12:39am 13 December 2025
NEWS
കെകെജി: വിടപറഞ്ഞത് ഭാഷാസമന്വയം ജീവിത വ്രതമാക്കിയ അക്ഷരോപാസകൻ.
20/01/2025  12:25 PM IST
വിഷ്ണുമംഗലം കുമാർ
കെകെജി: വിടപറഞ്ഞത് ഭാഷാസമന്വയം ജീവിത വ്രതമാക്കിയ അക്ഷരോപാസകൻ

 സർഗ്ഗാത്മക സാഹിത്യ വിവർത്തനത്തിലൂടെ കർണാടകത്തിലും ദേശീയതലത്തിലും ശ്രദ്ധയും പ്രശസ്തിയും നേടിയ മലയാളിയായ എഴുത്തുകാരനാണ് ഇന്നലെ അന്തരിച്ച കെകെജി എന്ന കെ കെ ഗംഗാധരൻ. മലയാള കൃതികൾ കന്നഡത്തിലേക്ക് വിവർത്തനം ചെയ്യുന്ന സപര്യയിലാണ് കഴിഞ്ഞ നാലുദശകത്തിലേറെ കാലമായി അദ്ദേഹം ഏർപ്പെട്ടിരുന്നത്. മലയാളത്തിലെ ഒട്ടെല്ലാ പ്രമുഖ എഴുത്തുകാരുടെയും കഥകൾ കെകെജി കന്നഡത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.അതോടൊപ്പം പ്രശസ്തരല്ലാത്ത എഴുത്തുകാരുടെ ധാരാളം രചനകളും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.കെ.കെജിയുടെ വിവർത്തനജീവിതത്തിലെ തിളക്കമേറിയ അദ്ധ്യായമാണ് പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ഇരുന്നൂറ്റിയമ്പത് കഥകൾ പരിഭാഷപ്പെടുത്തി അഞ്ചു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയ അനുഭവം. അത് റിക്കാർഡാണ്.     'മലയാളം കഥഗളു' എന്ന പുസ്തകത്തിനാണ് കെകെ ജിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ മികച്ച വിവർത്തകനുള്ള ദേശീയ അവാർഡ് ലഭിച്ചത്. കർണാടക സാഹിത്യ അക്കാദമി അവാർഡ്, കുവെമ്പു ഭാഷാഭാരതി പ്രാധികാര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ മലയാളിയായ ഈ കന്നഡ എഴുത്തുകാരന് ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ(19.1.25) ഉച്ചയ്ക്ക് ബംഗളുരുവിലെ എം എസ് രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം മൃതദേഹം ബന്ധുക്കൾ രാമയ്യ മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തു.
(മലയാളവും കന്നഡയും)
തൊട്ടടുത്തു കിടക്കുന്നവരാണെങ്കിലും ഒട്ടേറെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമുള്ള രണ്ടു ജനസമൂഹങ്ങളാണ്         കന്നഡിഗരും മലയാളികളും. ഭാഷയിലും ജീവിതരീതിയിലും മാത്രമല്ല ഈ വ്യത്യാസം. സാംസ്‌കാരികമായി തന്നെ വളരെ പ്രകടമായ അന്തരം ഈ ജനവിഭാഗങ്ങള്‍ തമ്മിലുണ്ട്. അയല്‍സംസ്ഥാനക്കാര്‍ എന്നതിലുപരി കര്‍ണാടകത്തിലെ നഗരങ്ങളില്‍ അനേകായിരം പ്രവാസി മലയാളികള്‍ കന്നഡിഗ രോടൊപ്പം പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നുണ്ട്. സൗഹൃദം സുദൃഢമാണെങ്കിലും സാംസ്‌കാരികമായി ഒരു ഉള്‍ച്ചേരല്‍ ഉണ്ടാകാറില്ല. രണ്ടും രണ്ട് സംസ്‌കാരങ്ങളായി വേര്‍തിരിഞ്ഞു നില്‍ക്കുന്നു. മലയാളികള്‍ക്ക് കന്നഡിഗരെപ്പറ്റിയും     കന്നഡിഗര്‍ക്ക് മലയാളികളെപ്പറ്റിയും വ്യക്തമായ ഉള്‍ക്കാഴ്ച ലഭിക്കാന്‍ സാഹിത്യകൃതികളുടെ ഭാഷാന്തരീകരണം സഹായകമാവും. കന്നഡത്തിലെ മഹാസാഹിത്യകാരനായ കുവെമ്പു മുതല്‍ അകാലത്തില്‍ പൊലിഞ്ഞുപോയ ശ്രീകൃഷ്ണ ആലനഹള്ളി വരെയുള്ളവരുടെ ഉല്‍കൃഷ്ട രചനകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ആ പുസ്തകങ്ങള്‍ വ്യാപകമായ പ്രചാരം നേടുകയും ചെയ്തിട്ടുണ്ട്. