03:08pm 11 November 2026
NEWS
വനിതാ ആശുപത്രി സൂപ്രണ്ടിനെതിരെ കൈയ്യേറ്റം കര്‍ശന നടപടി വേണമെന്ന് കെ.ജി.എം.ഒ.എ
13/10/2025  07:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വനിതാ ആശുപത്രി സൂപ്രണ്ടിനെതിരെ കൈയ്യേറ്റം കര്‍ശന നടപടി വേണമെന്ന് കെ.ജി.എം.ഒ.എ

കൊച്ചി: പിറവം താലൂക്ക് ആശുപത്രിയിലെ വനിതയായ ആശുപത്രി സൂപ്രണ്ട് ഡോ. എം. രാജലക്ഷ്മിയെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഫവാസ് മജീദിനെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ജില്ലാ കമ്മിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയതായും  കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. ടി. സുധാകര്‍, സെക്രട്ടറി ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.  വനിതയാണെന്ന പരിഗണന പോലും ഇല്ലാതെയാണ്  ഡോ. ഫവാസ് മജീദ് ആശുപത്രി സൂപ്രണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അതിക്രമത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോ. എം. രാജലക്ഷ്മി ചികില്‍സയിലാണ്. സഹജീവനക്കാരെ അസഭ്യം പറയുന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. പുരുഷ നേഴ്‌സിംഗ് ഓഫിസറെ  അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും ഇദ്ദേഹത്തിനെതിരെ അന്വേഷണം നടക്കന്നുണ്ട് കൂടാതെ വനിതാ നേഴ്‌സിംഗ് ഓഫിസറോട് മോശമായി പെരുമാറിയതായും ഇദ്ദേഹത്തിനെതിരെ മുമ്പ് പരാതിയുണ്ടായിരുന്നു. കഴിഞ്ഞ മാസം ആശുപത്രിയിലെ സഹ ഡോക്ടറെ കൈയ്യേറ്റം ചെയ്യാനും ഇയാള്‍ ശ്രമിച്ചിരുന്നു. രോഗികളോട് പോലും ഇയാള്‍ അക്രമ സ്വഭാവം കാണിക്കാറുണ്ടെന്നും പറയുന്നു. നിലവില്‍ ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് സഹ ജീവനക്കാര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഹോസ്പിറ്റല്‍ സ്റ്റാഫ് കൗണ്‍സില്‍  യോഗം ചേര്‍ന്ന് ഡോ. ഫവാസ് മജീദിനെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img