
ഹൃദയത്തിലെ അസാധാരണമായ വൈദ്യുത പ്രവര്‍ത്തനങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് ടാര്‍ഗറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഈ അത്യാധുനിക ത്രീഡി ഒമ്നിപോളാര്‍ മാപ്പിംഗ് സിസ്റ്റമായ 'എന്‍സൈറ്റ് എക്സ്' കേരളത്തില്‍ ആദ്യത്തേതും ഇന്ത്യയില്‍ മൂന്നാമത്തേതുമാണ്
തിരുവനന്തപുരം : അത്യാധുനിക ത്രീഡി മാപ്പിംഗ് സംവിധാനത്തോടുകൂടിയ ഇലക്ട്രോഫിസിയോളജി ലാബുമായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്. കിംസ്‌ഹെല്‍ത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് പുതിയ ഇലക്ട്രോഫിസിയോളജി ലാബ് നാടിനു സമര്‍പ്പിച്ചു.
എഞ്ചിനീയറിംഗും മെഡിസിനും തമ്മിലുള്ള അന്തരം അനുദിനം കുറഞ്ഞുവരികയാണെന്നും ആഗോളതലത്തില്‍ത്തന്നെ രോഗനിര്‍ണയത്തിലും ചികിത്സയിലും മെഷീന്‍ ലേണിങ്ങിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും തത്വങ്ങള്‍ പ്രയോഗിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഡോ. എസ്. സോമനാഥ് അഭിപ്രായപ്പെട്ടു. ഇലക്ട്രോഫിസിയോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലവ് കുറഞ്ഞ രോഗനിര്‍ണയ സംവിധാനങ്ങള്‍ അനിവാര്യമായ ഇന്ത്യന്‍ സാഹചര്യങ്ങളില്‍, സമാനതകളില്ലാത്ത കൃത്യത ഉറപ്പ് വരുത്തുന്ന ഇത്തരം സാങ്കേതികവിദ്യകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള കിംസ്ഹെല്‍ത്തിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൃദയത്തിലെ അസാധാരണമായ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ടാര്‍ഗെറ്റ് ചെയ്യാന്‍ സഹായിക്കുന്ന അത്യാധുനിക ത്രീഡി ഒമ്നിപോളാര്‍ മാപ്പിംഗ് സംവിധാനമായ 'എന്‍സൈറ്റ് എക്സ്' കേരളത്തില്‍ ആദ്യത്തേതും ഇന്ത്യയില്‍ മൂന്നാമത്തേതുമാണ്. ഹൃദയമിടിപ്പില്‍ ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍, ഇലക്ട്രിക്കല്‍ സ്റ്റോം, മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ തുടങ്ങിയ സങ്കീര്‍ണ്ണവും അപകടകരവുമായ വൈകല്യങ്ങള്‍ കണ്ടുപിടിക്കുവാനും പരിഹരിക്കുവാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
ഹൃദയത്തിന്റെ വൈദ്യുത പ്രവര്‍ത്തനത്തെയും ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വൈദ്യുത പ്രവാഹങ്ങളെയും പറ്റിയുള്ള കാര്‍ഡിയോളജിയിലെ ഒരു പഠന മേഖലയാണ് കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജി (ഇപി). ക്രമം തെറ്റിയ ഹൃദയമിടിപ്പ് കണ്ടുപിടിക്കാനും അത് ചികിത്സിക്കുവാനും ഇലക്ട്രോഫിസിയോളജി പഠനം സഹായിക്കും. രക്തക്കുഴലുകള്‍ വഴി കത്തീറ്ററുകളും വയര്‍ ഇലക്ട്രോഡുകളും ഹൃദയത്തിലേക്കെത്തിച്ചാണ് ഈ പരിശോധനകള്‍ നടത്തുക.
ഹൃദ്രോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും കോര്‍ഡിനേറ്ററുമായ ഡോ. അജിത് കുമാര്‍ വി.കെ പരിപാടിയില്‍ സ്വാഗതം ആശംസിച്ചു. ഇലക്ട്രോഫിസിയോളജി വിഭാഗം ആന്‍ഡ് ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനീസ് താജുദീന്‍ പുതിയ ലാബിന്റെ അത്യാധുനിക സൗകര്യങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ഇത്തരം അത്യാധുനിക ഇലക്ട്രോഫിസിയോളജി സേവനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ഖന്ന സംസാരിച്ചു. കൂടാതെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ആരോഗ്യമേഖലയിലെ വിടവ് ഫലപ്രദമായി നികത്താന്‍ ഒരു ഹെല്‍ത്ത് കെയര്‍ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. എല്ലാവര്‍ക്കും അത്യാധുനിക വൈദ്യസഹായം ഉറപ്പുനല്‍കുന്നതിലുള്ള കിംസ്‌ഹെല്‍ത്തിന്റെ പ്രതിബദ്ധതയില്‍ അഭിമാനമുണ്ടെന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ രോഗികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഇനിയും ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അക്ഷീണം പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം നജീബ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് നടന്ന സിഎംഇയില്‍ കാര്‍ഡിയോളജി, ഇലക്ട്രോഫിസിയോളജി വിദഗ്ധര്‍ മേഖലയിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍, വളര്‍ച്ച, രോഗി പരിചരണത്തിലെ അവയുടെ പ്രായോഗികത തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
Image Caption: തിരുവനന്തപുരം കിംസ്ഹെൽത്തിൽ പുതുതായി സ്ഥാപിച്ച ഇലക്ട്രോഫിസിയോളജി ലാബ്. സമീപം ഡോ. അനീസ് താജുദീൻ, ഡോ. എം.ഐ സഹദുള്ള, ഡോ. എസ്. സോമനാഥ്, വരുണ്‍ ഖന്ന, ഇ.എം നജീബ്, ഡോ. അജിത് കുമാര്‍ വി.കെ എന്നിവർ കിംസ്ഹെൽത്തിലെ കാർഡിയോളജി സംഘത്തിനൊപ്പം.