01:31pm 31 May 2026
NEWS
​കിഫ്ബി ഇനി 'സ്വതന്ത്ര സാമ്രാജ്യമല്ല'; അടിമുടി പരിഷ്കരണത്തിന് യു.ഡി.എഫ് സർക്കാർ
31/05/2026  12:14 PM IST
സുരേഷ് വണ്ടന്നൂർ
​കിഫ്ബി ഇനി സ്വതന്ത്ര സാമ്രാജ്യമല്ല; അടിമുടി പരിഷ്കരണത്തിന് യു.ഡി.എഫ് സർക്കാർ

​തിരുവനന്തപുരം: കിഫ്ബിയെ (KIIFB) ചൊല്ലി കേന്ദ്രസർക്കാരുമായും സി.എ.ജിയുമായുള്ള ദീർഘകാലത്തെ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. കേന്ദ്രവും സി.എ.ജിയും നേരത്തെ ആവശ്യപ്പെട്ടതുപോലെ കിഫ്ബിയുടെ ചെലവുകൾ ഇനിമുതൽ സംസ്ഥാന ബജറ്റിന്റെ ഭാഗമാക്കും.
​ഇതുവരെ കിഫ്ബി ഒരു സ്വതന്ത്രസാമ്രാജ്യം എന്ന നിലയിൽ, കൃത്യമായ ബാഹ്യനിയന്ത്രണങ്ങളില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ഈ രീതി മാറ്റി സ്ഥാപനത്തിന്മേൽ സർക്കാരിന്റെ പൂർണ്ണമായ നിയന്ത്രണം കൊണ്ടുവരാനാണ് നിലവിലെ തീരുമാനം.
​വരുമാനമുള്ള പദ്ധതികൾക്ക് മാത്രം അനുമതി
​ഇനിമുതൽ വരുമാനമില്ലാത്ത നിർമ്മാണ പദ്ധതികൾ കിഫ്ബി ഏറ്റെടുക്കില്ല. ടോൾ പിരിക്കാൻ കഴിയുന്ന റോഡുകൾ, പാലങ്ങൾ, കൃത്യമായ വരുമാനം ലഭിക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ മാത്രമേ ഇനി അനുവാദം നൽകുകയുള്ളൂ. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിൽ, വരുമാനവർദ്ധന ഉണ്ടാകുന്ന തരത്തിലേക്ക് കിഫ്ബിയെ അടിമുടി പരിഷ്ക്കരിക്കാനുള്ള മാർഗ്ഗങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
​സമഗ്ര ഓഡിറ്റിംഗും ധവളപത്രവും
​കിഫ്ബിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ഓഡിറ്റ് ചെയ്യും. ഭാവിയിൽ സംസ്ഥാനത്തിന് ഉണ്ടാകാനിടയുള്ള ബാധ്യതകൾ പൂർണ്ണമായും നിർണ്ണയിക്കാനാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാൻ ഇടയാക്കുന്ന തരത്തിലുള്ള കിഫ്ബിയുടെ മുൻകാല ധനസമാഹരണ രീതികളോട് യു.ഡി.എഫ് സർക്കാരിന് യോജിപ്പില്ല.
​കിഫ്ബിയുടെ പ്രവർത്തനം എങ്ങനെ മാറ്റണമെന്ന് ഒരു വിദഗ്ധ സമിതി പഠിക്കും. ഇതിനായി കിഫ്ബിയെ സംബന്ധിച്ച് ഒരു പ്രത്യേക ധവളപത്രം തയ്യാറാക്കും. സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം തയാറാക്കുന്ന സമിതി തന്നെയായിരിക്കും ഇതും പരിശോധിക്കുക.
​കനത്ത സാമ്പത്തിക ബാധ്യത
​ശ്രദ്ധേയമായ വിവരങ്ങൾ:

​അടുത്ത 5 വർഷത്തിനുള്ളിൽ 16,600 കോടി രൂപയാണ് കിഫ്ബി കടം തിരിച്ചടയ്ക്കേണ്ടത്.
​കിഫ്ബി പണം മുൻ എൽ.ഡി.എഫ് സർക്കാരിന്റെ പരസ്യത്തിനായി ഉപയോഗിച്ചതിനെതിരെ യു.ഡി.എഫ് കടുത്ത വിമർശനം ഉയർത്തിയിരുന്നു.
​ജീവനക്കാർക്ക് വൻ തുക അലവൻസ് നൽകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇവ വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.
​ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സി.ഇ.ഓ ആയിരുന്ന കെ.എം എബ്രഹാം രാജി വെച്ചിരുന്നു. അഡിഷണൽ ഡയറക്ടറായ മിനി ആന്റണിക്കാണ് നിലവിൽ സി.ഇ.ഒയുടെ താൽക്കാലിക ചുമതല. 2016-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img