
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചെന്ന് ആരോപണം. കോഴിക്കോട് വാണിമേൽ സ്വദേശിയായ റീജിത്താണ് മരിച്ചത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന റീജിത്ത്, ശസ്ത്രക്രിയകളെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റീജിത്ത് കിഡ്നി സ്റ്റോണിനുള്ള ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തെ സമീപിച്ചത്. തുടർന്ന് ഓഗസ്റ്റിൽ ആദ്യ ശസ്ത്രക്രിയയും ഈ വർഷം ഏപ്രിലിൽ രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തി. ആദ്യ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇടത് വൃക്കയിൽ നടത്തേണ്ട ശസ്ത്രക്രിയ വലത് വശത്താണ് നടത്തിയതെന്നും ഇതിനെ തുടർന്ന് പഴുപ്പും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായെന്നും അവർ പറയുന്നു. തുടർന്ന് പലതവണ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തേണ്ടി വന്നതായും കുടുംബം ആരോപിക്കുന്നു.
ഏപ്രിലിൽ വീണ്ടും വലത് വശത്ത് ശസ്ത്രക്രിയ നടത്തിയെന്നും അതിന് കുടുംബത്തിന്റെ അനുമതി തേടിയിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. ചികിത്സാ പിഴവെന്ന ആരോപണത്തെക്കുറിച്ച് ആശുപത്രി അധികൃതരുടെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.











