08:34am 13 November 2026
NEWS
അയാൾ പറഞ്ഞതിന്റെ അർഥം എന്താണെന്ന് ഞാൻ അയാൾക്ക് വിശദീകരിച്ചുകൊടുത്തേനെ; ആൾദൈവം 'പൂക്കി ബാബ'ക്കെതിരെ രൂക്ഷ വിമർശനവുമായി ഖുഷ്ബു പഠാണി
31/07/2025  03:54 PM IST
nila
അയാൾ പറഞ്ഞതിന്റെ അർഥം എന്താണെന്ന് ഞാൻ അയാൾക്ക് വിശദീകരിച്ചുകൊടുത്തേനെ; ആൾദൈവം പൂക്കി ബാബക്കെതിരെ രൂക്ഷ വിമർശനവുമായി ഖുഷ്ബു പഠാണി

ആൾദൈവം 'പൂക്കി ബാബ' രാജ്യദ്രോഹിയെന്ന് ബോളിവുഡ് താരം ദിഷ പഠാണിയുടെ സഹോദരിയും സൈന്യത്തിലെ മുൻ മേജറുമായ ഖുഷ്ബു പഠാണി. ലിവിങ് ടുഗതർ റിലേഷൻഷിപ്പിലേർപ്പെടുന്ന സ്ത്രീകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലുടെ അനിരുദ്ധാചാര്യ എന്നും അറിയപ്പെടുന്ന 'പൂക്കി ബാബ' മോശം പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ സൈബറിടങ്ങളിൽ ശക്തമായ വിമർശനം ഉയരുന്നതിനിടെയാണ് ഫിറ്റ്നെസ് കോച്ചും ഇൻഫ്ളുവൻസറുമായ ഖുഷ്ബു പഠാണിയും പ്രതികരണവുമായി രം​ഗത്തെത്തിയത്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്  'പൂക്കി ബാബ'ക്കെതിരെ ഖുഷ്ബു പഠാണി ആ‍ഞ്ഞടിച്ചത്. 

അനിരുദ്ധ് റാം തിവാരി എന്നയാളാണ് 'പൂക്കി ബാബ' എന്ന പേരിൽ സ്വയം പ്രഖ്യാപിത ആൾദൈവമായി കഴിയുന്നത്. ഇതിനിടെയാണ് ഇയാൾ ലിവിങ് ടുഗതർ റിലേഷൻഷിപ്പിലേർപ്പെടുന്ന സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയത്. 'പണ്ടൊക്കെ സ്ത്രീകൾ 14-ാം വയസിൽ വിവാഹിതരാകുമായിരുന്നു. ഇപ്പോൾ സ്ത്രീകൾ 25-ാം വയസിൽ വിവാഹിതരാകുന്നു. അതിനകം അവർ ഒട്ടേറെ പുരുഷന്മാരുമായും ബന്ധം പുലർത്തിയിട്ടുണ്ടാകും. 25 വയസാകുമ്പോഴേക്കും ഒരു സ്ത്രീ പൂർണവളർച്ചയെത്തിയിട്ടുണ്ടാകും. അപ്പോഴേക്കും അവളുടെ യൗവനം എവിടെയോ നഷ്ടപ്പെട്ടുപോയിട്ടുണ്ടാകും.' -ഇതാണ് അനിരുദ്ധ് റാം തിവാരി പറഞ്ഞതിന്റെ ചുരുക്കം.

 നിയന്ത്രണം വിട്ട ഖുഷ്ബു കടുത്ത വാക്കുകളാണ് അനിരുദ്ധ് റാം തിവാരിക്കെതിരെ പ്രയോഗിച്ചത്.

'അയാൾ അത് എന്റെ മുന്നിൽ വെച്ചാണ് പറഞ്ഞിരുന്നതെങ്കിൽ, അയാൾ പറഞ്ഞതിന്റെ അർഥം എന്താണെന്ന് ഞാൻ അയാൾക്ക് വിശദീകരിച്ചുകൊടുത്തേനെ. അയാൾക്ക് ഞാനത് ശരിക്കും മനസിലാക്കി കൊടുക്കുമായിരുന്നു. ഈ വൃത്തികെട്ട രാജ്യദ്രോഹികൾ... നിങ്ങളാരും ഇതുപോലുള്ളവരെ ഒരിക്കലും പിന്തുണയ്ക്കരുത്. ലിവ്-ഇൻ റിലേഷനിലുള്ള പുരുഷന്മാരെ കുറിച്ച് അയാൾ എന്താണ് ഇതേപോലെ പറയാത്തത്? സ്ത്രീ ഒറ്റയ്ക്കാണോ ലിവ്-ഇൻ റിലേഷനിൽ ഏർപ്പെടുന്നത്? ലിവ്-ഇൻ റിലേഷന് എന്താണ് കുഴപ്പം? കല്യാണം കഴിക്കുന്നതിന് മുമ്പ് ലിവിങ്-ഇൻ എന്ന വിവേകപൂർണമായ തീരുമാനമെടുക്കുകയും കുടുംബങ്ങളെ തകർക്കാതിരിക്കുകയും ചെയ്യുന്നതിൽ എന്താണ് തെറ്റ്?' -ഖുഷ്ബു രോഷത്തോടെ ചോദിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img