02:40am 27 June 2026
NEWS
കർണാടകത്തിലെ നേതൃമാറ്റം വീണ്ടും കീറാമുട്ടിയാക്കാൻ കെ എൻ രാജണ്ണ.
30/04/2026  11:10 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിലെ നേതൃമാറ്റം വീണ്ടും കീറാമുട്ടിയാക്കാൻ കെ എൻ രാജണ്ണ

ബംഗളുരു: മധുഗിരിയിൽ നിന്നുള്ള എംഎൽഎയും ദളിത് വിഭാഗക്കാരനുമായ കെ എൻ രാജണ്ണ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. സഹകരണമന്ത്രിയായിരുന്നു അദ്ദേഹം. രാഹുൽഗാന്ധിയുടെ നിലപാടുകളെ വിമർശിച്ചു എന്ന കാരണത്താലാണ് ഹൈക്കമാണ്ട് സമ്മർദ്ദം മൂലം കഴിഞ്ഞ ആഗസ്റ്റിൽ സിദ്ധരാമയ്യയ്‌ക്ക് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടി വന്നത്. രാഹുൽ ഗാന്ധിയെയല്ല, യഥാർത്ഥത്തിൽ ഡി കെ ശിവകുമാറിന്റെ സംസ്ഥാന നേതൃത്വത്തെയാണ് രാജണ്ണ വിമർശിച്ചിരുന്നത്. അത് ഹൈക്കമാണ്ടിനെ വിമർശിച്ചതാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. തനിക്കെതിരെ നടപടിയുണ്ടായതിന്റെ പിന്നിൽ ശിവകുമാറാണെന്ന് രാജണ്ണ പിന്നീട് ആരോപിച്ചിരുന്നു. മന്ത്രിസഭാപുനസംഘടന അല്ലെങ്കിൽ ഒരുപക്ഷെ നേതൃമാറ്റം തന്നെ അടുത്ത മാസം ഇരുപതിന് മുമ്പായി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. തീരുമാനം എന്താകുമെന്നത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ചിരിക്കും. മുഖ്യമന്ത്രിക്കസേരയ്ക്കായി ഡി കെ ശിവകുമാർ അതിശക്തമായ കരുനീക്കം ആരംഭിച്ചിട്ടുണ്ട്. രാഹുൽഗാന്ധി ആവശ്യപ്പെട്ടാൽ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനമൊഴിയുമെന്ന് രാജണ്ണ പറഞ്ഞത് ആ സാഹചര്യത്തിലാണ്. അത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. കാരണം രാജണ്ണയുടെ വാക്കുകൾ സിദ്ധരാമയ്യയുടെ വാക്കുകൾ തന്നെയാണ്. എന്നാൽ രാജണ്ണയുടെ അടുത്ത വാചകമാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. സിദ്ധരാമയ്യ മാറിയാൽ പകരം ഒരു ദളിത് നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ് രാജണ്ണ ആവശ്യപ്പെട്ടത്. സതീഷ് ജാർക്കിഹോളിയാണ് ആ ദളിത് നേതാവ്. സിദ്ധരാമയ്യയുടെ പിന്തുണ ജാർക്കിഹോളിയ്ക്കാണ്. സിദ്ധരാമയ്യയുടെയും അനുയായികളുടെയും- തെളിച്ചുപറഞ്ഞാൽ അഹിന്ദയുടെ പിൻബലമില്ലാതെ ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ പ്രയാസമാണ്. സിദ്ധരാമയ്യ മാറേണ്ടിവന്നാൽ അവകാശ വാദവുമായി ജാർക്കിഹോളി രംഗത്തുവരും. പോരാളിയായ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഹൈക്കമാണ്ടിന് കഴിയില്ല. കർണാടകത്തിലെ നേതൃമാറ്റം വീണ്ടും കീറാമുട്ടിയായി മാറിയേക്കും. രാജണ്ണയുടെ ഉദ്ദേശ്യവും അതല്ലാതെ മറ്റൊന്നല്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img