10:01pm 29 October 2026
NEWS
കെ.എം.ആര്‍.എല്‍ പ്രസ്താവന
29/10/2026  08:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ.എം.ആര്‍.എല്‍ പ്രസ്താവന

ജോസ് ജങ്ഷന് സമീപമുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ  (കെ.എം.ആര്‍.എല്‍) ഉമസ്ഥതയിലുള്ള സ്ഥലം സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാത്രം വിട്ടുനല്‍കി എന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തികച്ചും വഴിതെറ്റിക്കുന്നതും വാസ്തവവിരുദ്ധവുമാണ്. പൊതുജനങ്ങള്‍ക്കും സാംസ്‌കാരിക കൂട്ടായ്മകള്‍ക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പ്രതിദിന വാടക നല്‍കിയാല്‍ ഈ സ്ഥലം ലഭ്യമാക്കും. 

ജോസ് ജങ്ഷനിലെ സ്ഥലം ആര്‍ക്കും പൂര്‍ണ്ണമായോ സ്ഥിരമായോ നല്‍കിയിട്ടില്ല. നിശ്ചിത താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ചില വ്യക്തികളും സംഘടനകളും ജോസ് ജങ്ഷന് സമീപമുള്ള കെ.എം.ആര്‍.എല്‍ ഉമസ്ഥതയിലുള്ള സ്ഥലവുമായി ബന്ധപ്പെടുത്തി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഈ പ്രചാരണത്തില്‍ നിന്ന് അവര്‍ പിന്മാറണമെന്നും പൊതുജനങ്ങള്‍ ഇത്തരം പ്രചാരണങ്ങളും വാര്‍ത്തകളും വിശ്വസിക്കരുതെന്നും അഭ്യര്‍ഥിക്കുന്നു. പൊതുജനശ്രദ്ധയും മാധ്യമ പിന്തുണയും നേടിയെടുക്കാന്‍ മനഃപൂര്‍വ്വം ചില അസംതൃപ്തരായ വ്യക്തികള്‍ കെ.എം.ആര്‍.എല്ലിനെതിരെ പ്രതിഷേധങ്ങള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടു.

തുടക്കത്തില്‍ തുറന്ന തിയേറ്റര്‍ (Open Theatre) മാതൃകയില്‍, കെ.എം.ആര്‍.എല്ലിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ സാംസ്‌കാരിക, സാമൂഹിക പരിപാടികള്‍ക്ക് വാടകയ്ക്കു നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥലം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനും കൃത്യമായ വരുമാനം ഉറപ്പാക്കാനുമാണ് നിലവില്‍ പാര്‍ക്കിങ്ങിനായി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, സാംസ്‌കാരികമോ സാമൂഹികമോ ആയ പരിപാടികള്‍ക്ക് ആവശ്യമായി വരുമ്പോള്‍ ഈ സ്ഥലം തിരികെ ഏറ്റെടുക്കാന്‍ കെ.എം.ആര്‍.എല്ലിന് പൂര്‍ണ്ണ അവകാശമുണ്ടായിരിക്കും. പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി മുന്‍കൂട്ടി അറിയിച്ച് പ്രതിദിന വാടക നല്‍കിയാല്‍ നിബന്ധനകള്‍ക്കു വിധേയമായി വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അനുമതി ലഭിക്കും.വരുമാന ലഭ്യതയും പൊതുജന ആവശ്യങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന രീതിയിലാണ് ക്രമീകരണം. 

മെട്രോ പദ്ധതികള്‍ക്കായി വലിയ തുക വായ്പയെടുക്കുന്നത് പലിശസഹിതം അടിച്ചുതീര്‍ക്കേണ്ട ഉത്തരവാദിത്തം കെ.എം.ആര്‍.എല്ലിനുണ്ട്. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനിക്ക് വരുമാനം ലഭിക്കുന്ന സ്ഥലങ്ങള്‍ നിയമപരമായ രീതിയില്‍ സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക്/ലീസിന് നല്‍കാറുണ്ട്. കൊച്ചി മെട്രോ റെയില്‍ ശൃംഖലയുടെ പ്രവര്‍ത്തനം ലാഭകരമാക്കുന്നതില്‍ ഇതര വരുമാന മാര്‍ഗ്ഗങ്ങള്‍ (Alternate Revenue) നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്. ആരംഭം മുതല്‍ തന്നെ ഇതര വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള എല്ലാ സാധ്യതകളും കെ.എം.ആര്‍.എല്‍ നടത്തുന്നുണ്ട്.  

മെട്രോ ട്രെയിന്‍ സര്‍വീസുകളില്‍ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള ഇതര വരുമാനവും(Alternate Revenue) കമ്പനിക്ക് ലഭിക്കുന്നുണ്ട്. സ്റ്റേഷനുകളുടെ സെമി-നെയിമിംഗ് അവകാശം, പരസ്യങ്ങള്‍, ഓഫീസ് ഇടങ്ങള്‍, കിയോസ്‌കുകള്‍, ഭൂമി എന്നിവയില്‍ നിന്നുള്ള വാടക, സ്റ്റേഷനുകളിലും ട്രെയിനുകളിലും നടത്തുന്ന ഹ്രസ്വകാല പ്രവര്‍ത്തനങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ഫീഡര്‍ ബസുകളില്‍ നിന്നുള്ള വരുമാനം, ഫ്യുവല്‍ സ്റ്റേഷന്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img