08:04pm 30 July 2026
NEWS
'ഹിൽ ഹൈവേ റൺ' സംഘടിപ്പിക്കാൻ കിഫ്ബി ചെലവിട്ടത് 91.35 ലക്ഷം; വിവരാവകാശ രേഖ പുറത്ത്
30/07/2026  05:56 PM IST
NILA
ഹിൽ ഹൈവേ റൺ സംഘടിപ്പിക്കാൻ കിഫ്ബി ചെലവിട്ടത്  91.35 ലക്ഷം; വിവരാവകാശ രേഖ പുറത്ത്

 

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' പരിപാടിക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ചെലവഴിച്ചത് 91.35 ലക്ഷം രൂപയാണെന്ന് വിവരാവകാശ രേഖ. ബോളിവുഡ് താരം, മോഡൽ, ദീർഘദൂര ഓട്ടക്കാരൻ മിലിന്ദ് സോമൻ പങ്കെടുത്ത പരിപാടിക്കായാണ് ഈ തുക വിനിയോഗിച്ചത്.

അതേസമയം, പരിപാടിയിൽ പങ്കെടുത്ത മിലിന്ദ് സോമന് പ്രതിഫലമായി ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.

ഫെബ്രുവരി 22-ന് ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ 20 കിലോമീറ്റർ ദൂരത്തിലാണ് 'ഹിൽ ഹൈവേ റൺ' സംഘടിപ്പിച്ചത്. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

ഓട്ടം പൂർത്തിയാക്കിയ ശേഷം ചപ്പാത്തിൽ നിന്ന് ഇടുക്കി കവല വരെ മിലിന്ദ് സോമൻ തുറന്ന ജീപ്പിൽ സഞ്ചരിക്കുകയും വാഹനം റോഷി അഗസ്റ്റിൻ ഓടിക്കുകയും ചെയ്തിരുന്നു. ജില്ലാ കളക്ടർ, മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ, കായികതാരങ്ങൾ, വിദ്യാർഥികൾ, സ്പോർട്സ് കൗൺസിൽ പ്രതിനിധികൾ എന്നിവരും പരിപാടിയുടെ ഭാഗമായി.

ഇതിനിടെ, കിഫ്ബിക്ക് നിലവിൽ 32,187.47 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img