
കൊച്ചി: ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈൻ. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകുമെന്നാണ് ഷൈൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. സ്വന്തം നഗ്നത മറച്ചുപിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണമെന്ന് കെ.ജെ. ഷൈൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പൊതുപ്രവർത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തിൽ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടൽ നടത്തുമെന്ന വിശ്വാസം ഉണ്ട്. ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമുക്ക് മുമ്പേ സഞ്ചരിച്ചവർ. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറുമെന്നും കെ.ജെ. ഷൈൻ പറഞ്ഞു.
ആന്തരിക ജീർണതകൾ മൂലം കേരള സമൂഹത്തിന് മുന്നിൽ തല ഉയർത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായി എന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാൻ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾക്കും മാധ്യമങ്ങൾക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു.








