
കേരള കോൺഗ്രസ് എമ്മിന് പുതിയൊരു യുവനേതാവ് എത്തുന്നു. കെ എം മാണിയുടെ കുടുംബത്തിൽ നിന്നാണ് യുവരക്തം പാർട്ടി നേതൃത്വത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. കെ എം മാണിയുടെ ചെറുമകനും നിലവിലെ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ മകനുമായ കെ എം മാണി ജൂനിയറാണ് പാർട്ടിയിൽ സജീവമാകാനൊരുങ്ങുന്നത്. പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌സിയുടെ നേതൃത്വത്തിലേക്കാണ് കെ എം മാണി ജൂനിയർ എത്തുക.
ആദ്യം സംസ്ഥാന സഹഭാരവാഹിയായാകും കെ എം മാണി ജൂനിയർ ചുമതല ഏൽക്കുക. അതിനു പിന്നാലെ ഭാരവാഹിയാക്കും. സംസ്ഥാന നേതൃത്വത്തിലേക്ക് ജൂനിയർ കെ എം മാണിയെ എത്തിക്കുന്നതോടെ കെ എം മാണിയുടെ കുടുംബത്തിലെ മൂന്നാം തലമുറയും സജീവ രാഷ്ട്രീയത്തിലെത്തും.
അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പാലാ നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന സൂചന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നൽകിയിരുന്നു. രണ്ടായിരത്തോളം യുവാക്കളെ അണിനിരത്തിയ ശക്തിപ്രകടനം നടത്തിയാണ് പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് താൻ മാറില്ലെന്ന സന്ദേശം അദ്ദേഹം നൽകിയത്.
നേരത്തെ കടുത്തുരുത്തി മണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ മാണിയും പ്രവർത്തനം സജീവമാക്കിയിരുന്നു. ഇതോടെ ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പരാജയപ്പെട്ടെങ്കിലും മോൻസ് ജോസഫിന്റെ ഭൂരിപക്ഷം 5000ത്തിന് താഴെയ്ക്ക് എത്തിക്കാൻ കേരള കോൺഗ്രസ് എമ്മിന് സാധിച്ചിരുന്നു.








