01:59pm 09 November 2026
NEWS
മഴക്കാലം രണ്ടാം ഘട്ട നിര്‍മാണ പാതയില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികളുമായി കെ എം ആർ എൽ
13/05/2025  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഴക്കാലം രണ്ടാം ഘട്ട നിര്‍മാണ പാതയില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികളുമായി  കെ എം ആർ എൽ

കൊച്ചി : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് സുരക്ഷാ നടപടികള്‍ കെഎംആര്‍എല്‍ ശക്തമാക്കി. പാലാരിവട്ടം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നിര്‍മാണം നടക്കുന്ന വിവിധയിടങ്ങളില്‍  സുഗമ ഗതാഗതവും പൊതുജനങ്ങളുടെ സുരക്ഷയും  ഉറപ്പാക്കിയാണ് തടസമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലെല്ലാം ശക്തമായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ കോണ്‍ട്രാക്ടര്‍മാര്‍ക്കും കെ.എം.ആര്‍.എല്‍ നിര്‍ദേശം നല്‍കി. നിര്‍മാണ സാമഗ്രികളും താല്‍ക്കാലിക ഷെഡുകളും കാറ്റിലും മഴയിലും ഇളകിയും ഒലിച്ചുംപോയി യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനും എല്ലാ വര്‍ക്ക് സൈറ്റുകളും പരിശോധിച്ച് അപകടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.  കൊച്ചി മെട്രോയുടെ പരിധിയിലുള്ള ഓടകള്‍ വൃത്തിയാക്കി തടസങ്ങള്‍ നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.  കൊച്ചി മെട്രോയുടെ പരിധിക്ക് പുറത്തുള്ള ഓടകളുടെ വൃത്തിയാക്കല്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്.
അടിയന്തര മുന്നൊരുക്കങ്ങള്‍ക്കായി എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സജ്ജമാക്കാനും എല്ലാ കോണ്‍ട്രാക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥരെയും അടിയന്തര സാഹചര്യങ്ങളില്‍ സേവനം നല്‍കാന്‍ പ്രാപ്തരായ ജീവനക്കാരെയും ഉള്‍പ്പെടുത്തിയതായിരിക്കും റെസ്‌പോണ്‍സ് ടീം രൂപീകരിക്കുന്നത്. പദ്ധതി പ്രദേശത്ത് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളുമായി യോജിച്ചാണ് കെഎംആര്‍എല്‍ പ്രവര്‍ത്തിക്കുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുന്ന സിവില്‍ ലൈന്‍ റോഡിലെയും സമീപപ്രദേശങ്ങളിലെയും കനാലുകളും ഓടകളും വൃത്തിയാക്കാന്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വെള്ളക്കെട്ട് ഉണ്ടാകുന്ന പക്ഷം വെള്ളം പമ്പ് ചെയ്ത് കളയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍  തദ്ദേശ സ്ഥാപനങ്ങള്‍ക്ക്് നിര്‍ദേശം നല്‍കാന്‍  ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകളിലും ഓടകളിലും കനാലുകളിലും മാലിന്യങ്ങള്‍ തള്ളുന്നത് തടയാനാവശ്യമായ പരിശോധനകളും നടപടികളും സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.മഴക്കാലത്ത് സുഗമമായ ഗതാഗതവും സുരക്ഷിതമായ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉറപ്പാക്കാന്‍ ഉന്നതതല ആഭ്യന്തര കമ്മറ്റിയും കെഎംആര്‍എല്‍ രൂപീകരിച്ചിട്ടുണ്ട്.  ഗതാഗത നിയന്ത്രണത്തിന് 10 ട്രാഫിക് വാര്‍ഡന്മാരെക്കൂടി നിയമിച്ചിട്ടുണ്ട്. നിലവില്‍ 20 ട്രാഫിക് വാര്‍ഡന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ 30 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് 8 മണിവരെ ട്രാഫിക് വാര്‍ഡന്മാരുടെ സേവനം ലഭ്യമാകും. റോഡില്‍ കുഴികള്‍ രൂപപ്പടുന്നതും വെള്ളക്കെട്ട് ഉണ്ടാകുന്നതും ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. രാത്രികാലങ്ങളില്‍ പദ്ധതി പ്രദേശത്തെ റോഡുപയോഗിക്കുന്നവര്‍ക്കുള്ള കാഴ്ച സുഗമമാക്കാനുള്ള നടപടികളും സ്വീകരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img