
കോഴിക്കോട്: ആഡംബരക്കാറുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. താൻ ആഡംബരക്കാറിൽ ചാരി നിൽക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം എഐയുടെ സഹായത്തോടെ നിർമിച്ചതാണെന്ന് മന്ത്രി ആരോപിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ആഡംബര കാർ ഉപയോഗിച്ചുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
മന്ത്രി ഉപയോഗിക്കുന്ന വാഹനമാണ് മന്ത്രി വാഹനം എന്നതാണ് നിലവിലെ നിയമമെന്ന് കെ.എം. ഷാജി പറഞ്ഞു. സ്വന്തം വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും മറ്റൊരാളുടെ കാർ മന്ത്രി ഉപയോഗിക്കരുതെന്ന തരത്തിലുള്ള നിയമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
കാർ ഉപയോഗിച്ചതിന്റെ പേരിൽ തന്നെ പ്രതിക്കൂട്ടിൽ നിർത്തണമെങ്കിൽ പുതിയ ചട്ടം കൊണ്ടുവരേണ്ടിവരുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, കാർ ഉപയോഗിച്ചതിൽ ധാർമികമായ പ്രശ്നമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടായതാണ് വിഷയത്തിലെ പ്രധാന പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെ സിപിഎം സൈബർ ടീം ആസൂത്രിതമായി പ്രചാരണം നടത്തുകയാണെന്നും കെ.എം. ഷാജി ആരോപിച്ചു. മുൻപ് എംഎൽഎയായിരുന്നപ്പോഴും സുഹൃത്തുക്കളുടെ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് ഉപയോഗിച്ച വാഹനം സർക്കാർ ഗസ്റ്റ് ഹൗസിന്റേതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ, ഒരു ബാർ ഉടമയ്ക്കൊപ്പം മന്ത്രി നിൽക്കുന്നുവെന്ന പേരിലും സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചിരുന്നു. എന്നാൽ, ആരോപണവിധേയനായ വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറിനുമൊപ്പമുള്ള ചിത്രങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന നിലപാടിലാണ് പ്രവർത്തിക്കുന്നതെന്നും കെ.എം. ഷാജി പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുൻ ഇടതു സർക്കാരിന്റെ കാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പിൽ നടന്നുവെന്ന് ആരോപിക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. ഏകദേശം 13,000 അനധികൃത നിയമനങ്ങൾ നടന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇവയെല്ലാം പുറത്തുകൊണ്ടുവരുമെന്നും കടുത്ത അഴിമതിയാണ് ഇടതു സർക്കാരിന്റെ കാലത്ത് നടന്നതെന്നും കെ.എം. ഷാജി ആരോപിച്ചു.










