05:09am 22 April 2025
NEWS
എന്നാലും ന്റെ പൊന്നേ ഇതെങ്ങോട്ടാണ്
ഈ കുതിച്ചുചാട്ടം... വല്ല പിടിത്തവുമുണ്ടാ ...?

17/05/2024  09:46 AM IST
News Desk
ഇതിന് ഒരു അവസാനമില്ലേ ?
HIGHLIGHTS

കൈയ്യിൽ ഇരിക്കുന്ന കാൽപ്പവന് മൂല്യമേറുമ്പോൾ ഒരുതരി സ്വര്‍ണ്ണംപോലും ധരിച്ചുകൊണ്ട് പുറത്തിറങ്ങാൻ എല്ലാവര്‍ക്കും ഭയമാണ്. കാശിന് വേണ്ടി കാതുവരെ കടിച്ചുപറിക്കുന്നവരുടെ നാടായി കേരളം മാറിയതാണ് പ്രശ്നകാരണം. എന്നാൽ ഇതുകാരണം ആശ്വസിക്കാൻ വകയുള്ള മറ്റൊരു സംഗതിയുണ്ട്

കൊച്ചി : നിലവിലെ സ്ഥിതി തുടര്‍ന്നാൽ കേരളത്തിലെ ബി.പി.എൽ. കാര്‍ഡുടമകളൊക്കെ അധികം വൈകാതെ സമ്പന്നരുടെ പട്ടികയിലേക്ക് മാറും. കഴുത്തിലോ കാതിലോ ഒരു തരിപൊന്നുണ്ടെങ്കിൽ അതു മാത്രം മതി. എല്ലാവരും ലക്ഷപ്രഭുക്കളായി മാറാൻ അധികനാൾ വേണ്ട. ആ നിലയ്ക്കാണ് സ്വര്‍ണ്ണവില നാൾക്കുനാൾ കുതിച്ചുയരുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6785 രൂപയാണ് വില. അതായത് ഒരു പവന് രൂപ 54,280 എണ്ണി കൊടുക്കണം. ഇന്നലെ പവന് 320 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായതെങ്കിൽ ഇന്ന് അത് 560 ആയി ഉയര്‍ന്നു. സ്ഥിതി ഇങ്ങിനെ തുടര്‍ന്നാൽ എല്ലാദിവസവും ആയിരം രൂപ വെച്ച് പവന് വിലവര്‍ദ്ധിക്കുന്ന കാലം വിദൂരമല്ലെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

          ഇതരനിക്ഷേപ സമ്പാദ്യങ്ങളിലുള്ള വിശ്വാസക്കുറവും ഓഹരി, ബോണ്ട് വിപണികളിൽ നിന്നും ക്രമാതീതമായി പണം പിൻവലിക്കുന്നത് തുടരുന്നതുമാണ് ആഗോളതലത്തിൽ സ്വര്‍ണ്ണവില കുതിച്ചുയരാൻ കാരണം. അടുത്തമാസം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം വരും എന്നത് ഇന്ത്യൻ വിപണിയെ പിടിച്ചുലയ്ക്കുമ്പോൾ വര്‍ഷാന്ത്യം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ലോകം ഉറ്റുനോക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ തുടരുന്നിടത്തോളം കാലം സ്വര്‍ണ്ണവില ഇനിയും ഉയരങ്ങളിലേക്ക് കുതിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.

സാധാരണക്കാരന്റെ സാധ്യത എന്ത് ?

കൈയ്യിൽ ഇരിക്കുന്ന കാൽപ്പവന് മൂല്യമേറുമ്പോൾ ഒരുതരി സ്വര്‍ണ്ണംപോലും ധരിച്ചുകൊണ്ട് പുറത്തിറങ്ങാൻ എല്ലാവര്‍ക്കും ഭയമാണ്. കാശിന് വേണ്ടി കാതുവരെ കടിച്ചുപറിക്കുന്നവരുടെ നാടായി കേരളം മാറിയതാണ് പ്രശ്നകാരണം. എന്നാൽ ഇതുകാരണം ആശ്വസിക്കാൻ വകയുള്ള മറ്റൊരു സംഗതിയുണ്ട്.  സ്വര്‍ണ്ണപ്പണയത്തിന് ഉയര്‍ന്ന നിരക്കിൽ വായ്പ ലഭിക്കും എന്നതാണ് ഇവിടെ നേട്ടം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നേരത്തെ ഒരുഗ്രാമിന് 4000 രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 4350 രൂപ വരെ ലഭിക്കുന്നുണ്ട്. ഇതര നാഷണലൈസ്ഡ് ബാങ്കുകളിലും ഏതാണ്ട് സമാനമായ വര്‍ദ്ധനവ് വന്നിട്ടുണ്ട്. ഇനി നേരത്തേ തുച്ഛമായ തുകയ്ക്ക് സ്വര്‍ണ്ണം പണയം വെച്ചവര്‍ നിരാശപ്പെടേണ്ടതില്ല. പണയത്തിലിക്കുന്ന അതേ ഉരുപ്പടിയിൻമേൽ അധികതുക ടോപ് അപ് ആയി നൽകുന്ന സേവനം പല ബാങ്കുകളിലും ലഭ്യമാണ്. കൈയ്യിലുള്ള സ്വര്‍ണ്ണം ധരിച്ച് കള്ളനെപേടിച്ച് ജീവിക്കുന്നതിനേക്കാൾ ബാങ്കിൽ പണയം വെച്ച് (കുറഞ്ഞ നിരക്ക്) കച്ചവടം ചെയ്യുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന വ്യാപാരികൾ നിരവധിയാണ്. സ്വര്‍ണ്ണവില ഇനിയും ഉയരുമെന്നത് മുന്നിൽകണ്ട് ആഭരണങ്ങൾ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണവും കേരളത്തിൽ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആഭരണമായി വാങ്ങി പണിക്കൂലി പണിക്കുറവ് ഇനത്തിൽ നഷ്ടം വരുത്താൻ താത്പര്യമില്ലാത്തവര്‍ക്ക് ഗോൾഡ് ബോണ്ടും ഇ-ഗോൾഡും വാങ്ങാനുള്ള അവസരങ്ങളും നിരവധിയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img img