
ദോഹ: ഖത്തറിലെ പ്രസിദ്ധമായ 'ഖോർ അൽ ഉദൈദ്' പ്രകൃതിദത്ത റിസർവിനെ യുനെസ്കോയുടെ (UNESCO) ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർണായക നടപടികളുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (IUCN) വിദഗ്ധ സംഘവുമായി മന്ത്രാലയം ഉന്നതതല ചർച്ചകൾ നടത്തി.
ഓഗസ്റ്റ് 23 മുതൽ 26 വരെ ഖത്തർ സന്ദർശിച്ച ഐ.യു.സി.എൻ സംഘം ഖോർ അൽ ഉദൈദ് റിസർവിൽ രണ്ടുദിവസത്തെ ഫീൽഡ് സന്ദർശനം നടത്തുകയും മേഖലയിലെ സവിശേഷമായ ജൈവവൈവിധ്യവും പരിസ്ഥിതി വ്യവസ്ഥയും വിലയിരുത്തുകയും ചെയ്തു. കരയും കടലും മരുഭൂമിയും ഒത്തുചേരുന്ന അപൂർവ ഭൂപ്രകൃതിയും വന്യജീവി സമ്പത്തുമാണ് ഈ റിസർവിനെ വേറിട്ടുനിർത്തുന്നത്.
പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്ത ടൂറിസവും ഒരുപോലെ സമന്വയിപ്പിച്ച് മേഖലയുടെ തനിമ നിലനിർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ലോകോത്തര നിലവാരത്തിലുള്ള നിർദേശരേഖ യുനെസ്കോയ്ക്ക് സമർപ്പിക്കുന്നതിലൂടെ ഖത്തറിന്റെ പരിസ്ഥിതി പൈതൃകം ആഗോളതലത്തിൽ അടയാളപ്പെടുത്താനും വരുംതലമുറയ്ക്കായി ഇത് സംരക്ഷിച്ചു നിർത്താനും സാധിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.











