
മുംബൈ: യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുതവധുവായ സിയയും സുഹൃത്തായ ചേതനും ചേർന്ന് പുണെയിലെ ലൊഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടാണ് കേതനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാൽ അതിന് മുമ്പ് തന്നെ ആക്രമണം നടത്താനും കൊലപാതകം ആസൂത്രണം ചെയ്യാനുമുള്ള നിരവധി മാർഗങ്ങൾ ഇരുവരും അന്വേഷിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
പുണെ റൂറൽ പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കേതനെ ആക്രമിക്കാൻ മൂന്നാമതൊരാളെ വാടകയ്‌ക്കെടുക്കുന്നതും പ്രതികൾ പരിഗണിച്ചിരുന്നു. കൈകാലുകൾ ഒടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുക, വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുക തുടങ്ങിയ വിവിധ പദ്ധതികളാണ് ഇരുവരും ചർച്ച ചെയ്തിരുന്നതെന്നാണ് വിവരം.
ലൊഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുക എന്ന തീരുമാനത്തിലെത്തുന്നതിന് മുമ്പ്, ഒരാളെ എങ്ങനെ കൊലപ്പെടുത്താമെന്നതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഇരുവരും കണ്ടതായും കുറ്റകൃത്യം നടത്തിയ ശേഷം പിടിയിലാകാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ജൂൺ 18-നാണ് 26-കാരനായ കേതൻ അഗർവാളിനെ സിയയും ചേതനും ചേർന്ന് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ആദ്യം അപകടമരണമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും വിശദമായ അന്വേഷണത്തിനൊടുവിൽ ഇത് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. അറസ്റ്റിലായ ഇരുവരും നിലവിൽ യേർവാഡ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്





 to o59309.jpg)




