04:29am 12 November 2026
NEWS
പിണറായി വിജയൻ മലബാറിലെ മുസ്ലിം വോട്ടിൽ വീണ്ടും ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്ന് കെ എം ഷാജി
09/12/2025  03:05 PM IST
nila
പിണറായി വിജയൻ മലബാറിലെ മുസ്ലിം വോട്ടിൽ വീണ്ടും ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്ന് കെ എം ഷാജി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിം ലീഗിന് ആശയപരമായ പൊരുത്തമില്ലെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി വ്യക്തമാക്കി. ഇരു സംഘടനകളുടെയും നിലപാടുകൾ ആഗോള തലത്തിൽ തന്നെ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെൽഫെയർ പാർട്ടിയുമായി ജില്ലാ അടിസ്ഥാനത്തിൽ പോലും ലീഗ് ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്നതും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അത്തരത്തിലുള്ള ധാരണകൾ സ്വാഭാവികമായി ഉണ്ടാകില്ലെന്നും ഷാജി വ്യക്തമാക്കി. സർക്കാരിനെതിരെ ചില സാഹചര്യങ്ങളിൽ ജമാഅത്തും ആർ‌എസ്‌എസും വോട്ട് ചെയ്യാറുണ്ടെങ്കിലും, അത്തരം വോട്ടുകൾ എന്നാൽ തികച്ചും അനിശ്ചിത സ്വഭാവമുള്ളതാണെന്നും “അരിപ്പവെച്ച് അരിക്കാൻ പറ്റുന്ന” ഒന്നല്ലെന്നും കെ.എം. ഷാജി പറഞ്ഞു.

കെ എം ഷാജിയുടെ വാക്കുകൾ ഇങ്ങനെ: 

'വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് നിരന്തരം പറയുന്നത് മുഖ്യമന്ത്രിയുടെ കോംപ്ലക്‌സിന്റെ കുഴപ്പമാണ്. ഇവിടുത്തെ ഭൂരിപക്ഷ വോട്ടുകളെ ടാർഗറ്റ് ചെയ്യുക എന്നത് ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അദ്ദേഹം തുടങ്ങിയത്. അത് അയ്യപ്പൻ പൊളിച്ചു കൊടുത്തു. ശബരിമല സ്വർണ്ണക്കൊള്ളയോടെ ആ തന്ത്രം തകർന്നു. വീണ്ടും മലബാറിൽ വന്ന് മുസ്ലിം വോട്ടുകളിൽ എങ്ങനെ ഒരു പോളറൈസേഷൻ ഉണ്ടാക്കാം എന്ന ആലോചനയിലാണ് മുഖ്യമന്ത്രി.' 

'വെൽഫയർ പാർട്ടി ഒരിക്കലും യുഡിഎഫുമായി ധാരണയുള്ള കക്ഷിയല്ല. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിരുദ്ധമായ പൊതുവികാരം ഉണ്ട്. ആ വികാരത്തിന്റെ ഭാഗമായി വോട്ട് ചെയ്യുന്നവരെയൊന്നും യുഡിഎഫ് വിലക്കാൻ പോകുന്നില്ല. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേരളത്തിലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല. അന്താരാഷ്ട്ര തലത്തിൽതന്നെ ഞങ്ങൾക്ക് ആശയപരമായി വ്യത്യാസമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ആ ഡിബേറ്റുകൾ തുടരും, ഒരു തിരഞ്ഞെടുപ്പിൽ അവർ ഞങ്ങൾക്ക് വോട്ട് ചെയ്തതുകൊണ്ട് അവരെ നന്നാക്കി പറയുന്ന പിണറായി വിജയന്റെ സ്വഭാവമൊന്നും ഞങ്ങൾക്കില്ല.'

'ഒരിക്കലും ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളുമായി സമരസപ്പെടില്ല. അവരുമായുള്ള ആശയപോരാട്ടം തുടരും. കേരളത്തിൽ ഇടതുപക്ഷം ഉണ്ടാക്കിവെച്ച ഒരു പ്രതിസന്ധിയുണ്ട്, ആ പ്രതിസന്ധിയിൽനിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നാണ് ആളുകൾ ആഗ്രഹിക്കുന്നത്. ആ കൂട്ടത്തിൽ വരുന്നവരെ ഒരു വിഭാഗം ജമാഅത്തെ എന്നോ, അല്ലെങ്കിൽ മറ്റൊരു പാർട്ടി എന്നോ അരിപ്പ വെച്ച് നോക്കേണ്ടതില്ല.' 

