
കെ.ജി പരമേശ്വരൻ നായരെ ഞാൻ നേരിൽ കാണുന്നത് 2004 ലാണ്. കെ ജി സാർ 'പ്രവാഹം' ദ്വൈവാരികയുടെ ചുമതലയുളള ഘട്ടമാണത്. ഞാനന്ന് പ്രവാഹത്തിൽ ചെറിയ കുറിപ്പുകൾ എഴുതി അയയ്ക്കുമായിരുന്നു. അതുകൊണ്ട് എന്നെ നേരിൽ കാണണമെന്ന് ആർവൈഎഫ് നേതാവായിരുന്ന പാങ്ങോട് സുരേഷിനോട് പറഞ്ഞതിനെ തുടർന്ന് കെജി സാറിനെ കണ്ടു. ലേഖനമെഴുതുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ പറഞ്ഞു. തുടർന്നും എന്റെ എഴുത്തിനെ ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്തു. 'കേരളശബ്ദം' വാരികയിലെ ആർ.പവിത്രൻ സാറിനെ പരിചയപ്പെടുത്തിയതും കെ.ജി സാർ ആണ്.
പുഞ്ചിരി തൂകുന്ന മുഖവുമായേ കെ.ജി.പരമേശ്വരൻ നായർ എന്ന കെ.ജി. സാറിനെ കാണാൻ കഴിയുകയുള്ളൂ. സത്യസന്ധനായ ആത്മാർത്ഥതയുള്ള മാധ്യമ പ്രവർത്തകൻ. എല്ലാവരോടും ഒരേ രീതി. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സൗമ്യമായ പെരുമാറ്റം.
കയ്യിൽ ഒരു ബാഗും മുഖത്തു കട്ടിക്കണ്ണടയും നെറ്റിയിൽ ചന്ദനക്കുറിയും എവിടെ വച്ചു കണ്ടാലും കെ.ജി. സാറിന്റെ ഭാഗമാണ്. ലളിതമായ ജീവിത രീതിയും ഉന്നതമായ ചിന്തയും ചേർന്ന വ്യക്തിത്വം.
സാധാരണക്കാർക്ക് വായിച്ചുഗ്രഹിക്കാവുന്ന എഴുത്തു രീതിയാണ് കെ.ജി. സാറിന്റേത്. എത്ര വലിയ വിഷയമായാലും അതു ശാസ്ത്രമാകട്ടെ, രാഷ്ട്രീയമാകട്ടെ, കലയാകട്ടെ അതു കെജി സാറിന്റെ തൂലികയിലൂടെ വളരുമ്പോൾ ചിന്തോദ്ദീപകമാകും എന്നതിൽ മാറ്റമില്ല.
വിദ്യാഭ്യാസത്തിനൊപ്പം നാടകപ്രവർത്തനത്തിൽ ആകൃഷ്ടനായ കെ.ജി സാർ നാടകങ്ങളിൽ അഭിനയിച്ചിട്ടണ്ട്. അന്നദ്ദേഹം അഭിനയിച്ചത് മധു സാറിനൊപ്പമാണ്. മധു സാർ പിൽക്കാലത്ത് പ്രശസ്ത സിനിമാ താരമായി. സിനിമയിലും ചെറുവേഷങ്ങൾ കിട്ടിയിരുന്നുവെങ്കിലും കെ.ജി സാർ മാധ്യമരംഗത്തേയ്ക്ക് ചുവടു മാറി.
'കേരളകൗമുദി'യിലെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ. വിജയരാഘവനുമായുള്ള പരിചയമാണ് കെ.ജി. സാറിനെ 'കേരളകൗമുദി'യിലെത്തിച്ചത്. കേരളകൗമുദി ദിനപ്പത്രത്തിന്റെ ലേഖകനായി 35 വർഷം പ്രവർത്തിച്ച അദ്ദേഹം നിയമസഭാ സമ്മേളനങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തു. അവിടെ നിന്ന് വിരമിച്ച ശേഷവും 'കേരളകൗമുദി'യിൽ കാണാപ്പുറം എന്ന പംക്തി തയ്യാറാക്കിയിരുന്നു. പിന്നീടും സാറിന്റെ ലേഖനം ഈ പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആർ എസ് പി മുഖപത്രമായ പ്രവാഹം ദ്വൈവാരികയുടെ ചുമതല 1998 മുതൽ 2010 വരെ ആ അക്ഷരസ്‌നേഹി വഹിച്ചു. 2006 മുതൽ കേരളശബ്ദത്തിൽ കോളമസ്റ്റായി രാഷ്ട്രീയ ലേഖനങ്ങൾ എഴുതി. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പഠനാർഹമായ ലേഖനങ്ങളാണ് അദ്ദേഹത്തിന്റേത്. ദൂരദർശൻ സീരിയൽ പരിശോധിച്ച് അപ്രൂവൽ നൽകുന്ന കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും കേരള മീഡിയ അക്കാദമിയുടെയും ജേർണലിസം കോഴ്‌സുകളിൽ ഗസ്റ്റ് ലക്ചററായി ക്ലാസ്സുകൾ എടുക്കാറുണ്ട്.
പത്രപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള തിരുവനന്തപുരം സ്വദേശാഭിമാനി സ്മാരക സമിതിയുടെ പുരസ്‌കാരം, പട്ടം താണുപിള്ള സ്മാരക അവാർഡ്, കെ.സി.സെബാസ്റ്റ്യൻ പുരസ്‌കാരം, ജി.കാർത്തികേയൻ പുരസ്‌കാരം ഉൾപ്പെടെ പതിനഞ്ചാളം പുരസ്‌കാരം നേടിയിട്ടുണ്ട്.
കേരള നിയമസഭാ ചരിത്രവും ധർമ്മവും കെ.ജി സാർ രചിച്ചതാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകിച്ച ഈ പുസ്തകം നാല് പതിപ്പ് ഇറങ്ങി. നാളിതുവരെയുള്ള കെ.ജി. സാറിന്റെ ലേഖനങ്ങൾ കളക്ട് ചെയ്തു പുസ്തകമാക്കിയാൽ കേരള രാഷ്ട്രീയം മാത്രമല്ല, ശാസ്ത്രം, കല തുടങ്ങിയ അമൂല്യമായ വിവരങ്ങൾ ഭാവിതലമുറയ്ക്ക് ഉപകാരപ്പെടും.










