06:15pm 22 October 2026
NEWS
കിഫ്ബി കടമെടുപ്പിനെ ധനവകുപ്പ് എതിർത്തു; പ്രിൻസിപ്പൽ സെക്രട്ടറിയുടെ കുറിപ്പും പുറത്ത്
21/10/2026  12:11 PM IST
nila
കിഫ്ബി കടമെടുപ്പിനെ ധനവകുപ്പ് എതിർത്തു; പ്രിൻസിപ്പൽ സെക്രട്ടറിയുടെ കുറിപ്പും പുറത്ത്

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കിഫ്ബി വഴിയുള്ള അധിക കടമെടുപ്പിനെ ധനവകുപ്പ് എതിർത്തിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ നൽകിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉദ്യോഗസ്ഥതലത്തിൽ ആശങ്കകൾ ഉയർന്നിട്ടും അവ മറികടന്ന് സർക്കാർ കടമെടുപ്പുമായി മുന്നോട്ടുപോയെന്നാണ് കുറിപ്പിലെ പരാമർശം.

നേരത്തെ, കിഫ്ബി വഴിയുള്ള അധിക കടമെടുപ്പിൽ ആശങ്ക പ്രകടിപ്പിച്ച് അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എഴുതിയ കുറിപ്പും പുറത്തുവന്നിരുന്നു. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ ധനലഭ്യതയെയും ദൈനംദിന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

2023 ജൂണിൽ ധനകാര്യ സെക്രട്ടറിയുടെ കുറിപ്പിന് മറുപടിയായാണ് ബാലഗോപാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. കിഫ്ബി വഴിയുള്ള അധിക കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിലൂടെ പുറത്തുവന്നത്.

കിഫ്ബിയുടെ കടമെടുപ്പിനെതിരെ പ്രതിപക്ഷം നേരത്തേ ഉന്നയിച്ച വിമർശനങ്ങൾക്ക് പുതിയ വെളിപ്പെടുത്തലുകൾ കൂടുതൽ കരുത്തുപകരുന്നതാണ്. സംസ്ഥാനത്തിന്റെ കടബാധ്യതയും സാമ്പത്തിക മാനേജ്മെന്റും സംബന്ധിച്ച് രാഷ്ട്രീയ തർക്കങ്ങൾ തുടരുന്നതിനിടെയാണ് ധനമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥന്റെയും കുറിപ്പുകൾ പുറത്തുവന്നിരിക്കുന്നത്.

കിഫ്ബിയുമായി ബന്ധപ്പെട്ട പുതിയ വിദഗ്ധ സമിതി റിപ്പോർട്ടും യു.ഡി.എഫിന്റെ തുടർനീക്കങ്ങളും ചർച്ചയാകുന്ന സാഹചര്യത്തിൽ, ഈ വെളിപ്പെടുത്തലുകൾ എൽ.ഡി.എഫിന് രാഷ്ട്രീയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img