11:25pm 01 June 2026
NEWS
സിദ്ധരാമയ്യയുടെ രാജി എളുപ്പമാക്കിയത് മലയാളിയായ കെ ജെ ജോർജ്ജ്; ഒരുപക്ഷെ ഡി കെ മന്ത്രിസഭയിൽ അദ്ദേഹം ചേർന്നേക്കില്ല.
01/06/2026  12:45 PM IST
വിഷ്ണുമംഗലം കുമാർ
സിദ്ധരാമയ്യയുടെ രാജി എളുപ്പമാക്കിയത് മലയാളിയായ കെ ജെ ജോർജ്ജ്; ഒരുപക്ഷെ ഡി കെ  മന്ത്രിസഭയിൽ അദ്ദേഹം ചേർന്നേക്കില്ല

 ബംഗളുരു: മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നുള്ള ഹൈക്കമാണ്ട് നിർദ്ദേശം സിദ്ധരാമയ്യയ്‌ക്ക് ഷോക്കായിരുന്നു. കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചേക്കും എന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എം എൽ എമാർക്കിടയിൽ ഒപ്പുശേഖരണം നടത്താനും ഹൈക്കമാണ്ട് നിർദ്ദേശം തള്ളാനുമാണ് പ്രകോപിതരായ അടുത്ത അനുയായികൾ സിദ്ധരാമയ്യയെ ഉപദേശിച്ചത്. എന്നാൽ സിദ്ധരാമയ്യയെ സമാശ്വസിപ്പിച്ച് രാജി എളുപ്പമാക്കിയത് അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ കെ ജെ ജോർജ്ജാണ്. സോണിയാ ഗാന്ധിയുടെ കുടുംബവുമായി ദീർഘകാലത്തെ ബന്ധമുള്ള ജോർജ്ജിന് സിദ്ധരാമയ്യയുമായും ആത്മ ബന്ധമുണ്ട്. അദ്ദേഹമാണ് സിദ്ധരാമയ്യയെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി ഹൈക്കമാന്റുമായി ഉടക്കാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത്. രാജിയ്ക്ക് മുമ്പും ശേഷവുമുള്ള സിദ്ധരാമയ്യയുടെ ഡൽഹി യാത്രയിൽ ജോർജ്ജും ഉണ്ടായിരുന്നു. ജോർജ്ജ് മാത്രമാണ് ഹൈക്കമാണ്ട് സിദ്ധരാമയ്യയുമായി നടത്തിയ ചർച്ചകളിൽ പങ്കുകൊണ്ടത്.സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്ക് ഡി കെ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി ഉറപ്പാക്കുന്നതിലും ജോർജ്ജ് ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്‌. ആദ്യകാലത്തും ഹൈക്കമാണ്ടിനും സിദ്ധരാമയ്യ യ്ക്കും ഇടയിൽ പാലമായി പ്രവർത്തിച്ചത് ജോർജ്ജാ യിരുന്നു. ഇരുപത് വർഷം മുമ്പുമാത്രം കോൺഗ്രസ്സിലെത്തിയ സിദ്ധരാമയ്യയ്‌ക്ക് ഹൈക്കമാണ്ടുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല.  കർണാടകത്തിലെ മലയാളിയായ മുതിർന്ന കോൺഗ്രസ്സ് നേതാവാണ് കോട്ടയം ചിങ്ങവനം സ്വദേശിയായ ജോർജ്ജ്. കേളചന്ദ്ര ജോസഫ് ജോർജ്ജ് എന്ന കെ ജെ ജോർജ്ജ് കോട്ടയത്തുനിന്ന് കുടകിലേക്ക് കുടിയേറിയ കുടുംബത്തിൽ പെട്ടയാളാണ്. കുടകിൽ നിന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ്സ് ഭാരവാഹിയായിരുന്നു. പിന്നീട് ബംഗളുരുവിലേക്ക് താമസം മാറ്റി. 1989ൽ അദ്ദേഹം വീരേന്ദ്ര പാട്ടീൽ മന്ത്രിസഭയിലും തുടർന്ന് ബംഗാരപ്പ മന്ത്രിസഭയിലും അംഗമായിരുന്നു. 2018 ൽ കുമാരസ്വാമി നേതൃത്വം കൊടുത്ത കോൺഗ്രസ്സ്- ജെഡി എസ്‌ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. സിദ്ധരാമയ്യ യുമായി വ്യക്തിപരമായി വളരെ അടുപ്പം പുലർത്തിപ്പോരുന്ന നേതാവാണ് ജോർജ്ജ്. 2013 ലെ ആദ്യ സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. 2023 ലെ സിദ്ധരാമയ്യ മന്ത്രിസഭയിൽ വൈദ്യുതി വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യ ഡൽഹിയിൽ പോയപ്പോൾ ജോർജ്ജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഡൽഹിയിലും ജോർജ്ജിന് വീടുണ്ട്. ഡി കെയുടെ മന്ത്രിസഭയിൽ ചേരുന്നില്ലെന്ന് അദ്ദേഹം സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ടെന്ന സൂചനകളുണ്ട്. ഹൈക്കമാൻഡിൽ നിന്ന് സമ്മർദ്ദമുണ്ടായാൽ അദ്ദേഹം തീരുമാനം മാറ്റുമോ എന്ന് വ്യക്തമല്ല.ജോർജ്ജ് രാജ്യസഭ സ്ഥാനാർത്ഥിയാകാനും സാധ്യതയുണ്ട്. കോൺഗ്രസ്സ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത് മറ്റെന്നാളാണ്. രാജിവെച്ച സിദ്ധരാമയ്യയാണ് യോഗത്തിൽ ഡി കെയുടെ പേര് നിർദ്ദേശിച്ചത്. പല മുതിർന്ന നേതാക്കളും ഡി കെയുടെ മന്ത്രിസഭയിൽ ചേരാൻ മടിക്കുകയാണ്. ശിവകുമാർ ജൂണിയർ ആയതുകൊണ്ട് മാത്രമല്ല അത്. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയുമായി പൊരുത്തപ്പെടാനാകു
