
അമേരിക്ക ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയ നാശം വിതയ്ക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് ഖമനയിയുടെ യുദ്ധപ്രഖ്യാപനം. അന്യായമായ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള ഇറാൻറെ സമയമാണ് ഇനിയെന്നും ഖമനയി വ്യക്തമാക്കി.
ആണവ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു.ധീര രക്തസാക്ഷികളുടെ ചോരയിൽ പടുത്തുയർത്തിയതാണ് ഇറാൻറെ ആണവ പദ്ധതി. അത് പരിപാലിക്കുമെന്നും ഖമനയി കൂട്ടിച്ചേർത്തു. ഹോർമൂസ് കടലിടുക്ക് അടയ്ക്കാനും അമേരിക്കയുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യംവെച്ച് ആക്രമണം ആരംഭിക്കാനുമാണ് ഇറാൻ ഭരണകൂടം സൈന്യത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.
ആദ്യഘട്ടമെന്ന നിലയിൽ ബഹ്റൈനിലെ യുഎസ് നാവികസേനയ്ക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്നും അമേരിക്ക, ബ്രിട്ടിഷ്, ജർമൻ,ഫ്രഞ്ച് കപ്പലുകൾ ഹോർമൂസിലൂടെ കടത്തിവിടില്ലെന്നും ഷര്യത്മദരി പ്രഖ്യാപിച്ചു. യുഎസ് ആക്രമണത്തിൽ ഇറാനിലെ ജനങ്ങൾക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും ഫോർഡോ ഉൾപ്പടെ സുരക്ഷിതമാണെന്നും ഇറാൻ വ്യക്തമാക്കി.