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും കന്നഡിഗരെപ്പറ്റി മനസ്സിലാക്കാന്‍ ആ കൃതികള്‍ ഉപകരിച്ചിട്ടുണ്ട്. എന്നാല്‍ വിരലിലെണ്ണാവുന്ന കൃതികളേ മലയാളത്തില്‍ നിന്ന് കന്നഡത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ളൂ. ഗൗരവപൂര്‍ണമായ സാഹിത്യപാരായണം കന്നഡനാട്ടില്‍ ഒരു ന്യൂനപക്ഷത്തില്‍ ഒതുങ്ങിക്കിടക്കുകയാണെന്ന വസ്തുതകൂടി കണക്കിലെടുത്താല്‍   കന്നഡിഗര്‍ക്ക് മലയാളത്തെയും കേരളീയരെയും കുറിച്ചുള്ള അറിവ് പരിമിതവും ഭാഗികവുമാണെന്ന് കാണാം. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെങ്കില്‍ പഴയതും പുതിയതുമായ ധാരാളം കൃതികള്‍ മലയാളത്തില്‍ നിന്ന് കന്നഡത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ട്. മലയാള കൃതികളുടെ ഗൗരവം ചോര്‍ന്നു പോകാതെ കന്നഡത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ളവര്‍ വളരെ കുറച്ചേയുള്ളൂ. അതില്‍ തന്നെ മിക്കവരും ഭാഷാന്തരീകരണം ഒരു തപസ്യയായി കാണുന്നവരല്ല. ജീവിതോപാധിയായി ഏറ്റെടുത്തവരാണ്. പുസ്തകവ്യാപാരം കന്നഡത്തില്‍ അത്രകണ്ട് ലാഭകരമല്ല എന്നതും ഭാഷാന്തരീകരണത്തിന് വിഘാതമായി നില്‍ക്കുന്ന ഘടകമാണ്. കന്നഡ എഴുത്തുകാരുടെ തന്നെ മൂല്യകൃതികളെക്കാള്‍ കോപ്പികള്‍ വിറ്റഴിയുന്നത് അവയുടെ മലയാള വിവര്‍ത്തനങ്ങളാണെന്ന് യു.ആര്‍. അനന്ദ മൂര്‍ത്തിയെപോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്.
ഇതൊക്കെ പ്രതികൂലഘടകങ്ങളാണെങ്കിലും മലയാളത്തില്‍ നിന്ന് നോവല്‍, ചെറുകഥ, കവിത തുടങ്ങിയ സാഹിത്യസൃഷ്ടികള്‍ കന്നഡത്തിലെ ആനുകാലികങ്ങളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും പുസ്തകങ്ങളായി പുറത്തു വരികയും ചെയ്യുന്നുണ്ട്. അതുപോരെന്നും ധാരാളം നല്ല കൃതികള്‍ മലയാളത്തില്‍ നിന്ന് കന്നഡത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ടെന്നും പ്രശസ്ത നിരൂപകനായ കെ.പി. ശങ്കരന്‍  അഭിപ്രായപ്പെട്ടിരുന്നു. ഏറെക്കാലം കര്‍ണാടകത്തില്‍ ജീവിച്ച, ഇരുഭാഷകള്‍ക്കും ഇടയില്‍ ഒരു കണ്ണിയായി പ്രവര്‍ത്തിച്ചു പോന്ന ആളാണ് ശങ്കരന്‍ മാഷ്. വ്യക്തികള്‍ ചെയ്യുന്ന വിവര്‍ത്തന ജോലികള്‍ വിപുലപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഒന്നിലേറെ പേര്‍ ചേര്‍ന്നു നിര്‍വ്വഹിക്കുന്ന വിവര്‍ത്തനോദ്യമങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ശങ്കരന്‍ മാഷ് അഭിപ്രായപ്പെടുകയുണ്ടായി. ഭാഷാസംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘttaത്തില്‍ നല്ല സാഹിത്യ കൃതികള്‍ വിപുലമായി ഭാഷാന്തരീകരണം ചെയ്യപ്പെടേണ്ടതുണ്ട്.
