06:03pm 26 June 2026
NEWS
പ്രതിശ്രുതവരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ മകൾ കുറ്റക്കാരിയെങ്കിൽ തൂക്കിക്കൊല്ലൂ എന്ന് സിയയുടെ മാതാപിതാക്കൾ
26/06/2026  10:01 AM IST
nila
പ്രതിശ്രുതവരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ മകൾ കുറ്റക്കാരിയെങ്കിൽ തൂക്കിക്കൊല്ലൂ എന്ന് സിയയുടെ മാതാപിതാക്കൾ

പുണെ: പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ സിയ ഗോയലിനെതിരെ കടുത്ത നിലപാടുമായി മാതാപിതാക്കൾ. മകൾ കുറ്റക്കാരിയാണെന്ന് കോടതിയിൽ തെളിഞ്ഞാൽ ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്നും, തൂക്കിലേറ്റേണ്ടി വന്നാലും അതിൽ എതിർപ്പില്ലെന്നും സിയയുടെ അമ്മ പ്രതികരിച്ചു. "അവൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണം. ഒരു അമ്മയായിട്ടാണ് ഞാൻ ഇത് പറയുന്നത്," സിയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

സിയയുടെ പിതാവ് പ്രവീൺ ഗോയലും സമാന പ്രതികരണമാണ് നടത്തിയത്. "തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം," അദ്ദേഹം പറഞ്ഞു. മകളുടെ അറസ്റ്റിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ച പ്രവീൺ ഗോയൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹനിശ്ചയത്തോട് സിയ ഒരിക്കലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും, പ്രതിശ്രുതവരനായ കേതൻ അഗർവാളുമായി സന്തോഷപൂർവമാണ് ഇടപെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ജൂൺ 18-ന് രാവിലെ സിയയും കാമുകനായ ചേതൻ ചൗധരിയും ഒരു കഫേയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കേതനെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തുടർന്ന് സിയ കേതനൊപ്പം മഹാരാഷ്ട്രയിലെ ലോഹഗാഡ് കോട്ടയിലെത്തുകയും, പിന്നാലെ എത്തിയ ചേതൻ കേതനെ കൊക്കയിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,300 അടി ഉയരത്തിലുള്ള ലോഹഗാഡ് കോട്ടയിൽ നടന്ന സംഭവത്തിൽ സിയയ്ക്കും ചേതനും എതിരെ കൊലപാതകത്തിന്റെയും ഗൂഢാലോചനയുടെയും കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിലായിരുന്നു സിയയും പ്രമുഖ നിർമാണ വ്യവസായി വിശാൽ അഗർവാളിന്റെ മകനായ കേതൻ അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം. നവംബറിൽ ഉദയ്പുരിൽ ആഡംബര വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനായി 17 കോടി രൂപ ചെലവിൽ കൊട്ടാരം ബുക്ക് ചെയ്യുകയും അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ സിയ ചേതനുമായി പ്രണയത്തിലായിരുന്നതിനാൽ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കേസിലെ നിർണായക തെളിവായി മാറിയത് ചേതൻ ധരിച്ചിരുന്ന ഹൂഡിയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സിയയ്ക്കും കേതനും പിന്നാലെ മുഖം ഹൂഡികൊണ്ട് മറച്ചും ഹെഡ്സെറ്റ് ധരിച്ചും ഒരാൾ നടക്കുന്നത് പൊലീസ് ശ്രദ്ധിച്ചു. ഇടയ്ക്കിടെ സിയ ഇയാളെ തിരിഞ്ഞുനോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 33 ഡിഗ്രി ചൂടിലും ഹൂഡി ധരിച്ചിരുന്ന ഈ വ്യക്തിയോടുണ്ടായ സംശയമാണ് അന്വേഷണത്തെ ചേതനിലേക്കും പിന്നീട് കൊലപാതകത്തിന്റെ ചുരുളഴിയുന്നതിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img