05:58am 10 November 2026
NEWS
ഇസ്രയേലിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിൽ തന്റെ പിൻ​ഗാമിയെ നിർദ്ദേശിച്ച് ആയത്തുള്ള അലി ഖമയിനി
21/06/2025  07:43 PM IST
nila
ഇസ്രയേലിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിൽ തന്റെ പിൻ​ഗാമിയെ നിർദ്ദേശിച്ച് ആയത്തുള്ള അലി ഖമയിനി

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയിനി തന്റെ പിൻ​ഗാമിയുടെ പേര് നിർദ്ദേശിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേൽ തനിക്കെതിരെ വധഭീഷണി ഉയർത്തിയ പശ്ചാത്തലത്തിലാണ് ആയത്തുള്ള അലി ഖമയിനി അടുത്ത പരമോന്നത നേതാവിനായി നീക്കം ആരംഭിച്ചിരിക്കുന്നത്. മൂന്ന് പേരുകളാണ് തനിക്ക് ശേഷം പിൻ​ഗാമിയാകാൻ യോ​ഗ്യതയുള്ളതായി ഖമയിനി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ഖമയിനി ബങ്കറിൽ അഭയം തേടിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇസ്രയേൽ അല്ലെങ്കിൽ അമേരിക്ക തന്നെ വധിക്കാൻ സാധ്യതയുണ്ടെന്നും അത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ താൻ രക്തസാക്ഷിത്വം വരിക്കുന്നതായി എൺപത്തിയാറുകാരനായ ഖമീനി കരുതുന്നതായും ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ പരമോന്നതനേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സ്‌പെർട്ട്‌സിന് എത്രയും വേഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടി പൂർത്തിയാക്കാനുള്ള നിർദേശം ഖമയിനി നൽകിയതായാണ് റിപ്പോർട്ട്. ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥർക്ക് പകരം പുതിയ നിയമനങ്ങൾക്കുള്ള നടപടികളും ഖമയിനി തുടങ്ങിയിട്ടുണ്ട്. 

ഖമയിനിയുടെ രണ്ടാമത്തെ മകൻ മൊജ്താബ ഖമയിനി പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിയേക്കാമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇതിനെ തള്ളിയാണ് പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നത്. ഖമയിനി തിരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയിൽ മൊജ്താബയുടെ പേര് ഉൾപ്പെടുന്നില്ലെന്നാണ് സൂചന. സാധാരണഗതിയിൽ പുതിയ നേതാവിന്റെ തിരഞ്ഞെടുക്കൽ മാസങ്ങൾ നീളാറുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ത്വരിതവും നിയന്ത്രിതവുമായ ഒരു നേതൃത്വമാറ്റം ഉറപ്പാക്കാനാണ് ഖമയിനി ലക്ഷ്യമിടുന്നതെന്നാണ് സൂചന. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img