08:48am 14 July 2026
NEWS
കിഫ്ബിക്ക് സമഗ്ര 'ഓഡിറ്റ്'; സുധാ പിള്ളയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി; റിപ്പോർട്ട് മൂന്ന് മാസത്തിനകം
14/07/2026  06:45 AM IST
nila
കിഫ്ബിക്ക് സമഗ്ര ഓഡിറ്റ്; സുധാ പിള്ളയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി; റിപ്പോർട്ട് മൂന്ന് മാസത്തിനകം

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളും ഭരണസംവിധാനവും സാമ്പത്തിക ഘടനയും സമഗ്രമായി വിലയിരുത്താൻ സംസ്ഥാന സർക്കാർ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ സുധാ പിള്ള അധ്യക്ഷയാകുന്ന അഞ്ചംഗ സമിതിക്കാണ് ചുമതല. ഫെഡറൽ ബാങ്കിന്റെ മുൻ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ഐസിഎഐ മുൻ ചെയർമാൻ നിലേഷ് വികംസി, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് ബോർഡിന്റെ മുൻ ഡയറക്ടർ എച്ച്. ശുഭലക്ഷ്മി നാരായണൻ, മുൻ റവന്യൂ സെക്രട്ടറി ഡോ. തരുൺ ബജാജ് എന്നിവരാണ് മറ്റ് അംഗങ്ങൾ. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

കിഫ്ബിയുടെ നിലവിലെ പ്രവർത്തനരീതി പരിശോധിച്ച് സ്ഥാപനപരവും സാമ്പത്തികവും ഭരണപരവും പ്രവർത്തനപരവുമായ സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ഭരണനിലവാരം ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ കാര്യക്ഷമമായ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള ശുപാർശകളാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സമിതിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ധനകാര്യ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായ ആഭ്യന്തര ഏകോപന സമിതിയും സർക്കാർ രൂപീകരിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ധനകാര്യ വകുപ്പിലെ ഒഎസ്ഡി സച്ചിൻ കുമാർ യാദവ്, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തിലകൻ കെ.പി.കെ എന്നിവർ ഇതിൽ അംഗങ്ങളാണ്.

ഗവേഷണം, സാമ്പത്തിക വിശകലനം, സാങ്കേതിക പിന്തുണ എന്നിവയ്ക്കായി ധനകാര്യ വകുപ്പ്, സംസ്ഥാന ആസൂത്രണ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ആവശ്യമായാൽ തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) എന്നിവയുടെയും മറ്റ് വിഷയവിദഗ്ധരുടെയും സഹകരണവും സമിതിക്ക് തേടാം.

സമിതിയുടെ ഓഫീസ്, സെക്രട്ടേറിയറ്റ്, ലോജിസ്റ്റിക്‌സ് ഉൾപ്പെടെയുള്ള എല്ലാ ഭരണസഹായങ്ങളും ധനകാര്യ വകുപ്പ് ഒരുക്കും. ചെയർപേഴ്സണും അംഗങ്ങൾക്കും നൽകുന്ന സിറ്റിങ് ഫീസും മറ്റ് പ്രതിഫലങ്ങളും നിലവിലെ സർക്കാർ ചട്ടങ്ങൾ അനുസരിച്ചായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img