43 PM IST
Health Desk
മുട്ടുവേദനയും ആധുനിക ചികിത്സാ മാര്‍ഗ്ഗങ്ങളും

 


വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധി ആണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോള്‍ ആണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്.

സന്ധിവാതം പലവിധം

പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് തേയ്മാനത്തിന്റെ ഏറ്റവും സാധാരണമായ കാരണം. ഇതുകൂടാതെ രക്തസ്സംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ (septic arthritis), പരിക്കുകള്‍ എന്നിവയും തേയ്യ്മാനത്തിന് കാരണമാകാം.

രോഗലക്ഷണങ്ങളും ചികിത്സയും

കാല്‍മുട്ടില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും നീരും ആണ് പ്രധാന ലക്ഷണം. ഇതുകൂടാതെ കാല്‍മുട്ട് മടക്കുന്നതിനും കയറ്റം കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.  വേദന മാത്രമല്ല, കാല് വളയുന്നതിനും ഇത് കാരണമാകുന്നു. ഏതെങ്കിലും ഒരു ഭാഗത്തുള്ള തരുണാസ്തി കൂടുതലായി തേയുന്നതാണ് വളവിന്റെ കാരണം.

പ്രാരംഭ ഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗ്ഗം. അമിത ശരീരഭാരം നിയന്ത്രിക്കുന്നത് തേയ്മാനം തടയുവാന്‍ സഹായകമാകും. രക്തസംബന്ധമായതും അണുബാധ മൂലവുമുള്ള ആര്‍ത്രൈറ്റിസുകള്‍ തുടക്കത്തിലെ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പു വരുത്തണം.

കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ

കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ എന്താണ് ശരിക്കും ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ ചോദിക്കാറുണ്ട്. വേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണ് കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചു മാറ്റുന്നു. പകരം ലോഹ നിര്‍മ്മിതമായ ഇമ്പ്‌ളാന്റുകള്‍ ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കുവാന്‍ മിനുസമേറിയതും എന്നാല്‍ കട്ടി കൂടിയതുമായ പോളി എത്തീലീന്‍ പ്ലാസ്റ്റിക് ഘടിപ്പിക്കുന്നു. പേശികളുടെയും ലിഗമെന്റുകളുടെയും മുറുക്കം അയച്ചു വിടുവാന്‍ ആവശ്യമായ കാര്യങ്ങളും അതോടൊപ്പം ചെയ്യുന്നു. വളവു നിവര്‍ത്തുവാന്‍ ആനുപാതികമായ അളവില്‍ ആയിരിക്കും ഇത്  ചെയ്യുക .


മുട്ട് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സന്ധി മാറ്റിവയ്ക്കുന്നത്. ഇതിനായി അരയ്ക്കു കീഴ്‌പോട്ട് മരവിപ്പിക്കുന്ന സ്‌പൈനല്‍ അനസ്‌തേഷ്യ ആണ് പൊതുവെ നല്‍കാറുള്ളത്. സാധാരണ ഗതിയില്‍ അടുത്ത ദിവസം തന്നെ രോഗിക്ക് കാല്‍ ഊന്നി നടക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞ് തുന്നലുകള്‍ എടുത്തതിനു ശേഷം മുറിവിന്റെ ഭാഗം നനയ്ക്കാം.

