കൊച്ചി : കൊച്ചി മെട്രോയുടെ കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡിനു സമീപമുള്ള കരാറുകാരുടെ മെറ്റീരിയല്‍ സ്റ്റോറില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ മധ്യപ്രദേശ് സ്വദേശി ശങ്കര്‍ ദയാല്‍ ശര്‍മ(49) മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെ.എംആര്‍എല്‍ അറിയിച്ചു. കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന അഫ്കോണ്‍സ് ഇൻഫ്രയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോറി ഡ്രൈവറാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറി പിന്നോട്ട് വന്നാണ് മൂന്നുമണിയോടെ അപകടം സംഭവിച്ചത്. ഡ്രൈവറെ അപ്പോള്‍ തന്നെ കളമശേരി മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. മരണപ്പെട്ട വ്യക്തിയുടെ കുടംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം കെഎംആര്‍എല്‍ നല്‍കും. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനും ആവശ്യമായ സഹായം നല്‍കും. സംഭവത്തില്‍ അടിയന്തര വിശദീകരണം നല്കാന് കരാറുകാരായ അഫ്കോണ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.എം.ആര്.എല്‍ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജനറല്‍ മാനേജര്‍ (സിവില്‍) ന്റെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണവും കെ എം ആര്. എല്‍ നടത്തും.അപകടം ഉണ്ടായ സാഹചര്യത്തില്‍ വര്‍ക്ക് സൈറ്റിലെ സുരക്ഷ കെ.എം.ആര്.എല്‍ കൂടുതല്‍ ശക്തമാക്കും. ഇതിനായി എല്ലാ സുരക്ഷാ പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഡയറക്ടർ ( പ്രോജക്ട്) ൻ്റെനേതൃത്വത്തില് എല്ലാ വര്‍ക്ക് സൈറ്റുകളിലും നേരിട്ട് പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയും അപകടസാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.