(സ്തുത്യർഹമായ സാഹിത്യസേവനം) മൊഴിമാറ്റ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച സാഹിത്യകാരനായിരുന്നു  കെ. കെ. ഗംഗാധരന്‍. നാലു ദശാബ്ദത്തിലേറെ കാലം വിവര്‍ത്തനരംഗത്ത് വ്യാപരിച്ച 
ഗംഗാധരന്‍ ഒട്ടേറെ സാഹിത്യകൃതികള്‍ മലയാളത്തില്‍ നിന്ന് കന്നഡത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
കാസര്‍ഗോട്ടെ കോട്ടൂരാണ് ഗംഗാധരന്റെ ജന്മസ്ഥലമെങ്കിലും കുടുംബം കുടകിലേക്ക് കുടിയേറിയതിനെ തുടര്‍ന്ന് സോമവാര്‍പേട്ടയിലെ ഇരുമ്പുപാലം എന്ന സ്ഥലത്താണ് പഠിച്ചു വളര്‍ന്നത്. പിതാവ് കരിച്ചേരി കുഞ്ഞമ്പു നായര്‍. മാതാവ് ഉത്തമ്മ (കുഞ്ഞമ്മാര്‍). മാതൃഭാഷ മലയാളമാണെങ്കിലും കന്നഡയാണ് ഗംഗാധരന്‍ പഠിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം ഹാസനില്‍ കോത്താറി കോഫി ക്യൂറിങ്ങ് വര്‍ക്കില്‍ ജോലി ചെയ്തു. 1974-ല്‍ ആണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗം ലഭിക്കുന്നത്. അര്‍സിക്കരെ, തുംകൂര്‍, മടിക്കേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ ജോലിനോക്കിയ ശേഷം 1979-ല്‍ ബാംഗ്‌ളൂര്‍ സിറ്റി ആര്‍.എം.എസ്സിലേക്ക് മാറ്റം ലഭിച്ചു. ദീര്‍ഘകാലം അവിടെ ജോലിചെയ്ത കെകെ ജി ഏതാനും വര്‍ഷം മുമ്പാണ് വിരമിച്ചത്. 
കന്നഡത്തില്‍ ലേഖനങ്ങളും കഥകളും എഴുതിയിരുന്നു. മലയാളം പഠിക്കുന്നതും വിവര്‍ത്തനമേഖലയിലേക്ക് കടക്കുന്നതും കെ.എസ്. കരുണാകരനെ പരിചയപ്പെടുന്നതോടെയാണ്. ടിപ്തൂര്‍ കല്പതരു കോളേജിലെ കന്നഡവിഭാഗം തലവനായിരുന്നു മലയാളിയായ കരുണാകരന്‍. ഇദ്ദേഹം ഗംഗാധരന്റെ ഗുരുസ്ഥാനീയനാണ്.
ജോസഫ് പനയ്ക്കലിന്റെ കഥയാണ് ആദ്യമായി തര്‍ജ്ജമ ചെയ്തത്. പിന്നീട് ഇ.എം.എസ്സിന്റെ ചോദ്യോത്തരങ്ങളും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ 'കക്കയം' എന്ന കൃതിയും വിവര്‍ത്തനം ചെയ്ത്  ജനതാമാധ്യമ പത്രത്തിന്റെ വാരാന്ത്യപതിപ്പില്‍ തുടര്‍ച്ചയായ് പ്രസിദ്ധീകരിച്ചു. ബഷീര്‍, തകഴി, ഒ.വി. വിജയന്‍,ടി.പദ്മനാഭൻ, എം. മുകുന്ദന്‍, എം.ടി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള,  ബാലകൃഷ്ണന്‍ മാങ്ങാട് തുടങ്ങിയവരുടെ ഇരുന്നൂറോളം ചെറുകഥകള്‍ ഗംഗാധരന്‍ കന്നഡത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. അതിന് പുറമെയാണ് മാധവിക്കുട്ടിയുടെ ഇരുന്നൂറ്റിയമ്പത് കഥകൾ വിവർത്തനം ചെയ്ത് അഞ്ചു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയത്.      മല്ലിഗെ, തുഷാര , പ്രജാമത, പ്രജാവാണി, സുധ, മയൂര, ജനവാഹിനി, വിജയകര്‍ണാടക തുടങ്ങിയ ആനുകാലികങ്ങളിലാണ് കെ കെ ജി വിവർത്തനം ചെയ്ത രചനകൾ പുസ്തകമാകുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്.പുസ്തകമാകാത്ത നിരവധി വിവർത്തന രചനകൾ ഉണ്ടുതാനും. മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍, സക്കറിയയുടെ ഭാസ്‌ക്കര പട്ടേലരും എന്റെ ജീവിതവും  തുടങ്ങിയ നോവലുകളും ഗംഗാധരന്‍ വിവര്‍ത്തനം ചെയ്ത കൃതികളില്‍ ഉള്‍പ്പെടുന്നു. ഭാസ്‌ക്കരപട്ടേലരുടെ കന്നഡ തര്‍ജ്ജമ പിന്നീട് കൊടവ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. 
