
കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടി കേസുമായി ബന്ധപ്പെട്ട് പിടിയിലായ കെവിൻ ബി. മാത്യു പ്രധാന ഡ്രഗ് ഡീലറാണെന്നാണ് അന്വേഷണസംഘം. കഴിഞ്ഞ വർഷം മാത്രം ഏകദേശം 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകൾ ഇയാൾ നടത്തിയതായും പൊലീസ് കണ്ടെത്തി. തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്ത് ലഹരി കടത്തിയതായും സംശയമുണ്ട്. കൊച്ചി നഗരത്തിലെ നൈറ്റ് പാർട്ടികളിൽ ലഹരി വിതരണം നിയന്ത്രിച്ചിരുന്നത് ഇയാളെന്നാണ് റിപ്പോർട്ട്.
തൊടുപുഴ സ്വദേശിയായ കെവിനെ ഡാൻസഫ് സംഘം തൃക്കാക്കരയിലെ ചെമ്പുമുക്ക് ഭാഗത്തെ താമസസ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്തു. കൂടാതെ, ലഹരി ഇടപാടിലൂടെ സമ്പാദിച്ചതെന്ന് സംശയിക്കുന്ന ഒരു ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ, കൊച്ചിയിലെ ആഡംബര പാർട്ടികൾക്ക് രാസ ലഹരി എത്തിച്ചിരുന്നത് കെവിനാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇയാളുടെ സാമ്പത്തിക ഉറവിടങ്ങളും വിദേശ ബന്ധങ്ങളും അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 29-ന് കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് ഡോക്ടർ, ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ, അഭിഭാഷകൻ എന്നിവർ ഉൾപ്പെടെ എട്ട് പേർ ലഹരിയുമായി പിടിയിലായത്. ഇവർക്കു ലഹരി എത്തിച്ചതായി കരുതുന്ന കെവിനെ 18 ദിവസങ്ങൾക്ക് ശേഷം കൊച്ചിയിൽ നിന്നുതന്നെ പിടികൂടുകയായിരുന്നു. പിടിയിലായ മറ്റ് പ്രതികൾക്ക് കൈവശമുണ്ടായിരുന്നത് ചെറിയ അളവിലുള്ള ലഹരിയായതിനാൽ സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു.










