09:51am 23 August 2026
NEWS
ഇടതു സർക്കാർ കിഫ്ബിയിലെ പണം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കണ്ടെത്തൽ
22/08/2026  09:08 AM IST
nila
ഇടതു സർക്കാർ കിഫ്ബിയിലെ പണം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിനായി കിഫ്ബിയിലെ പണം ഉപയോഗിച്ചെന്ന കണ്ടെത്തലുമായി ധനവകുപ്പ്. കിഫ്ബി വിവിധ പ്രചാരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച 240 കോടിയിൽ ഏകദേശം 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണത്തിനായിരുന്നുവെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.

കിഫ്ബിയുടെ പണം ഇത്തരം ആവശ്യങ്ങൾക്കായി നിയമപരമായി വിനിയോഗിക്കാമായിരുന്നോ എന്നതടക്കം വിശദമായി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. കിഫ്ബിയുടെ പദ്ധതികളുടെ പ്രചാരണമെന്ന പേരിലാണ് രാഷ്ട്രീയ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് മുഖ്യമന്ത്രിക്ക് ധനവകുപ്പ് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലെ വിലയിരുത്തൽ.

തിരഞ്ഞെടുപ്പിന് മുൻപ് വ്യാപക പ്രചാരണം

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സർക്കാരിന്റെ നേട്ടങ്ങൾ വാട്സാപ് സന്ദേശങ്ങളായി ജനങ്ങളിലെത്തിക്കാൻ കിഫ്ബി 50.87 ലക്ഷം രൂപ ചെലവഴിച്ചതായി പരിശോധനയിൽ കണ്ടെത്തി. സാമൂഹികമാധ്യമങ്ങളിൽ രണ്ടുമാസം നീണ്ട പ്രചാരണത്തിനായി 10.31 കോടിയും ചെലവഴിച്ചു.

സർക്കാരിന് അനുകൂലമായ മാധ്യമവാർത്തകൾ ഓൺലൈൻ വായനക്കാരിലേക്ക് മുൻഗണനയോടെ എത്തിക്കുന്നതിനായി 4.41 കോടി രൂപയും ദേശീയപാതയോരങ്ങളിൽ വലിയ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിന് 4.27 കോടി രൂപയും നൽകിയതായാണ് റിപ്പോർട്ട്.

വലിയ പലിശനിരക്കിൽ വായ്പയെടുത്ത് സമാഹരിക്കുന്ന പണമാണ് കിഫ്ബിയിലുള്ളത്. അതിനാൽ തന്നെ കിഫ്ബി പ്രത്യേക രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത് പ്രചാരണം നടത്തിയെന്ന ധനവകുപ്പിന്റെ വിലയിരുത്തൽ നിർണായകമാണ്.

സർക്കാർ ഉത്തരവുകളുണ്ടായിരുന്നോ?

പ്രചാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നോയെന്നതും ധനവകുപ്പ് പരിശോധിച്ചു. എന്നാൽ പ്രചാരണത്തിനായി സർക്കാർ പ്രത്യേകമായി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.

കിഫ്ബിയുടെ പദ്ധതികളുടെ പ്രചാരണമെന്ന നിലയിൽ സർക്കാർ രാഷ്ട്രീയപ്രചാരണം നടത്തിയതാണോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി സർക്കാർ ഏത് രീതിയിലുള്ള നിർദേശങ്ങളാണ് നൽകിയതെന്നും ചെലവുകൾ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയതെന്നും തുടർപരിശോധനയിൽ വ്യക്തമാക്കും.

കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് സർവേയും

‘കൺസൾട്ടൻസി സർവീസ്’ എന്ന പേരിൽ തിരഞ്ഞെടുപ്പ് സർവേകളും ഫീൽഡ് വിവരശേഖരണവും കിഫ്ബി നടത്തിയിട്ടുണ്ടെന്നും ധനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ഏത് ഏജൻസികളെയാണ് നിയോഗിച്ചതെന്നും ചെലവഴിച്ച തുക ഏത് ഹെഡിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കണ്ടെത്താനുള്ള പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല.

ഈ വിവരങ്ങൾ കൂടി ലഭിച്ചതിന് ശേഷമായിരിക്കും കിഫ്ബി ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതിൽ നിയമലംഘനമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ അന്തിമ നിഗമനത്തിലെത്തുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img