
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പാസ്റ്റർ മൂന്നാറിൽ നിന്നും അറസ്റ്റിലായി. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ് (37) നെയാണ് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ താരമായിരുന്നു ജോൺ ജെബരാജ്. കോയമ്പത്തൂരിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി എന്നാണ് ഇയാൾക്കെതിരായ കേസ്.
2024 മെയിലിലാണ് കേസിനാസ്പദമായ സംഭവം. പിന്നീട് 11 മാസങ്ങള്‍ക്കുശേഷമാണ് പതിനേഴുകാരിയും പതിനാലുകാരിയും പൊലീസിൽ പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തുന്നയാളാണ് ജോൺ ജെബരാജ്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ള ന്യൂജെൻ രീതിയിലുള്ള ആരാധനാ രീതികള്‍ പിന്തുടരുന്നയാളാണ്. പാട്ടും ഡാന്‍സുമൊക്കെയായിട്ടാണ് ആരാധന നടത്തുന്നത്. കിങ്സ് ജനറേഷൻ ചര്‍ച്ച് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് അടക്കമുള്ള ജെബരാജ് ആരാധന ശുശ്രൂഷകളുടെ വീഡിയോകളും പങ്കിടാറുണ്ട്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കം നിരവധി ഫോളോഴ്സാണ് ജെബരാജിനുള്ളത്.










