
16-ാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കുമ്പോള്‍ മോശമല്ലാത്ത റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേരളത്തിന് ലഭിക്കുമെന്നാണ് സംസ്ഥാനം ഉറപ്പായും പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ധനകാര്യ കമ്മീഷനുകള്‍ അനുവദിച്ച മാതൃകയില്‍ സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിച്ചാല്‍ കേരളത്തിന് 40,000 കോടി രൂപയിലധികം ഈ ഇനത്തില്‍ അഞ്ചുവർഷം കൊണ്ട് ലഭിക്കേണ്ടതുമാണെന്നും കെ എൻ ബാലഗോപാല്‍ പറഞ്ഞു.
കെ എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് ലഭിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സർക്കാർ സ്വീകരിക്കണം.16-ാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കുമ്പോള്‍ മോശമല്ലാത്ത റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേരളത്തിന് ലഭിക്കുമെന്നാണ് സംസ്ഥാനം ഉറപ്പായും പ്രതീക്ഷിച്ചിരുന്നത്. മുൻ ധനകാര്യ കമ്മീഷനുകള്‍ അനുവദിച്ച മാതൃകയില്‍ സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിച്ചാല്‍ കേരളത്തിന് 40,000 കോടി രൂപയിലധികം ഈ ഇനത്തില്‍ അഞ്ചുവർഷം കൊണ്ട് ലഭിക്കേണ്ടതുമാണ്. 15-ാം ധനകാര്യ കമ്മീഷൻ റവന്യൂഡെഫിസിറ്റ് ഗ്രാന്റായി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് നാലര ലക്ഷം കോടി രൂപയാണ്. നാണ്യപ്പെരുപ്പം വെച്ച് കണക്കാക്കുമ്പോള്‍ ആറ് ലക്ഷം കോടി രൂപയെങ്കിലും ഈ വിധത്തില്‍ ഇത്തവണ പതിനാറാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടതായിരുന്നു.ഈ വരുമാനം കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് സർക്കാർ സംസ്ഥാനബജറ്റ് തയ്യാറാക്കിയതും നിയമസഭ അത് പാസാക്കിയതും. 14,138 കോടി രൂപ ആദ്യ ഗഡുവായി നടപ്പുവർഷം ലഭിക്കുമെന്നായിരുന്നു നമ്മുടെ അനുമാനം. എന്നാല്‍ കേന്ദ്രം ഇത്തവണ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിഷേധിക്കുകയുണ്ടായി.
ഈ നടപടി രാജ്യത്തെ പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം തന്നെ പാസാക്കുകയുണ്ടായി. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി കേന്ദ്ര സർക്കാരിനെ പ്രതിഷേധമറിയിക്കുകയും ഗ്രാന്റ് അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.ഈ പ്രശ്നം കേരളം വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. 16-ാം ധനകാര്യ കമ്മീഷന്റെ ആക്ഷൻ ടേക്കണ്‍ റിപ്പോർട്ട് ഇനിയും കേന്ദ്ര സർക്കാർ അന്തിമമായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ റവന്യൂഡെഫിസിറ്റ് ഗ്രാന്റ് നേടിയെടുക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. കേന്ദ്രവുമായി സംസാരിച്ച് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നേടിയെടുക്കാനുള്ള നടപടികള്‍ സംസ്ഥാന സർക്കാർ സ്വീകരിക്കണം. സംസ്ഥാന ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട ശക്തമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
Photo Courtesy - Google










