10:57am 12 November 2026
NEWS
സ്ത്രീകളെ കുറിച്ച് ലൈംഗികാപവാദം പറഞ്ഞാൽ ആത്മരതി കിട്ടുന്ന കുറച്ച് ആളുകളുണ്ടെന്ന് കെ ജെ ഷൈൻ
19/09/2025  09:48 AM IST
nila
സ്ത്രീകളെ കുറിച്ച് ലൈംഗികാപവാദം പറഞ്ഞാൽ ആത്മരതി കിട്ടുന്ന കുറച്ച് ആളുകളുണ്ടെന്ന് കെ ജെ ഷൈൻ

ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു എംഎൽഎയെ രക്ഷിക്കാൻ യുഡിഎഫ് പലതരത്തിൽ ശ്രമിച്ചിട്ടും കഴിയാത്തതിന്റെ ദുർബലാവസ്ഥ പരിഹരിക്കുന്നതിനും ശ്രദ്ധതിരിക്കാനുമാണ് തനിക്കെതിരെയുള്ള പ്രചാരണങ്ങളെന്ന് സിപിഎം നേതാവ് കെ.ജെ.ഷൈൻ. അപവാദ പ്രചാരണം സംബന്ധിച്ച് രണ്ട് മൂന്ന് ദിവസം മുമ്പ് കോൺഗ്രസ് പ്രാദേശിക നേതാവ് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഷൈൻ വെളിപ്പെടുത്തി.  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയാതെ ഇതൊന്നും നടക്കില്ലെന്നും പറവൂരിലെ വീട്ടിൽ ഭർത്താവിനൊപ്പം മാധ്യമങ്ങളെ കണ്ട ഷൈൻ കൂട്ടിച്ചേർത്തു. 

'രണ്ട് മൂന്ന് ദിവസം മുമ്പ് കോൺഗ്രസിന്റെ ഒരു പ്രാദേശിക നേതാവ് എന്നോട് പറഞ്ഞു, ടീച്ചറേ ഒരു ബോംബ് വരുന്നുണ്ടെന്ന്. ധൈര്യമായിട്ട് ഇരുന്നോളണം, എന്തു കേട്ടാലും വിഷമിക്കരുതെന്നും പറഞ്ഞു. ടീച്ചറേയും ഒരു എംഎൽഎയേയും കൂട്ടി ഒരു സാധനം വരുന്നുണ്ടെന്നും അറിയിച്ചു. അതിനു ശേഷമാണ് ഈ പ്രചരണം വരുന്നത്. ആദ്യം തിരിച്ചറിയാൻ പറ്റാത്ത ഒരു പോസ്റ്ററാണ് വന്നത്. ഭർത്താവ് പരാതി കൊടുക്കാൻ പറഞ്ഞു, പേരും വിവരങ്ങളും ഒന്നുമില്ലാത്തത് കൊണ്ട് അന്ന് പരാതി നൽകിയില്ല' കെ.ജെ.ഷൈൻ പറഞ്ഞു.

സാംസ്‌കാരിക പ്രവർത്തകൻ എന്നറിയപ്പെടുന്ന കോൺഗ്രസിന്റെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണൻ എന്നയാളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ കഥ പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയാതെ ഇതൊന്നും നടക്കില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും കെ.ജെ.ഷൈൻ പറഞ്ഞു. സ്ത്രീകളെ കുറിച്ച് ലൈംഗികമായി അപവാദം പറഞ്ഞാൽ ആത്മരതി കിട്ടുന്ന കുറച്ച് ആളുകളുണ്ടെന്നും ഷൈൻ കൂട്ടിച്ചേർത്തു. 

മകന്റെ ഭാര്യയുടെ പ്രസവത്തെത്തുടർന്നുള്ള തിരക്കിലായിരുന്നു താൻ കുറച്ച് ദിവസമായിട്ട്. ഇതിനിടയിലാണ് തന്റെ ചിത്രംവെച്ചുള്ള പ്രചാരണങ്ങളും വരുന്നതെന്നും അവർ പറഞ്ഞു. താൻ നൽകിയ പരാതിയിൽ പോലീസ് വിവരങ്ങൾ തേടിയിരുന്നുവെന്നും ഷൈൻ പറഞ്ഞു.

'വലതുപക്ഷ രാഷ്ട്രീയത്തിൽനിന്നാണ് ഈ പ്രചാരണം വന്നതെന്ന് ഉറപ്പാണ്. പരാതി നൽകിയിട്ടുണ്ട്. എസ്പി ഓഫീസിൽനിന്ന് ഇന്നലെ വിളിച്ച് വിവരങ്ങൾ എടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. വെറുതെയിരിക്കില്ല. സ്ത്രീകൾ ഇനിയും പൊതുരംഗത്തേക്ക് വരണം. എന്തെങ്കിലും കേട്ടാൽ വീടിനകത്തേക്ക് തിരിച്ച് ഓടുന്നവരല്ല സ്ത്രീകളെന്ന് മനസ്സിലാക്കി നൽകണം. മനോവൈകൃതം ബാധിച്ച ഒരു പ്രായമുണ്ട്. നേർവഴിക്ക് നടത്താൻ ആരുമില്ലാത്ത ചിലയാളുകൾ യൂട്യൂബ് ചാനലിൽ വന്നിരുന്നത് എന്തെല്ലാമാണ് പറയുന്നത്. ഇത്തരക്കാരെ വെറുതെവിടില്ല' കെ.ജെ.ഷൈൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img