
നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാനായാൽ കേരളത്തിൽ ജീവിക്കാനാണ് ആഗ്രഹമെന്ന് കിലി പോൾ. മലയാള ഗാനങ്ങളുടെ ലിപ്‌സിങ്ക് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ടാർസാനിയൻ പൗരൻ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോഴാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. മലയാളികൾ ഉണ്ണിയേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന സോഷ്യൽമീഡിയ താരമാണ് കിലിപോൾ.
ശോഭനയാണ് തന്റെ ഇഷ്ട മലയാള നടിയെന്ന് കിലി പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെയും ഇഷ്ടമാണെന്നും കിലി വ്യക്തമാക്കി. കൂടാതെ 'പുലിവാൽ കല്യാണം' എന്ന ചിത്രത്തിലെ 'ആരുപറഞ്ഞു, ആരു പറഞ്ഞു'എന്ന പാട്ട് പാടി അദ്ദേഹം പ്രേക്ഷകരെ കൈയിലെടുത്തു.
'ഇന്നസെന്റ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് കിലി പോൾ കേരളത്തിലെത്തിയത്. സിനിമയിൽ കിലിയും അഭിനയിക്കുന്നുണ്ട്. അൽത്താഫ് സലീമും അനാർക്കലി മരക്കാറും ഒന്നിക്കുന്ന ചിത്രമാണ് 'ഇന്നസെന്റ്'. സതീഷ് തൻവിയാണ് സംവിധായകൻ. കൊച്ചിയിലെ ലുലുവിൽ വച്ചായിരുന്നു സിനിമയുടെ ടൈറ്റിൽ പ്രകാശനം നടന്നത്.











