
ഉത്തരകൊറിയയിൽ അധികാര കൈമാറ്റത്തെ കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തന്റെ മകളായ കിം ജൂ എയെ ഭാവി ഭരണാധികാരിയായി പരിഗണിക്കുന്നുവെന്നാണ് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഏകദേശം 13 വയസ്സുള്ള ജൂ എയെ വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ പിൻഗാമിയായി പ്രഖ്യാപിക്കാമെന്ന സൂചനയുണ്ട്.
അടുത്തിടെ ബെയ്ജിങ്ങിൽ നടന്ന സൈനിക പരേഡിൽ കിം ജോങ് ഉന്നിനൊപ്പമുള്ള ജൂ എയുടെ സാന്നിധ്യം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. വിദേശ വേദിയിൽ ആദ്യമായാണ് കിം ജൂ എ അന്ന് എത്തിയത്. തുടർന്ന് വിവിധ ഔദ്യോഗിക പരിപാടികളിലും പിതാവിനൊപ്പം സമാന പ്രാധാന്യത്തോടെ ഈ പെൺകുട്ടി എത്തി എന്നതും ശ്രദ്ധേയമാണ്.
ചില നയപരമായ വിഷയങ്ങളിൽ പോലും ജൂ എയുടെ അഭിപ്രായം പരിഗണിക്കപ്പെടുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഉത്തരകൊറിയയുടെ രാഷ്ട്രീയ ചരിത്രത്തിൽ സ്ത്രീയെ പിൻഗാമിയായി ഉയർത്തിക്കാട്ടുന്നത് അപൂർവ സംഭവമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കിമ്മിന് ഒരു മൂത്ത മകൻ ഉണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴും, പൊതുവേദികളിൽ പരിചയപ്പെടുത്തിയിട്ടുള്ളത് ജൂ എയെ മാത്രമാണ്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ ജൂ എയുടെ സാന്നിധ്യം ഉണ്ടാകുമോ എന്നതും ആഗോള ശ്രദ്ധയിൽപ്പെടുന്ന വിഷയമാണ്. അടുത്ത അഞ്ച് വർഷത്തേക്കുള്ള വിദേശനയവും ആണവ പദ്ധതികളും ഈ പാർട്ടി കോൺഗ്രസിൽ ചർച്ചയാകും.
2013-ൽ ബാസ്ക്കറ്റ്ബോൾ താരം ഡെന്നിസ് റോഡ്മാൻ നടത്തിയ പരാമർശങ്ങളിലൂടെയാണ് കിം ജൂ എയെക്കുറിച്ചുള്ള വിവരം ആദ്യമായി പുറംലോകം അറിഞ്ഞത്. 2022 മുതൽ ഉത്തരകൊറിയൻ മാധ്യമങ്ങളിൽ കിം ജൂ എയുടെ സാന്നിധ്യം സ്ഥിരതയാർജിച്ചതും പിൻഗാമി ചർച്ചകൾക്ക് ശക്തി നൽകുന്ന ഘടകമായാണ് വിലയിരുത്തപ്പെടുന്നത്.