മോ എന്ന ആശങ്ക ചില മുതിർന്ന നേതാക്കൾ വെച്ചു പുലർത്തുന്നുണ്ട്. ചിലരെ ഒഴിവാക്കാൻ ശിവകുമാറും ആഗ്രഹിക്കുന്നുണ്ട്. ഏതായാലും മൂന്നാം തിയ്യതി ഏതാനും മന്ത്രിമാർ മാത്രമേ ഡി കെ യോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നുള്ളൂ. ചടങ്ങുകൾ കഴിയുന്നത്ര ലളിതമാക്കാൻ ഹൈക്കമാണ്ട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം പതിനെട്ടിനു രാജ്യസഭാ തെരഞ്ഞെടുപ്പുണ്ട്. അത് കഴിഞ്ഞിട്ടേ പൂർണമായ മന്ത്രിസഭ നിലവിൽ വരികയുള്ളൂ. സ്പീക്കറായ യു ടി ഖാദറും ബംഗളുരു ശാന്തിനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന, ഇപ്പോൾ ബാംഗ്ലൂർ ഡവലപ്പ്മെന്റ് അതോറിറ്റിയുടെ( ബിഡിഎ) ചെയർമാനായ എൻ എ ഹാരിസും മന്ത്രിസഭയിൽ അംഗങ്ങളായേക്കും. ഇരുവരും മലയാളികളാണ്. എന്നാൽ കരുത്തനായ മുസ്ലിം നേതാവ് സമീർ അഹമ്മദ് ഖാൻ ഡി കെ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ഡി കെ യോടൊപ്പം മൂന്ന് ഉപമുഖ്യമന്ത്രി മാരുണ്ടാകും. എന്നാൽ ഒരു ഉപമുഖ്യമന്ത്രി മതി എന്ന നിലപാടിലാണ് ഡി കെ. സമീർ അഹമദ് ഇല്ലെങ്കിൽ ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിച്ച് യു ടി ഖാദർ ഉപമുഖ്യ മന്ത്രിയായേക്കും . മകൻ പ്രിയങ്ക് ഖാർഗെയ്‌ക്ക് ( ദളിത്) ഉപമുഖ്യമന്ത്രിസ്ഥാനം എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഉറപ്പാക്കിയിട്ടുണ്ട്. മുതിർന്ന ലിങ്കായത്ത് നേതാവായ എം ബി പാട്ടീലും ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ട്. സിദ്ധരാമയ്യയുടെ മകനും എം എൽ സിയുമായ യതീന്ദ്രയ്‌ക്ക് ക്യാബിനറ്റ്  പദവി ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പി സി സി അധ്യക്ഷപദവിയ്‌ക്ക് പുറമെ മന്ത്രിസ്ഥാനവും ഉറപ്പാക്കാൻ ബെളഗാവി രാഷ്ട്രീയത്തിലെ അതികായനും അഹിന്ദ നേതാവുമായ സതീഷ് ജാർക്കിഹോളി കരുക്കൾ നീക്കുന്നുണ്ട്. പ്രശ്നങ്ങളും പ്രതിസന്ധികളും ഒഴിവാക്കാൻ സിദ്ധരാമയ്യയെ ഏകോപന സമിതി ചെയർമാനാക്കാനുള്ള നിർദ്ദേശവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രമുഖ സ്ഥാനം ലഭിക്കുന്നില്ലെങ്കിൽ ഡോക്ടർ ജി പരമേശ്വരയും മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കാനാണ് ഉദ്ദേശിക്കുന്നത്രെ.പരമേശ്വരയും ദളിത് നേതാവാണ്. എട്ടുവർഷത്തോളം പിസിസി അധ്യക്ഷനായിരുന്ന പരമേശ്വരയായിരുന്നു 2013 ൽ മുഖ്യമന്ത്രിയാകേണ്ടിയിരുന്നത്. സ്വന്തം മണ്ഡലത്തിൽ യാദൃച്ഛികമായി പരാജയപ്പെട്ടതിനാലാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ സാധിക്കാതിരുന്നത്. പിന്നീട് ഇതുവരെയും മുഖ്യമന്ത്രിയാകാൻ പരമേശ്വരയ്ക്ക് കഴിഞ്ഞിട്ടില്ല. സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു. ദളിത് നേതാവും മല്ലികാർജ്ജുന ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ ഉപമുഖ്യമന്ത്രി പദം ഉറപ്പിച്ച സ്ഥിതിയ്ക്ക് ദളിത് നേതാവായ പരമേശ്വരയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കില്ല. ആഭ്യന്തര വകുപ്പ് കിട്ടുന്ന കാര്യവും സംശയമാണ്. മന്ത്രിസഭയിൽ ചേരാതെ മാറിനിൽക്കാനാണ് പരമേശ്വരയുടെ ഉദ്ദേശ്യമെന്നറിയുന്നു. ഹൈക്കമാണ്ട് ഇടപെട്ട് പരമേശ്വരയെ അനുനയിപ്പിച്ചില്ലെങ്കിൽ അദ്ദേഹവും ഭാവിയിൽ ഡി കെ യ്‌ക്ക് ഭീഷണിയായി മാറാനിടയുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img