02:07pm 19 April 2026
NEWS
കെ എൻ സുലൈമാൻ മദനിക്ക്‌ യാത്രയയപ്പ്‌ നൽകി
11/06/2025  11:59 AM IST
nila
കെ എൻ സുലൈമാൻ മദനിക്ക്‌ യാത്രയയപ്പ്‌ നൽകി

ദോഹ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചുകൊണ്ട്  നാട്ടിലേക്ക് പോകുന്ന ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ കെ എൻ സുലൈമാൻ മദനി, കേന്ദ്ര കൗൺസിൽ അംഗം റഫീഖ് ആലിയാട്ട്, വനിതാ വിഭാഗമായ എംജിഎം പ്രവർത്തകസമിതി അംഗം ഹാജറ ടീച്ചർ എന്നിവർക്ക് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അംഗങ്ങളുടെയും പോഷകഘടകങ്ങളുടെയും ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. തുമാമയിലെ ആട്രിയം ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് ഷമീർ വലിയവീട്ടിൽ, ജനറൽ സെക്രട്ടറി അലി ചാലിക്കര, എംജിഎം പ്രസിഡണ്ട് ജാസ്മിൻ നസീർ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു.
2002ൽ ദോഹയിലെത്തിയ മദനി ദീർഘകാലം ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട്‌, വൈസ്‌ പ്രസിഡണ്ട്‌ തുടങ്ങി വിവിധ തലങ്ങളിൽ സേവനം ചെയ്യുക വഴി ഖത്തറിലെ മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വിലയേറിയ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്‌. വിഷയാധിഷ്ഠിതവും പണ്ഡിതോചിതവുമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ സംഘടനാ വ്യത്യാസമന്യേ പല വേദികളിലും ശ്രദ്ധേയമായിരുന്നു. ദീർഘകാലം ബുഖാരി മസ്ജിദിലും മീസീല ഈദ്‌ ഗാഹ്‌ മസ്ജിദിലും ജുമുഅ ഖുതുബയും ഈദ്‌ ഖുതുബയും മലയാളികൾക്കു വേണ്ടി പരിഭാഷപ്പെടുത്തിയിരുന്നത്‌ സുലൈമാൻ മദനി ആയിരുന്നു. ഇസ്‌ലാഹി സെന്റർ ദഅവാ വിഭാഗത്തിനു കീഴിലുള്ള ജവാബ്‌.കോം എന്ന ചോദ്യോത്തര ഗ്രൂപ്പിൽ ഉത്തരം നൽകുന്ന പണ്ഡിത സഭയിലെ അംഗം കൂടിയാണ് സുലൈമാൻ മദനി. ഇസ്‌ലാഹി സെന്ററിന് ചിന്താപരമായും ധൈഷണികവുമായ  നേതൃത്വം നൽകിയ വ്യക്തി കൂടിയായിരുന്നു സുലൈമാൻ മദനിയെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കേന്ദ്ര കൗൺസിൽ അംഗമായ റഫീഖ് ആലിയാട്ട്‌ സെന്ററിന്റെ വളണ്ടിയർ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
വിവിധ ടേമുകളിൽ എംജിഎം സെക്രട്ടറിയേറ്റ് അംഗമെന്ന നിലക്ക് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിത്വമായിരുന്നു ഹാജറ ടീച്ചർ. കെ എൻ സുലൈമാൻ മദനിയുടെ ഭാര്യയായ ടീച്ചർ നിരവധി വർഷങ്ങൾ മദ്രസ അധ്യാപികയായും സേവനം അനുഷ്ഠിച്ചിരുന്നു.
യാത്രയയപ്പ്‌ ചടങ്ങിൽ ട്രഷറർ അഷ്‌റഫ്‌ മടിയാരി, വൈസ്‌ പ്രസിഡണ്ട്‌ സിറാജ്‌ ഇരിട്ടി, സെക്രട്ടറി മുജീബ്‌ മദനി, ഉമർ ഫാറൂഖ്‌ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img