അപകടം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി
ഇക്കാര്യം സംസ്ഥാന പൊലീസ് ഇന്റലിജൻസും സ്ഥിരീകരിക്കുന്നു. അതോടെ മുഖ്യമന്ത്രിയും ലേശം പരുങ്ങലിലാണ് എന്നാണ് ലഭ്യമാകുന്ന വിവരം
തിരുവനന്തപുരം : ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി സി.പി.എം. സംസ്ഥാന സെക്രട്ടറി ആകരുത്. അതിനാദ്യം ചെയ്യേണ്ടത് അദ്ദേഹം പാര്‍ട്ടി സംസ്ഥാന സമിതിയിൽ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റിലെത്തുന്നത് തടയണം. അങ്ങിനെ വരുമ്പോൾ ശശിയുടെ ശല്യം ഒഴിവാക്കുന്നതിനൊപ്പം മുഖ്യന്റെ തേരോട്ടം തടയാം. സംസ്ഥാനസമിതിയിൽ പിടിമുറുക്കാൻ സാധിച്ചാൽ ഒരുപക്ഷേ അതിലൂടെ മുഖ്യമന്ത്രി കസേരയും ലക്ഷ്യമിടാം. സി.പി.എമ്മിലെ വിമതനീക്കവുമായി നിലമ്പൂര്‍ എം.എൽ.എ. പി.വി. അൻവറിന് പിന്നിൽ അണിചേര്‍ന്നവരുടെ ലക്ഷ്യം മേൽപ്പറഞ്ഞതാണ്.
മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ പൂര്‍ത്തീകരിക്കുന്നതിനുതകം വിധമാണ് അവര്‍ കാര്യങ്ങൾ കൊണ്ടുപോകുന്നത്. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും ആര്‍.എസ്.എസ്. ബാന്ധവുമൊക്കെ വെറും പുകമുറ. ആത്യന്തികലക്ഷ്യം ശശി തന്നെ. അതിലൂടെ പിണറായിയെ ഒതുക്കുക. ഇക്കാര്യം സംസ്ഥാന പൊലീസ് ഇന്റലിജൻസും സ്ഥിരീകരിക്കുന്നു. അതോടെ മുഖ്യമന്ത്രിയും ലേശം പരുങ്ങലിലാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇവിടെ മുഖ്യന് രക്ഷ ഒന്നുമാത്രം. വിമതനീക്കങ്ങളെ മറികടക്കാൻ നേതാക്കൻമാരെ ചാക്കിലാക്കുക. അതിനായി ചാക്ക് കണക്കിന് പണം ഒഴുക്കേണ്ടി വന്നേയ്ക്കും. അധികാരം ഉള്ളിടത്തോളംകാലം അക്കാര്യത്തിൽ ആരേയും ഭയക്കേണ്ടതില്ല. കാര്യങ്ങൾ കാലേക്കൂട്ടി കാണുന്ന നീക്കങ്ങളാണ് അദ്ദേഹവും നടത്തുന്നത്. എം.ആര്‍. അജിത്കുമാറിനെ കൈവിട്ടാലും കുഴപ്പമില്ല ആരോപണങ്ങളുടെ മുനയൊടിക്കണം, വിമതൻമാരുടെ ചിറകരിയണം. അതാണ് മുഖ്യന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് തിരുവനന്തപുരത്ത് നിന്നും അറിയാൻ സാധിക്കുന്നത്.
Photo Courtesy - Google