'മുഖ്യമന്ത്രിക്ക് പറയാൻ രാഷ്ട്രീയമില്ല. ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം കളിച്ച കളികൾ. തൃശ്ശൂരിൽ ബിജെപി ട്രെയിനിങ് വരെ നടത്തി അതു മുതലാക്കാം എന്നായിരുന്നു ധാരണ. എന്നാൽ അത് ബിജെപിയുടെ കയ്യിൽനിന്നും പിണറായിയുടെ കയ്യിൽനിന്നും പോയി. ആ പശ്ചാത്തലത്തിൽ മലബാറിലെ മുസ്ലിം വോട്ടിൽ വീണ്ടും ഭിന്നിപ്പ് ഉണ്ടാക്കുകയാണ് പിണറായി വിജയൻ. അതി ദരിദ്ര മുക്ത കേരളം എന്നു പറയുന്നത് മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവനയാണ്‌. അങ്ങനെയൊരു പ്രസ്താവന നടത്താനുള്ള തൊലിക്കട്ടി ഇന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാർക്ക് ഇല്ലാത്തതുകൊണ്ടും പച്ചയ്ക്ക് നുണ പറയാൻ പിണറായി വിജയനെ കഴിഞ്ഞ് വേറൊരാൾ ഇല്ലാത്തതുകൊണ്ടും ലോകത്ത് കേരളം തന്നെയാണ് വ്യത്യസ്തമായി നിൽക്കുന്നത്.' 

'കേരളം സ്വർഗമായി എന്നാണ് പിണറായി വിജയൻ പറയുന്നത്. നിരീശ്വരവാദിയായതിനാൽ സ്വർഗ്ഗവും നരകവും എന്താണെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടില്ല, എന്നാൽ അത് അനുഭവിക്കുന്ന ജനങ്ങൾക്കറിയാം ഇത് നരകം ആണെന്ന്.' വോട്ടെണ്ണുമ്പോൾ ഇതിന്റെ പ്രതിഫലനം ഉണ്ടാവും.

'വർഗീയ വോട്ട് വേണ്ട എന്ന എന്റെ നിലപാടിൽ മാറ്റമില്ല. അത് അങ്ങനെ നിസ്സാരമായി മാറ്റാവുന്ന, തമാശയ്ക്ക് മാറ്റാവുന്ന നിലപാട് അല്ല. ഇന്ന വോട്ട് വേണ്ടെന്ന് പേരെടുത്ത് പറയേണ്ട ഘട്ടം വന്നാൽ ഇനിയും അത് പറയും. ഞാൻ വർഗീയതക്കെതിരാകുന്നത് ജനങ്ങളെ ബോധ്യപ്പെടുത്താനോ വോട്ട് കിട്ടാനോ അല്ല, അതെന്റെ മനസ്സാക്ഷിയുടെയും ധാർമ്മികതയുടെയും പ്രശ്‌നമാണ്. അതുകൊണ്ട് ആ നിലപാട് മാറ്റുന്ന പ്രശ്‌നമില്ല.' 

'വെൽഫെയർ പാർട്ടിയുടെ വോട്ട് വാങ്ങാൻ യുഡിഎഫ് തീരുമാനിച്ചിട്ടില്ല. ഭരണവിരുദ്ധ വോട്ട് ആണ് യുഡിഎഫ് വാങ്ങുന്നത്. അതിൽ വെൽഫെയറിന്റെ വോട്ട് ഉണ്ടെങ്കിൽ അത് സ്വാഭാവികം. ആർഎസ്എസിന്റെ വോട്ട് ഉണ്ടെങ്കിലും സ്വാഭാവികം. യുഡിഎഫ് കേന്ദ്രീകൃതമായി വെൽഫെയർ പാർട്ടിയുമായോ ജമാഅത്തെ ഇസ്ലാമിയുമായോ സഖ്യം ഉണ്ടാക്കിയിട്ടില്ല. ഞങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് അത് ഉണ്ടാവുകയുമില്ല. നിയമസഭയിലും അത് ഉണ്ടാവില്ല. നിയമസഭ എന്നത് അടുത്ത തിരഞ്ഞെടുപ്പ് ആണ്, അത് കഴിഞ്ഞിട്ടും നമുക്കിവിടെ ജീവിക്കണമല്ലോ.'

ഖാഇദെ മില്ലത്ത് ഉണ്ടാക്കിയ മുസ്ലിം ലീഗിന് അകത്ത് വേറൊരു പാർട്ടി ഉണ്ടാക്കിയിട്ട് ഞങ്ങൾ ഭയങ്കരമായി മാറി, ഞങ്ങൾ അങ്ങനെയല്ല എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും അതുപോലെയാണ് ജമാഅത്തെ ഇസ്ലാമി മാറി എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img