റോബോട്ടിക് ശസ്ത്രക്രിയ

കാല്‍മുട്ടിലെയും ഇടുപ്പിലെയും സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ റോബോട്ടുകളുടെ സഹായത്തോടുകൂടി ചെയ്യുന്നത് ഈ മേഖലയിലെ പുതിയ കാല്‍വയ്പ്പാണ്. റോബോട്ടുകള്‍ ഓപ്പറേഷനില്‍ എങ്ങനെ സഹായിക്കുന്നു എന്നത് പലരുടെയും സംശയമാണ്. ഓപ്പറേഷന്‍ തിയേറ്ററിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാവുന്ന റോബോട്ടിക് മെഷീന്‍ സര്‍ജനോടൊപ്പം രോഗിയുടെ സമീപം നിലയുറപ്പിക്കുന്നു. രോഗിയുടെ കാല്‍മുട്ടിന്റെ പൊസിഷന്‍ മനസ്സിലാക്കുവാന്‍ വേണ്ടിയുള്ള ക്യാമറകള്‍, സര്‍ജനോ അല്ലെങ്കില്‍ സഹായിക്കോ കാര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ ആവശ്യമായ മോണിറ്റര്‍, എല്ലുകള്‍ ആവശ്യാനുസരണം മുറിക്കുവാനുള്ള ഉപകരണം (saw/burr) ഘടിപ്പിച്ച യന്ത്ര കൈ എന്നിവയാണ് റോബോട്ടിന്റെ പ്രധാനപെട്ട ഭാഗങ്ങള്‍. എല്ലുകളുടെ അഗ്രഭാഗങ്ങള്‍ ഏത് അളവില്‍ കട്ട് ചെയ്യണം എന്നുള്ളത് നിജപെടുത്തുന്നത് സര്‍ജനാണ്. റോബോട്ടിക് സംവിധാനത്തില്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ നാവിഗേഷന്‍ സോഫ്റ്റ് വെയര്‍ ഇതില്‍ സര്‍ജനെ സഹായിക്കുന്നു. സര്‍ജറിയുടെ ആദ്യഘട്ടത്തില്‍ സര്‍ജനും സഹായികളും ചേര്‍ന്ന് മുട്ട് ശസ്ത്രക്രിയയിലൂടെ തുറന്നു ഉള്‍ഭാഗം പരിശോധിച്ച് എല്ലുകളില്‍ സെന്‍സറുകള്‍ സ്ഥാപിക്കുകയും റോബോട്ടിന്റെ റഫറന്‍സിംഗിന് വേണ്ടി  സെന്‍സര്‍ പെന്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുകയും വേണം. തുടര്‍ന്ന് റോബോട്ടിന്റെ യന്ത്ര കൈ കാല്‍മുട്ടിലേക്ക് അടുപ്പിച്ച് കൊടുക്കുമ്പോള്‍, നേരത്തെ നിജപ്പെടുത്തിയ അളവില്‍ എല്ലുകളുടെ അഗ്രഭാഗം റോബോട്ട് മുറിക്കുന്നു. ഈ പ്രക്രിയ സര്‍ജന് ആവശ്യാനുസരണം നിയന്ത്രിക്കാം. ഇംപ്ലാന്റുകള്‍ താല്‍ക്കാലികമായി വച്ചു നോക്കി ആവശ്യമെങ്കില്‍ എല്ലുകള്‍ മുറിച്ചതിന്റെ അളവ്, ആംഗിള്‍ എന്നിവ സൂക്ഷ്മമായ തോതില്‍ വീണ്ടും മാറ്റാവുന്നതാണ്. കാല്‍മുട്ട് ശസ്ത്രക്രിയ വിജയിക്കാന്‍ ഈ അളവുകളില്‍ കൃത്യത വളരെ സുപ്രധാനമാണ് എന്നതിനാല്‍ സര്‍ജന്റെ പരിചയസമ്പത്തും റോബോട്ടിന്റെ കൃത്യതയും സഹായകമാകുന്നു .റോബോട്ടിന്റെ ചലനങ്ങള്‍ കമ്പ്യൂട്ടര്‍ നിയന്ത്രിക്കുന്നതിനാലും അതോടൊപ്പം സര്‍ജന്റെ മേല്‍നോട്ടം ഉള്ളതിനാലും എല്ലുകള്‍ക്ക് ചുറ്റുമുള്ള ഞരമ്പുകള്‍, രക്തക്കുഴലുകള്‍, ലിഗമെന്റുകള്‍ മുതലായവയ്ക്ക് പരിക്ക് പറ്റുവാനുള്ള സാദ്ധ്യത കുറയുന്നു. കാല്‍മുട്ട് ശസ്ത്രക്രിയയില്‍ റോബോട്ടുകളുടെ ഉപയോഗത്തിന് പ്രചാരം കൂടുന്നുണ്ട് എന്നിരുന്നാലും, രോഗികള്‍ക്ക് അതുമൂലം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രയോജനമുണ്ടോ എന്ന വിഷയത്തില്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണ്. മെഷീന്‍ ലേണിംഗ് / ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ സാങ്കേതിക വിദ്യകള്‍ കൂടി ചേരുമ്പോള്‍ ഭാവിയില്‍ റോബോട്ടിക് സര്‍ജറിയുടെ സാദ്ധ്യത വിപുലമാകും.

Dr. Unnikuttan D
Consultant Orthopedic Surgeon
SUT Hospital, Pattom
www.drunnikuttanortho.com

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.