
വിവാദ പ്രസംഗത്തെ ന്യായീകരിച്ച് മുസ്ലീ ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ താൻ വർഗീയവാദിയാണെന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം. മുസ്ലിംലീഗ് ഒരു സാമുദായിക സംഘടന മാത്രമല്ല, ന്യൂനപക്ഷ സംഘടന കൂടിയാണെന്നും കെ എം ഷാജി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മേൽ കുതിരകയറിയിട്ട് ഭരണം നിലനിർത്താം എന്ന് സിപിഎം വിചാരിക്കുന്നുണ്ടെങ്കിൽ അതിനെ പ്രതിരോധിക്കാൻ തങ്ങൾ ഇവിടെ ഉണ്ടാവുമെന്നും ലീഗ് നേതാവ് കൂട്ടിച്ചേർത്തു.
താൻ സമുദായത്തിന് വേണ്ടി വാദിച്ചാൽ വർഗീയവാദിയെന്ന് മുദ്രകുത്തപ്പെടുകയും വെള്ളാപ്പള്ളി മറ്റുസമുദായങ്ങളെ ആക്ഷേപിച്ചാൽ നവോത്ഥാന നായകനായി വാഴ്ത്തപ്പെടുകയുമാണെന്നും കെ എം ഷാജി പറഞ്ഞു. ഇതെന്തൊരു തമാശയാണെന്നും കെ എം ഷാജി ചോദിച്ചു. വെള്ളാപ്പള്ളി ഈഴവന് വേണ്ടി വാദിക്കുകയല്ല ചെയ്യുന്നത്, മുസ്ലിങ്ങളെ ആക്ഷേപിക്കുകയും പരിഹസിക്കുകയും, ചീത്തവിളിക്കുകയുമാണ് ചെയ്യുന്നത്. ആ വെള്ളാപ്പള്ളി നവോത്ഥാന നായകനാണ്. അതേ സമയം സമുദായത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന താൻ വർഗീയവാദി ആവുകയാണെന്നും കെ എം ഷാജി പറഞ്ഞു.
ഷാജി വഹാബിയാണെന്ന ഉമർ ഫൈസിയുടെ വിമർശനത്തിന് സഖാക്കൾ അങ്ങനെ പലതരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നായിരുന്നു പരിഹാസം. സുന്നിയാവാൻ ആരുടേയും സർട്ടിഫിക്കറ്റ് വാങ്ങേണ്ട ഗതികേട് തനിക്കില്ലെന്നും കെ എം ഷാജി കോഴിക്കോട്ട് പറഞ്ഞു.











