12:28am 29 October 2026
NEWS
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് ട്രംപ്
01/03/2026  05:36 AM IST
nila
 ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് ട്രംപ്

ന്യൂയോർക്ക്: ഇസ്രയേൽ–അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യൻ കൊല്ലപ്പെട്ടു” എന്നായിരുന്നു ട്രംപ് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇറാനിൽ ആക്രമണം തുടരുമെന്നും, ഇറാനിയൻ പൗരൻമാർക്ക് രാജ്യം “തിരിച്ചുപിടിക്കാനുള്ള അവസരമാണിത്” എന്നും ട്രംപ് കുറിച്ചു. 

ഖമനയിയുടെ മരണം പശ്ചിമേഷ്യയിലും ആഗോളതലത്തിലും സമാധാനം കൊണ്ടുവരുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. അമേരിക്കൻ ഇന്റലിജൻസ് സംവിധാനത്തിന് മുന്നിൽ ഇറാനിയൻ നേതൃത്വത്തിനൊന്നും ചെയ്യാനായില്ലെന്നും, ഇപ്പോൾ ഇറാനിയൻ സൈന്യം രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഇസ്രയേൽ–അമേരിക്ക ആക്രമണങ്ങളിൽ ഇറാനിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വക്താവായ മെഹറിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിലെ 24 പ്രവിശ്യകളിൽ ആക്രമണങ്ങൾ നടന്നതായും, 220-ലധികം റെഡ് ക്രസന്റ് അംഗങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഖമനയി കൊല്ലപ്പെട്ടിരിക്കാമെന്ന വാദവുമായി മുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. ഇറാനിലെ ആണവ ഗവേഷകർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായും, ഖമനയിയുടെ കൊട്ടാരം തകർത്തതായും നെതന്യാഹു വെളിപ്പെടുത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവനകൾ നടത്തിയത്. ഭരണകൂടത്തെ താഴെയിറക്കാൻ തെരുവിലിറങ്ങണമെന്ന് ഇറാൻ ജനതയോട് അദ്ദേഹം ആഹ്വാനം ചെയ്തതു.

എന്നാൽ, നെതന്യാഹുവിന്റെയും ട്രംപിന്റെയും അവകാശവാദങ്ങൾ ഇറാൻ ശക്തമായി നിഷേധിച്ചു. ഖമനയി ജീവനോടെയും സുരക്ഷിതനുമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഖമനയി ഇപ്പോഴും തിരിച്ചടികൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും, പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഉൾപ്പെടെ രാജ്യത്തെ നേതൃത്വമൊന്നും അപകടത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുക്കൾ മനഃശാസ്ത്ര യുദ്ധത്തിലേക്ക് കടന്നിരിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ഇറാൻ ജനതയോട് വിദേശകാര്യ വക്താവ് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img