
കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ കെ രാഗേഷിന്റെ പേര് നിർദ്ദേശിച്ചത്.,
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, മുൻ രാജ്യസഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എം.പ്രകാശന്റെയും ടി.വി.രാജേഷിന്റെയും പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവിൽ കെ.കെ.രാഗേഷിനെ തിരഞ്ഞെടുക്കുകയായിരുന്നു.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കെ കെ രാഗേഷ്സ എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും തുടർന്ന് അഖിലേന്ത്യാ നേതൃത്വത്തിലേക്കും ഉയർന്നു. എസ്എഫ്ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു കെ.കെ.രാഗേഷ്.
2015ൽ കേരളത്തിൽനിന്നു രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 മേയിൽ രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമാണ് കെ.കെ.രാഗേഷ്. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ പ്രിയ വർഗീസ് ആണ് ഭാര്യ.