
കേരള പോസ്റ്റൽ സർക്കിൾ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് സംസ്ഥാനതല ഫിലാറ്റലിക് പ്രദർശനമായ 'കെരാപെക്സ് 2026' കൊച്ചി ടൗൺഹാളിൽ 2026 ജനുവരി 20 മുതൽ 23 വരെ നടക്കും. തപാൽ മുദ്രകളിലൂടെ ചരിത്രവും പൈതൃകവും അടുത്തറിയാൻ സാധിക്കുന്ന ഈ മഹത്തായ സംരംഭത്തിൻ്റെ വരും ദിവസങ്ങളിലെ ചടങ്ങുകളിലേക്ക് നിങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
ഈ പ്രദർശനത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും നിങ്ങളുടെ സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.ഉദ്ഘാടനം 2026 ജനുവരി 20 രാവിലെ 10 മണിക്ക് ടൗൺ ഹാളിൽ നടക്കും.
കൊച്ചി, ജനുവരി 20, 2026: കേരള പോസ്റ്റൽ സർക്കിളിൻ്റെ പതിനഞ്ചാമത് സംസ്ഥാനതല ഫിലാറ്റലിക് പ്രദർശനമായ 'കെരാപെക്സ് 2026' (KERAPEX 2026) കൊച്ചി ടൗൺഹാളിൽ പ്രൗഢഗംഭീരമായി തുടക്കമിടും. തപാൽ വകുപ്പ് ഡയറക്ടർ ജനറൽ ശ്രീ. ജിതേന്ദ്ര ഗുപ്ത പ്രദർശനം ഉദ്ഘാടനം ചെയ്യും.
കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ. ജെ. ടി. വെങ്കിടേശ്വരലു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുതിർന്ന തപാൽ വകുപ്പ് ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും പങ്കെടുക്കും.
ആദ്യദിനത്തിലെ പ്രധാന ആകർഷണങ്ങൾ:
പ്രത്യേക കവർ പ്രകാശനം: കൊച്ചി വാട്ടർ മെട്രോയെ ആദരിച്ചുകൊണ്ടുള്ള സ്പെഷ്യൽ പോസ്റ്റൽ കവറും, ലക്ഷദ്വീപിൻ്റെ സമുദ്ര ജൈവവൈവിധ്യം പ്രമേയമാക്കിയ പിക്ചർ പോസ്റ്റ്കാർഡും ചടങ്ങിൽ പ്രകാശനം ചെയ്യും.
കലാപ്രകടനം: കേരളത്തിൻ്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് ചടങ്ങിന് മാറ്റുകൂട്ടും.
മത്സരങ്ങൾ: ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ചിത്രരചനാ മത്സരം ഉച്ചയ്ക്ക് ശേഷം നടക്കും.
റെക്കോർഡ് പങ്കാളിത്തം: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ്വ ശേഖരങ്ങൾ ഉൾക്കൊള്ളുന്ന 504 ഫ്രെയിമുകളാണ് ഈ പ്രദർശനത്തിലുള്ളത്.








