
തൃശൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി നവോമി (23)യുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേൽ വിൻസെന്റിന്റെ മകളായ നവോമിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതപത്രം കൈമാറി. കഴിഞ്ഞ ജൂൺ 25ന് കൊട്ടാരക്കര വാളകത്ത് കാറും പാഴ്‌സൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവോമിക്ക് ഗുരുതര പരുക്കേറ്റത്.
ജോലി ആവശ്യത്തിനായി അമ്മ ജിപ്‌സിയുടെയും സഹോദരൻ ജോയലിന്റെയും കൂടെ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് പുലർച്ചെ നാലുമണിയോടെ അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ആദ്യം കൊട്ടാരക്കര വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലും നവോമിയെ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെയാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. അപകടത്തിൽ പരുക്കേറ്റ അമ്മ ജിപ്‌സിയും സഹോദരൻ ജോയലും തൃശൂരിലെ അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്.
ഖോ-ഖോ താരമായിരുന്ന നവോമി, രജിഷ വിജയൻ നായികയായ ‘ഖോ ഖോ’ സിനിമയിലും അഭിനയിച്ചിരുന്നു. തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് സൈക്കോളജിയിൽ പി.ജി. ബിരുദം നേടിയ നവോമി, ആദ്യ ജോലിയിൽ പ്രവേശിക്കാനായി തിരുവനന്തപുരത്തേക്ക് യാത്രതിരിക്കുമ്പോഴാണ് ദാരുണ അപകടം സംഭവിച്ചത്.
അച്ഛൻ വിൻസെന്റ് ഡ്രൈവറാണ്. അമ്മ ജിപ്‌സി ജിം ട്രെയിനറാണ്. സഹോദരങ്ങൾ: എയ്ഞ്ചൽ (അധ്യാപിക, എറണാകുളം), ജോയൽ (വിദ്യാർഥി, തൃശൂർ സെന്റ് തോമസ് കോളജ്).











