
കേരള ബജറ്റിലൂടെ സംസ്ഥാനത്തെ മെട്രോ ശൃംഖലയുടെ വികസനത്തിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും പിന്തുണയും വ്യക്തമാക്കിയതിൽ മുഖ്യമന്ത്രി വി ഡി സതീശനും കേരള സർക്കാരിനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ നന്ദി രേഖപ്പെടുത്തി.കൊച്ചി മെട്രോ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്ക് മെട്രോ പദ്ധതികൾ നടപ്പാക്കുന്നതിനും തുടർ വിപുലീകരണങ്ങൾക്കായുള്ള വിശദമായ പദ്ധതി റിപ്പോർട്ടുകൾ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർദിഷ്ട മെട്രോ പദ്ധതികളുമായി ബന്ധപ്പെട്ട പഠനങ്ങൾ പുരോഗമിക്കുന്നതായും ഇതിനായി 20 കോടി രൂപ വകയിരുത്തിയതായും ബജറ്റ് രേഖയിൽ പരാമർശിച്ചിട്ടുണ്ട്.സുസ്ഥിര നഗര ഗതാഗത വികസനത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണവും ആധുനിക പൊതുഗതാഗത സംവിധാനങ്ങളോടുള്ള അചഞ്ചലമായ പിന്തുണയുമാണ് ഈ പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് കെഎംആർഎൽ വ്യക്തമാക്കി. നിർദിഷ്ട മെട്രോ വിപുലീകരണ പദ്ധതികൾ നഗരങ്ങളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ വേഗം പകരുന്നതിനും സഹായകരമാകും.മെട്രോ ശൃംഖലയുടെ തുടർ വളർച്ചയ്ക്കും ഭാവി വികസന പദ്ധതികളുടെ സാക്ഷാത്കാരത്തിനും ഈ ബജറ്റ് പിന്തുണ വലിയ പ്രചോദനമാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.കേരളത്തിലെ നഗര ഗതാഗത രംഗത്ത് ലോകോത്തര പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിനായി സംസ്ഥാന-കേന്ദ്ര സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത കെഎംആർഎൽ വീണ്ടും ആവർത്തിച്ചു.
Photo Courtesy - Google









