09:15am 22 August 2026
NEWS
സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ ലൈം​ഗികപീഡനത്തിനിരയാക്കി; ഗർഭച്ഛിദ്രത്തിനിടെ വിദ്യാർഥിനി മരിച്ചു
22/08/2026  06:12 AM IST
nila
സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ ലൈം​ഗികപീഡനത്തിനിരയാക്കി; ഗർഭച്ഛിദ്രത്തിനിടെ വിദ്യാർഥിനി മരിച്ചു

ജമ്മു: സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ മാസങ്ങളോളം പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനി മരിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് സംഭവം. ഏഴുമാസം ഗർഭിണിയായിരുന്ന പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കുന്നതിനിടെയാണ് ആരോഗ്യനില ഗുരുതരമായത്. തുടർന്ന് ജമ്മുവിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പ്രധാനാധ്യാപകനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കിഷ്ത്വാർ എസ്എസ്പി നരേഷ് സിങ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു.

രണ്ടാഴ്ച മുൻപ് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടി പ്രധാനാധ്യാപകനാണ് പീഡിപ്പിച്ചതെന്ന് മാതാപിതാക്കളോട് വെളിപ്പെടുത്തിയതായി പ്രാദേശിക ആദിവാസി നേതാവ് പറഞ്ഞു.

പ്രധാനാധ്യാപകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയപ്പോൾ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തെന്നും സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും നേതാവ് ആരോപിച്ചു. അപമാനം ഭയന്ന പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകാതെ വിഷയം ഒതുക്കാൻ ശ്രമിച്ചതായും പറയുന്നു.

ബുധനാഴ്ച പ്രധാനാധ്യാപകനും സഹോദരനും പെൺകുട്ടിയുടെ വീട്ടിലെത്തി. തുടർന്ന് ഗർഭച്ഛിദ്രത്തിനായി കിഷ്ത്വാറിലെ ഒരു കേന്ദ്രത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി. പിതാവും അമ്മാവനും ഇവർക്കൊപ്പം പോയിരുന്നു. ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായതോടെ ജമ്മുവിലേക്ക് മാറ്റാൻ പ്രതികൾ തീരുമാനിച്ചു. എന്നാൽ യാത്രയ്ക്കിടെ പെൺകുട്ടി മരിച്ചു.

മരണത്തിന് പിന്നാലെ മൃതദേഹം ഗ്രാമത്തിലെത്തിക്കാൻ പ്രതികൾ സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി. മൃതദേഹം ഗ്രാമത്തിലെത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img