ഭംഗി പിന്നീട് അഭംഗിയായി മാറിയേക്കും

പണച്ചിലവ് അധികമാണ് എന്നതാണ് പലരേയും കോസ്മറ്റിക് ട്രീറ്റ്മെന്റിൽ നിന്നും പിന്തിരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാശ് എത്രകൂടിയാലും കുഴപ്പമില്ല, സൗന്ദര്യം വര്‍ദ്ധിച്ചേമതിയാകൂ എന്ന അവസ്ഥയിലാണ് മലയാളി
കൊച്ചി : ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് അടുത്തിടെ ഒരു പഠനം നടത്തി. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്കൂൾ കുട്ടികളിൽ അമിതവണ്ണം വര്‍ദ്ധിക്കുന്നതായാണ് പഠനത്തിൽ തെളിഞ്ഞത്. ജീവിതചര്യയിൽ വന്ന മാറ്റവും വികലമായ വ്യായാമക്രമവും കൊണ്ടാണ് ഇത്തരമൊരു അവസ്ഥ സംജാതമായതത്രേ. ആകെയുള്ള ചികിത്സാചിലവിന്റെ പത്ത് ശതമാനത്തോളം അമിതവണ്ണം നിയന്ത്രിക്കാനാണത്രേ കൊച്ചിക്കാര്‍ ചിലവിടുന്നത്. ഇതിനോട് അനുബന്ധമായി കോസ്മറ്റിക് ട്രീറ്റ്മെന്റും വര്‍ദ്ധിച്ചുവരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വണ്ണം കുറയ്ക്കാനും ശരീരഭാഗങ്ങൾ പുഷ്ടിപ്പെടുത്തി ഓജസ്സും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുവാനും ധാരാളംപേര്‍ ശ്രമിക്കുന്നുണ്ട്. മുമ്പ് സിനിമാതാരങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കോസ്മറ്റിക് ട്രീറ്റ്മെന്റ് ഇപ്പോൾ ലിംഗ, പ്രായഭേദമന്യേ സാധാരണക്കാര്‍പോലും നടത്തുന്നുണ്ട്. മാറിവരുന്ന ജീവിതസാഹചര്യമാണ് ഇത് വ്യക്തമാക്കുന്നത്.
പണച്ചിലവ് അധികമാണ് എന്നതാണ് പലരേയും കോസ്മറ്റിക് ട്രീറ്റ്മെന്റിൽ നിന്നും പിന്തിരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാശ് എത്രകൂടിയാലും കുഴപ്പമില്ല, സൗന്ദര്യം വര്‍ദ്ധിച്ചേമതിയാകൂ എന്ന അവസ്ഥയിലാണ് മലയാളി. അതേസമയം, അമിതമായ കോസ്മറ്റിക് ട്രീറ്റ്മെന്റ് ഗുരുതരമായ പാര്‍ശ്വഫലങ്ങൾ വരുത്തിവെയ്ക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. ഐശ്വര്യാറായ് ഉൾപ്പെടെയുള്ള പ്രമുഖര്‍ പലരും ഇത്തരത്തിൽ കോസ്മറ്റിക് ട്രീറ്റ്മെന്റ് നടത്തിയതിന്റെ പാര്‍ശ്വഫലങ്ങൾ അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. തന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട നിലനിൽപ്പിന്റെ ഭാഗമായിട്ടാണ് ഐശ്വര്യാറായ് അത്തരമൊരു ‘സാഹസ’ത്തിന് മുതിര്‍ന്നതെങ്കിലും ഇപ്പോൾ പ്രായത്തെ മറികടക്കുന്ന ശാരീരിക അവശതകൾ അവര്‍ നേരിടുന്നതായി ചില റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും സാമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒടിയൻ എന്ന ചിത്രത്തിലെ മേക്കോവറിന്റെ ഭാഗമായി കോസ്മറ്റിക് ട്രീറ്റ്മെന്റ് നടത്തിയ ലാൽ ഇപ്പോൾ മുഖത്തെ പേശികൾ വലിഞ്ഞുതൂങ്ങിയതുകാരണം തുടര്‍ചികിത്സകൾ തേടിവരുന്നതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം മോഹൻലാൽ താടി വെച്ച് അഭിനയിക്കുന്നത് മുഖത്തെ പ്രശ്നങ്ങൾ മറയ്ക്കാനാണെന്നും പറയപ്പെടുന്നു.
എന്തൊക്കെ സംഭവിച്ചാലും ചികിത്സകളും മറുചികിത്സകളും ചെയ്യാനുള്ള കാശ് മോഹൻലാലിനും ഐശ്വര്യാറോയ്ക്കുമുണ്ട്. അതുകണ്ട് ഇറങ്ങിപുറപ്പെട്ടാൽ സാധാരണക്കാരൻ പെട്ടുപോകുമെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, കോസ്മറ്റിക് ട്രീറ്റ്മെന്റ് വളര്‍ന്നുവരുന്ന ഒരു ചികിത്സാമേഖല ആയതിനാൽ ആ രംഗത്തെ നെഗറ്റീവ് റിപ്പോര്‍ട്ടുകൾ പലതും പുറംലോകം കാണുന്നില്ലെന്ന് മാത്രം.
Photo Courtesy - Google