05:43pm 09 May 2026
NEWS
പത്തു സെന്റിമീറ്റര്‍ നീളമുള്ള വിരയെ യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്ത് കിംസ്ഹെൽത്ത്
08/05/2026  05:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പത്തു സെന്റിമീറ്റര്‍ നീളമുള്ള വിരയെ യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്ത് കിംസ്ഹെൽത്ത്

തിരുവനന്തപുരം : മുപ്പത്തിയേഴുകാരിയായ തമിഴ്‌നാട് സ്വദേശിനിയുടെ കണ്ണിൽനിന്ന് ജീവനുള്ള പത്തു സെന്റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്ത് തിരുവനന്തപുരം കിംസ്ഹെൽത്ത്. രണ്ട് ദിവസമായി വലതുകണ്ണിൽ നീർക്കെട്ടും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ്  യുവതിയെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 

പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണിന്റെ നേര്‍ത്ത സുതാര്യമായ പാളിയായ കണ്‍ജങ്‌റ്റൈവയ്ക് അടിയിൽ പത്തു സെന്റിമീറ്റർ നീളമുള്ള വിരയെ കണ്ടെത്തിയത്. ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അസ്ഗർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കണ്ണിന്റെ കാഴ്ചയ്ക്ക് ഒട്ടും തകരാർ സംഭവിക്കാത്ത വിധം അതീവ ജാഗ്രതയോടെ വിരയെ വിജയകരമായി പുറത്തെടുത്തു.

"ഇത്തരം സന്ദർഭങ്ങളിൽ കൃത്യസമയത്തുള്ള രോഗനിർണ്ണയവും ഇടപെടലുമാണ് പ്രധാനം. ഒരല്പം വൈകിയിരുന്നെങ്കിൽ കാഴ്ചശക്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണ്ണതകൾ ഉണ്ടാകുമായിരുന്നു," എന്ന് ഡോ. അസ്ഗർ അബ്ബാസ് പറഞ്ഞു.

മൃഗങ്ങളിൽ പ്രധാനമായും നായ്ക്കളിലും പൂച്ചകളിലും കണ്ടുവരുന്ന 'ഡൈറോ ഫൈലേറിയ' എന്ന ഇനത്തിൽപ്പെട്ട വിരയാണിതെന്ന് കണ്ടെത്തി. കൊതുകുകൾ വഴിയാണ് ഇവ മനുഷ്യരിലേക്ക് പകരുന്നത്. സാധാരണയായി മനുഷ്യശരീരത്തിൽ ഇത്തരം വിരകൾ അതിജീവിക്കാറില്ലെങ്കിലും, അപൂർവ്വം സന്ദർഭങ്ങളിൽ ചർമ്മത്തിനടിയിലോ കണ്ണിന് സമീപത്തോ ഇവ വളരാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ വളരെ കുറഞ്ഞ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിരയെ പുറത്തെടുത്തതോടെ യുവതിയുടെ വേദനയ്ക്കും അസ്വസ്ഥതയ്ക്കും ശമനമുണ്ടായി, നീർക്കെട്ട് കുറയാനുള്ള മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img