04:41pm 30 May 2026
NEWS
നടി ഖുഷ്ബു സുന്ദർ ഇനി തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്റ്
31/07/2025  08:06 AM IST
nila
 നടി ഖുഷ്ബു സുന്ദർ ഇനി തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്റ്

നടി ഖുഷ്ബു സുന്ദറിനെ തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസി‍ഡന്റായി നിയമിച്ചു. നൈനാർ നാഗേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുഷ്ബുവിനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗര മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും താരം പരാജയപ്പെട്ടിരുന്നു. നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്നു ഖുഷ്ബു.  

അടുത്തയിടെ പാർട്ടി പരിപാടികളിൽ നിന്ന് താരം വിട്ടുനിൽക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ സജീവമായി തുടരുമോയെന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെയാണു പുതിയ നിയമനം. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഖുഷ്ബു, പിന്നീട് കോൺഗ്രസിൽ പ്രവർത്തിച്ച ശേഷം 2020ലാണു ബിജെപിയിൽ ചേർന്നത്. 

മുതിർന്ന നേതാക്കളായ വി.പി.ദുരൈസാമി, കരു നാഗരാജൻ, കെ.പി.രാമലിംഗം, ശശികല പുഷ്പ തുടങ്ങി 14 പേരെയാണു വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്. എസ്.ജി.സൂര്യയാണ് യുവമോർച്ച പ്രസിഡന്റ്. അശ്ലീല വിഡിയോ വിവാദത്തിൽപെട്ട് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച കെ.ടി.രാഘവനെ ഓർഗനൈസർ പദവിയിൽ നിയമിച്ചു. സംഘടനാ ജനറൽ സെക്രട്ടറിയായി കേശവ വിനായകനും ജനറൽ സെക്രട്ടറിയായി പ്രഫ. രാമ ശ്രീനിവാസനും സെക്രട്ടറിയായി കരാട്ടെ ആർ.ത്യാഗരാജനും തുടരും. എസ്.ആർ.ശേഖറാണ് ട്രഷറർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img