കുങ്കുമം അവാര്‍ഡ് നേടിയ കെ. കവിതയുടെ വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രം എന്ന നോവലും സുധാകരന്‍ രാമന്തളിയുടെ അരങ്ങൊഴിയുന്ന അച്ചുതന്‍ എന്ന നോവലും ഗംഗാധരന്‍ വിവര്‍ത്തനം ചെയ്തിരുന്നു. കെ. കവിതയുടെ നോവല്‍ ബെള ളിത ബാളിഗെ ബെളക്കു എന്ന പേരില്‍ 2009 ലും സുധാകരന്‍ രാമന്തളിയുടെ നോവല്‍ നിര്‍ഗമന എന്ന പേരില്‍ അതിന് ശേഷവുമാണ്  പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയത്. അസുഖ ബാധിതനായി വിശ്രമത്തിലായിരുന്നപ്പോഴും വിവർത്തനജോലികൾ ചെയ്തിരുന്നു. ഒട്ടേറെ മലയാള കൃതികൾ കെകെജിയുടെ മനസ്സലിയുന്നതും കാത്ത് വിവർത്തനത്തിനായി അദ്ദേഹത്തിന്റെ മേശമേൽ സ്ഥാനം പിടിച്ചിരുന്നു. 
കര്‍ണാടകത്തിലെ സാംസ്‌കാരി വകുപ്പിന്റെ ഭാഷാഭാരതി പ്രാധികാര പുരസ്‌ക്കാരമാണ് ആദ്യം ലഭിച്ച പ്രധാന അംഗീകാരം. മികച്ച വിവര്‍ത്തനത്തിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്.  2009 ല്‍ പ്രസിദ്ധീകരിച്ച ബെള ളിത ബാളിഗെ ബെളക്കു എന്ന  നോവലിനാണ് പുരസ്‌ക്കാരം ലഭിച്ചത്.  ബാംഗ്‌ളൂര്‍ യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സമ്പന്നമായ സദസ്സിനെ സാക്ഷിയാക്കി സാംസ്‌കാരിക വകുപ്പു മന്ത്രി ഗോവിന്ദ് കാര്‍ജോള്‍ പുരസ്‌ക്കാരം സമ്മാനിച്ചത്.തുടർന്ന് സംസ്ഥാന സാഹിത്യ അവാർഡ്, കേന്ദ്ര സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചു. 
വിവര്‍ത്തനം ഒരു തപസ്യയായി കരുതിപ്പോന്ന ഇദ്ദേഹത്തിന് തമിഴിലും അവഗാഹമുണ്ടായിരുന്നു. അനുരാധാരമണന്‍, വരലൊട്ടി രംഗസ്വാമി എന്നിവരുടെ തമിഴ് കഥകള്‍ കന്നഡത്തിലാക്കിയിട്ടുണ്ട്. മലയാളത്തില്‍ നിന്നും ചില സുപ്രധാന കൃതികള്‍ കന്നഡത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള തയ്യാറെടുപ്പിനിടയിലാണ് രോഗബാധിതനായത്. ബംഗളുരുവിൽ പ്രകാശ് നഗർ,മഞ്ജുനാഥനഗർ എന്നിവിടങ്ങളിലാണ് ദീർഘ കാലം താമസിച്ചിരുന്നത്. ആർ എം എസ്സിൽ നിന്ന് വിരമിച്ച ശേഷം ഏതാനും വർഷം മുമ്പ് സിറ്റിയിൽ നിന്ന് അകലെ മാഗഡി റോഡിലെ അഞ്ജന നഗറിൽ വീടുവെച്ച് താമസമാക്കി. പത്‌നി രാധ വീട്ടമ്മയാണ്. ഏക മകന്‍ ശരത് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.മരുമകൾ: രേണുക. കേരള, കർണാടക സംസ്കാരത്തെയും മലയാള, കന്നഡ സാഹിത്യത്തെയും ചേർത്തുനിർത്തിയ ഒരു സുപ്രധാന കണ്ണിയാണ് കെ കെ ജിയുടെ വിയോഗത്തോടെ ഇല്ലാതായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img