
തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയെന്ന യുവതികളുടെ പരാതിയിൽ നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷും കേസിൽ പ്രതിയാണ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരാണ് പരാതിക്കാർ. ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് വനിതാ ജീവനക്കാരികൾക്കെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പുറമേ ദിയയെ ആരോപണ വിധേയയായ വനിതാ ജീവനക്കാരിയുടെ ഭർത്താവ് ആദർശ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. കൃഷ്ണകുമാർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭർത്താവ് ആദർശിനെയും പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവതികൾ കൃഷ്ണകുമാറിനും ദിയക്കുമെതിരെ പരാതി നൽകിയത്.
പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് വേണ്ടി ആരോപണ വിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമാണ് കൃഷ്ണകുമാറിനെതിരെ ജീവനക്കാർ നൽകിയിരിക്കുന്ന പരാതി. ഇതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. ജീവനക്കാരികൾ 8,82,000 രൂപ നൽകിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.











